വിമര്‍ശകര്‍ക്ക് ബാറ്റ് കൊണ്ട് മറുപടി; കോലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് കെ എല്‍ രാഹുല്‍

By Web Team  |  First Published Apr 22, 2023, 6:48 PM IST

മറുപടി ബാറ്റിംഗില്‍ കെ എല്‍ രാഹുല്‍-കെയ്‌ല്‍ മെയേഴ്‌സ് സഖ്യം മികച്ച തുടക്കമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് നല്‍കിയത്


ലഖ്‌നൗ: ഐപിഎല്‍ പതിനാറാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അര്‍ധസെഞ്ചുറി നേടിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നായകന്‍ കെ എല്‍ രാഹുലിന് റെക്കോര്‍ഡ്. ടി20 ക്രിക്കറ്റില്‍ ഇന്നിംഗ്‌സുകളുടെ എണ്ണത്തില്‍ വേഗത്തില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്തി രാഹുല്‍. 197 ഇന്നിംഗ്‌സുകളില്‍ രാഹുല്‍ റെക്കോര്‍ഡിലെത്തിയപ്പോള്‍ 212 ഇന്നിംഗ്‌സുകളില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കിയ ബാറ്റിംഗ് കിംഗ് വിരാട് കോലിയെ പിന്നിലാക്കി. 136 സ്ട്രൈക്ക് റേറ്റിലാണ് രാഹുല്‍ ഇത്രയും റണ്‍സിലെത്തിയത്. ഐപിഎല്‍ 16-ാം സീസണിലെ സ്‌ട്രൈക്ക് റേറ്റിന്‍റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നതിനിടെയാണ് രാഹുലിന്‍റെ നേട്ടം എന്നതും ശ്രദ്ധേയം. 

ട്വന്‍റി20 ക്രിക്കറ്റില്‍ 246 ഇന്നിംഗ്‌സില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കിയ ഓപ്പണര്‍ ശിഖര്‍ ധവാനാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. സുരേഷ് റെയ്‌ന(251), രോഹിത് ശര്‍മ്മ(258) എന്നിവരാണ് നാലും അ‌ഞ്ചും സ്ഥാനങ്ങളില്‍. 

Latest Videos

undefined

മത്സരത്തില്‍ ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിന് 135 റണ്‍സ് നേടി. അമ്പത് പന്തില്‍ 66 റണ്‍സ് നേടിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് പുറമെ 37 പന്തില്‍ 47 റണ്‍സ് സ്വന്തമാക്കിയ ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ മാത്രമേ ബാറ്റിംഗില്‍ തിളങ്ങിയുള്ളൂ. സാഹയുടെ സഹഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ രണ്ട് പന്തില്‍ പൂജ്യത്തിനും അഭിനവ് മനോഹര്‍ അഞ്ച് പന്തില്‍ മൂന്നിനും വിജയ് ശങ്കര്‍ 12 പന്തില്‍ പത്തിനും ഡേവിഡ് മില്ലര്‍ 12 പന്തില്‍ ആറിനും മടങ്ങിയപ്പോള്‍ രണ്ട് പന്തില്‍ രണ്ട് റണ്‍സുമായി രാഹുല്‍ തെവാത്തിയ പുറത്താവാതെ നിന്നു. ക്രുനാല്‍ പാണ്ഡ്യയും മാര്‍ക്കസ് സ്റ്റോയിനിസും രണ്ട് വീതവും നവീന്‍ ഉള്‍ ഹഖും അമിത് മിശ്രയും ഓരോ വിക്കറ്റും നേടി. 

മറുപടി ബാറ്റിംഗില്‍ ഗംഭീര തുടക്കമാണ് കെ എല്‍ രാഹുലും കെയ്‌ന്‍ മെയേഴ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് നല്‍കിയത്. രാഹുല്‍ 38 പന്തില്‍ ഫിഫ്റ്റി തികച്ചു. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 55 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

Read more: ലഖ്‌നൗവിനെതിരായ ഫിഫ്റ്റി; സഞ്ജു സാംസണിന്‍റെ റെക്കോര്‍ഡിന് ഭീഷണിയായി ഹാര്‍ദിക് പാണ്ഡ്യ

click me!