ഒരു വിക്കറ്റ് കൂടി നേടിയാല്‍ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കുന്ന താരമെന്ന നേട്ടത്തിലെത്തും യുസ്‌വേന്ദ്ര ചാഹല്‍
കൊല്‍ക്കത്ത: ഐപിഎല്‍ പതിനാറാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും ഇന്ന് മുഖാമുഖം വരികയാണ്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ അനിവാര്യ ജയത്തിനാണ് സഞ്ജുവും കൂട്ടരും ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇറങ്ങുന്നത്. അതേസമയം വിജയവഴിയിലുള്ള കെകെആറിനും ഇന്ന് ജയിച്ചേ മതിയാകൂ. മത്സരത്തിന് ഈഡനില്‍ ഇറങ്ങുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് സ്‌പിന്നര്‍ യുസ‌്‌വേന്ദ്ര ചാഹലിനെ കാത്തൊരു റെക്കോര്‍ഡുണ്ട്.
ഒരു വിക്കറ്റ് കൂടി നേടിയാല്‍ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കുന്ന താരമെന്ന നേട്ടത്തിലെത്തും യുസ്‌വേന്ദ്ര ചാഹല്‍. നിലവില്‍ 183 വിക്കറ്റുകളുമായി സിഎസ്‌കെ ഇതിഹാസം ഡ്വെയ്‌ന്‍ ബ്രാവോയ്‌ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് ചാഹല്‍. ബ്രാവോ 161 മത്സരങ്ങളില്‍ നിന്നാണ് ഇത്രയും വിക്കറ്റുകള്‍ വീഴ്‌ത്തിയതെങ്കില്‍ ചാഹലിന് 142 കളികളേ വേണ്ടിവന്നുള്ളൂ. 176 മത്സരങ്ങളില്‍ 174 വിക്കറ്റുകളുമായി സ്‌പിന്നര്‍ പീയുഷ് ചൗളയാണ് ഇരുവര്‍ക്കും പിന്നില്‍. 160 കളികളില്‍ 172 വിക്കറ്റുള്ള അമിത് മിശ്രയാണ് തൊട്ടുപിന്നില്‍. പതിനാറാം സീസണ്‍ മികച്ച പ്രകടനത്തോടെ തുടങ്ങിയ ചാഹലിന് നിലവില്‍ 11 മത്സരങ്ങളില്‍ 17 വിക്കറ്റുകളുണ്ട്.
undefined
വൈകിട്ട് ഏഴരയ്ക്ക് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരം. പന്ത്രണ്ടാം പോരിനിറങ്ങുമ്പോൾ 11 കളിയിൽ 10 പോയിന്‍റുമായി രാജസ്ഥാനും കൊൽക്കത്തയും ഒപ്പത്തിനൊപ്പമാണ്. ശേഷിക്കുന്ന മൂന്ന് കളിയും ജയിച്ചാലെ ഇരു ടീമുകള്‍ക്കും പ്ലേ ഓഫിൽ എത്താനാവൂ. ഇന്ന് തോൽക്കുന്നവരുടെ ഭാവി പ്രതിസന്ധിയിലാവും. മറ്റ് ടീമുകളുടെ പ്രകടനത്തെക്കൂടി ആശ്രയിച്ചായിരിക്കും ശേഷിക്കുന്ന സാധ്യത. ഇതൊഴിവാക്കുകയാണ് ഇരു ടീമുകളുടേയും ലക്ഷ്യം. ഐപിഎല്‍ 2023ല്‍ മികച്ച തുടക്കം നേടിയ രാജസ്ഥാന്‍ റോയല്‍സ് പിന്നീട് തോല്‍വികളുമായി പ്രതിരോധത്തിലാവുകയായിരുന്നു.
Read more: തിരിച്ചുവരവിന് ഇനി അവസരമില്ല; ജീവന്‍മരണപ്പോരില്‍ സഞ്ജുവിന്‍റെ രാജസ്ഥാന്‍ ഇന്ന് കൊല്‍ക്കത്തക്കെതിരെ