തിരിച്ചുവരവ്; ജസ്‌പ്രീത് ബുമ്രക്ക് നിര്‍ണായക ഉപദേശവുമായി ഇയാന്‍ ബിഷപ്പ്

By Web Team  |  First Published Apr 14, 2023, 12:33 PM IST

ബുമ്രയെ പോലൊരു ലോകോത്തര ബൗളര്‍ക്ക് മടങ്ങിവരവിന് മുമ്പ് മുന്നറിയിപ്പ് നല്‍കി വെസ്റ്റ് ഇന്‍ഡീസ് മുന്‍ പേസര്‍ ഇയാന്‍ ബിഷപ്പ്


മുംബൈ: വിട്ടുമാറാത്ത പരിക്ക് ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയെ അലട്ടാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെ ചികില്‍സകളൊന്നും ഫലം കാണാതിരുന്ന താരം പിന്നീട് ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കി വിശ്രമിക്കുകയാണ്. ബുമ്രക്ക് എപ്പോള്‍ മത്സര ക്രിക്കറ്റിലേക്ക് തിരിച്ചുവരാനാകും എന്ന് വ്യക്തമല്ലെങ്കിലും ബുമ്രയെ പോലൊരു ലോകോത്തര ബൗളര്‍ക്ക് മടങ്ങിവരവിന് മുമ്പൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് മുന്‍ പേസര്‍ ഇയാന്‍ ബിഷപ്പ്. 

'ജസ്‌പ്രീത് ബുമ്രയെ പോലെ നല്ല പേസില്‍ പന്തെറിയുന്ന പേസര്‍മാരെല്ലാം അവരുടെ വര്‍ക്ക് ലോഡ് ക്രമീകരിക്കേണ്ടതുണ്ട്. ജോലി ഭാരം കുറയ്‌ക്കാന്‍ കുറുക്കുവഴികളൊന്നും ഇല്ല. അത് താരങ്ങളും അവരോട് ചേര്‍ന്ന് നില്‍ക്കുന്ന ക്രിക്കറ്റ് ഭരണാധികാരികളും തീരുമാനിക്കേണ്ട കാര്യമാണ്. എന്നാലും ഒരു കാര്യം ഞാന്‍ പറയാം. ബുമ്രയെ പോലുള്ള താരങ്ങളെ എല്ലാ ടൂര്‍ണമെന്‍റിലും കളിപ്പിക്കാന്‍ പാടില്ല. ബൗളിംഗ് ആക്ഷന്‍ മാറ്റുക പ്രയാസകരമാണ്. ജസ്‌പ്രീത് ബുമ്ര തന്‍റെ വഴി കണ്ടെത്തണം. ആക്ഷന്‍ മാറ്റുന്നതിനെ കുറിച്ച് ചിന്തിക്കാനാകുമെന്ന് തോന്നുന്നില്ല. ഞാന്‍ അതിന് പരിശ്രമിച്ച് പരാജയപ്പെട്ടയാളാണ്. ബുമ്രക്ക് 21ഓ 22ഓ അല്ല പ്രായം. എന്താണോ ഇതുവരെ ആയിരിക്കുന്നത്, ശരീരം അതുപോലെ തന്നെ തുടരും. വലിയ മാറ്റമുണ്ടാക്കും കഠിനമാണ്. എന്തായാലും ബുമ്രയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു. അദേഹം പന്തെറിയുന്നത് കാണാന്‍ ഇഷ്‌ടപ്പെടുന്നു' എന്നും ഇയാന്‍ ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.  

Latest Videos

undefined

കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ മത്സരങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്ന ജസ്‌പ്രീത് ബുമ്ര ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ ഏകദിന ലോകകപ്പിന് മുമ്പ് പൂര്‍ണ ഫിറ്റ്‌നസ് കൈവരിക്കും എന്നാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്‍റിന്‍റെ പ്രതീക്ഷ. ഐപിഎല്‍ പതിനാറാം സീസണിന് പിന്നാലെ ഇംഗ്ലണ്ടിലെ ഓവലില്‍ ഓസ്‌ട്രേലിയക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ഏഷ്യാ കപ്പ് 2023 ഉം ജസ്‌പ്രീത് ബുമ്രക്ക് നഷ്‌ടമാകും എന്ന് ഉറപ്പായിട്ടുണ്ട്. ന്യൂസിലന്‍ഡില്‍ വച്ച് ശസ്‌ത്രക്രിയക്ക് വിധേയനായ ബുമ്ര വിശ്രമത്തിന് ശേഷം ദേശീയ ക്രിക്കറ്റ് അക്കാഡമിയിലായിരിക്കും തുടര്‍ ചികില്‍സകളും പരിശീലനവും നടത്തുക. 

Read more: ഓപ്പണിംഗ് സ്ഥാനത്തേക്ക് ത്രിമൂര്‍ത്തികളുടെ പോരാട്ടം, തലപുകഞ്ഞ് കെകെആര്‍; സാധ്യതാ ഇലവന്‍

click me!