മറുപടി ബാറ്റിംഗില്‍ ജേസന്‍ റോയിയും വെങ്കടേഷ് അയ്യരും കൊല്‍ക്കത്തയ്‌ക്ക് മികച്ച തുടക്കം നല്‍കിയതാണ്
കൊല്‍ക്കത്ത: ഐപിഎല്‍ പതിനാറാം സീസണില്‍ പ്ലേ ഓഫിലെത്തുന്ന മൂന്നാം ടീമായി ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ്. കൊല്‍ക്കത്ത നൈറ്റ് റൈസേഴ്‌സിനെ ഒരു റണ്‍സിന് തോല്‍പിച്ചാണ് ലഖ്‌നൗവിന്‍റെ മുന്നേറ്റം. 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കെകെആര്‍ ഗംഭീര തുടക്കത്തിന് ശേഷം പതറിയപ്പോള്‍ റിങ്കു സിംഗിന്‍റെ അവസാന ഓവറുകളിലെ വെടിക്കെട്ട് ടീമിനെ അനിവാര്യമായ ജയത്തിലേക്ക് നയിച്ചില്ല. ഇതോടെ ലഖ്‌നൗ അവിശ്വസനീയമായി പ്ലേ ഓഫ് ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു. സ്കോര്‍: ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ്- 176/8 (20), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- 175/7 (20). ഒരിക്കല്‍ കൂടി തന്‍റെ പ്രതിഭ അടിവരയിട്ട് കാണിച്ച റിങ്കു സിംഗ് 33 പന്തില്‍ ആറ് ഫോറും 4 സിക്‌സുമായി 67* റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
നിരാശയിലും താരം റിങ്കു
undefined
മറുപടി ബാറ്റിംഗില്‍ ജേസന്‍ റോയിയും വെങ്കടേഷ് അയ്യരും കൊല്‍ക്കത്തയ്‌ക്ക് മികച്ച തുടക്കം നല്‍കി. ആദ്യ വിക്കറ്റില്‍ 5.5 ഓവറില്‍ 61 റണ്‍സ് പിറന്നു. വെങ്കടേഷ് 15 പന്തില്‍ 24 ഉം, റോയി 28 ബോളില്‍ 45 ഉം റണ്‍സെടുത്തു. നായകന്‍ നിതീഷ് റാണയ്‌ക്ക്(10 പന്തില്‍ 8) തിളങ്ങാനായില്ല. റഹ്‌മാനുള്ള ഗുര്‍ബാസും റിങ്കു സിംഗും ചേര്‍ന്ന് 13-ാം ഓവറില്‍ ടീമിനെ 100 കടത്തി. പിന്നാലെ റഹ്‌മാനുള്ളയെ(15 പന്തില്‍ 10) യഷ് താക്കൂര്‍ പറഞ്ഞയച്ചു. അവസാന മൂന്നോവറില്‍ കെകെആറിന് ജയിക്കാന്‍ 51 വേണമെന്നായി. പിന്നാലെ ഷര്‍ദ്ദുലിനെ(7 പന്തില്‍ 3) യഷ് മടക്കി. 2 പന്തില്‍ ഒരു റണ്ണെടുത്ത സുനില്‍ നരെയ്‌ന്‍ റണ്ണൗട്ടായി. ഇതിന് ശേഷം 19-ാം ഓവറില്‍ നവീന്‍ ഉള്‍ ഹഖിനെ 20 റണ്ണടിച്ച് റിങ്കു സിംഗ് മത്സരം ആവേശമാക്കി. എന്നാല്‍ അവസാന രണ്ട് പന്തില്‍ വേണ്ടിയിരുന്ന രണ്ട് സിക്‌സര്‍ നേടാന്‍ റിങ്കു സിംഗിനായില്ല. റിങ്കുവിന്‍റെ ഷോട്ട് ഓരോ ഫോറിലും സിക്‌സിലും അവസാനിച്ചു. ലഖ്‌നൗവിനായി രവി ബിഷ്‌ണോയിയും യഷ് താക്കൂറും രണ്ട് വീതവും ക്രുനാല്‍ പാണ്ഡ്യയും കെ ഗൗതവും ഓരോ വിക്കറ്റും നേടി.
ക്രഡിറ്റ് പുരാന്
നേരത്തെ, ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ എല്‍എസ്‌ജി 20 ഓവറില്‍ 8 വിക്കറ്റിന് 176 റണ്‍സെടുക്കുകയായിരുന്നു. നിക്കോളാസ് പുരാന്‍റെ അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിംഗാണ് ലഖ്‌നൗവിനെ രക്ഷിച്ചത്. നേരിട്ട 28-ാം പന്തില്‍ സിക്‌സോടെ അര്‍ധസെഞ്ചുറി തികച്ച പുരാന്‍ 30 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സറും സഹിതം 58 റണ്‍സെടുത്ത് മടങ്ങി. കരണ്‍ ശര്‍മ്മ(5 പന്തില്‍ 3), ക്വിന്‍റണ്‍ ഡികോക്ക്(27 പന്തില്‍ 28), പ്രേരക് മങ്കാദ്(20 പന്തില്‍ 26), മാര്‍ക്കസ് സ്റ്റോയിനിസ്(2 പന്തില്‍ 0), ക്രുനാല്‍ പാണ്ഡ്യ(8 പന്തില്‍ 9), ആയുഷ് ബദോനി(21 പന്തില്‍ 25), രവി ബിഷ്ണോയി(2 പന്തില്‍ 2), കൃഷ്‌ണപ്പ ഗൗതം(4 പന്തില്‍ 11*), നവീന്‍ ഉള്‍ ഹഖ്(3 പന്തില്‍ 2*) എന്നിങ്ങനെയായിരുന്നു ലഖ്‌നൗവിലെ മറ്റ് ബാറ്റര്‍മാരുടെ സ്കോറുകള്‍. കെകെആറിനായി വൈഭവ് അറോറയും ഷര്‍ദ്ദുല്‍ താക്കൂറും സുനില്‍ നരെയ്‌നും രണ്ട് വീതവും ഹര്‍ഷിത് റാണയും വരുണ്‍ ചക്രവര്‍ത്തിയും ഓരോ വിക്കറ്റും നേടി.