കഴിഞ്ഞ മത്സരത്തില്‍ റുതുരാജ് ബാറ്റ് കൊണ്ട് തിളങ്ങിയപ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ 12 റണ്‍സിന് സിഎസ്‍കെ തോല്‍പിച്ചിരുന്നു
ചെന്നൈ: 'മിസ്റ്റര്‍ ഐപിഎല്‍' സുരേഷ് റെയ്‌ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഇതിഹാസ ബാറ്റര്‍മാരില്‍ ഒരാളാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ കുപ്പായത്തില്‍ സ്ഥിരതയോടെ കളിച്ചിട്ടുള്ള റെയ്‌നയെ പോലെയാവാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിഎസ്‌കെ യുവതാരം റുതുരാജ് ഗെയ്‌ക്‌വാദ്. ഐപിഎല്‍ കരിയറില്‍ 200 ഇന്നിംഗ്‌സുകളില്‍ 32.52 ശരാശരിയിലും 136.73 സ്ട്രൈക്ക് റേറ്റിലും ഒരു സെഞ്ചുറിയും 39 അര്‍ധസെഞ്ചുറികളോടെയും 5528 റണ്‍സുണ്ട് റെയ്‌നയ്‌ക്ക്.
സുരേഷ് റെയ‌്നയാണ് എനിക്ക് പ്രചോദനം. അദേഹത്തെ പോലെ സ്ഥിരതയുള്ള താരമായി തനിക്ക് മാറണം എന്നുമാണ് ജിയോ സിനിമയോട് റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ പ്രതികരണം. ഐപിഎല്‍ പതിനാറാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ആദ്യ രണ്ട് കളികളിലും റുതുരാജ് അര്‍ധ സെഞ്ചുറി നേടിയിരുന്നു. സീസണിലെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 50 പന്തില്‍ നാല് ഫോറും 9 സിക്‌സുകളോടെയും 92 റണ്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ 31 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും സഹിതം 57 റണ്‍സും റുതുരാജ് ഗെയ്‌ക്‌വാദ് അടിച്ചുകൂട്ടിയിരുന്നു.
കഴിഞ്ഞ മത്സരത്തില്‍ റുതുരാജ് ബാറ്റ് കൊണ്ട് തിളങ്ങിയപ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ 12 റണ്‍സിന് സിഎസ്‍കെ തോല്‍പിച്ചു. 218 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലഖ്‌നൗവിന് 20 ഓവറില്‍ 7 വിക്കറ്റിന് 205 റണ്‍സെടുക്കാനേയായുള്ളൂ. നാല് ഓവറില്‍ 26 റണ്‍സിന് 4 വിക്കറ്റുമായി സ്‍പിന്‍ ഓള്‍റൗണ്ടര്‍ മൊയീന്‍ അലിയാണ് ചെന്നൈയുടെ ജയത്തില്‍ നിർണായകമായത്. തുഷാർ ദേശ്‍പാണ്ഡെ രണ്ടും മിച്ചല്‍ സാന്‍റ്നർ ഒന്നും വിക്കറ്റ് നേടി. നേരത്തെ ഒന്നാം വിക്കറ്റില്‍ 9.1 ഓവറില്‍ 110 റണ്‍സ് നേടിയ റുതുരാജ് ഗെയ്‌ക്‌വാദും ദേവോണ്‍ കോണ്‍വേയും ചേര്‍ന്നാണ് ചെന്നൈക്ക് 217 എന്ന വമ്പന്‍ ടോട്ടലിന് അടിത്തറയിട്ടത്.
തലയെടുപ്പോടെ 'തല'പ്പട; ലഖ്‌നൗവിനെ ചെപ്പോക്കില്‍ ചാരമാക്കി, സിഎസ്‌കെയ്‌ക്ക് ത്രില്ലർ ജയം