മിന്നല്‍ ഗില്‍, സെഞ്ചുറി! ഭുവിക്ക് അഞ്ച് വിക്കറ്റ്, അവസാന ഓവറില്‍ വിക്കറ്റ് മഴ; ഗുജറാത്തിന് 188

By Web Team  |  First Published May 15, 2023, 9:21 PM IST

ഭുവനേശ്വര്‍ കുമാറിന് മുന്നില്‍ ആദ്യ ഓവറില്‍ വിക്കറ്റ് വീഴ്‌ച്ചയോടെയായിരുന്നു ഗുജറാത്ത് ടൈറ്റന്‍സിന്‍റെ തുടക്കം


അഹമ്മദാബാദ്: ഐപിഎല്ലില്‍ വീണ്ടുമൊരു ഗില്ലാട്ടം, ക്ലാസ് ഇന്നിംഗ്‌സ്! അതിനൊപ്പം ഭുവിയുടെ മാസ് ബൗളിംഗ്. പതിനാറാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സരത്തില്‍ ഇന്നിംഗ്‌സിലെ മൂന്നാം പന്തില്‍ ആദ്യ വിക്കറ്റ് വീണിട്ടും ശുഭ്‌മാന്‍ ഗില്ലിന്‍റെ സെഞ്ചുറിക്കരുത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 9 വിക്കറ്റിന് 188 റണ്‍സെടുത്തു. ഗില്ലിന്‍റെ മിന്നല്‍ സെഞ്ചുറിക്കൊപ്പം(58 പന്തില്‍ 101), സായ് സുദര്‍ശന്‍റെ(36 പന്തില്‍ 47) കൂട്ടുകെട്ട് നിര്‍ണായകമായപ്പോള്‍ അവസാന ഓവറുകളില്‍ വിക്കറ്റ് വലിച്ചെറിയാന്‍ ടൈറ്റന്‍സ് മത്സരിച്ചത് തിരിച്ചടിയായി. 20-ാം ഓവറിലെ മൂന്ന് അടക്കം ഭുവനേശ്വര്‍ കുമാറിന്‍റെ അഞ്ച് വിക്കറ്റ് നേട്ടവും ഒരു റണ്ണൗട്ടുമാണ് ഗുജറാത്ത് ടൈറ്റന്‍സിനെ 200 കടക്കാന്‍ അനുവദിക്കാതിരുന്നത്. 

ഭുവനേശ്വര്‍ കുമാറിന് മുന്നില്‍ വിക്കറ്റ് വീഴ്‌ച്ചയോടെയായിരുന്നു ഗുജറാത്ത് ടൈറ്റന്‍സിന്‍റെ തുടക്കം. ഇന്നിംഗ്‌സിലെ മൂന്നാം പന്തില്‍ ഡക്കായി വൃദ്ധിമാന്‍ സാഹ സ്ലിപ്പില്‍ അഭിഷേക് ശര്‍മ്മയുടെ കൈകളിലെത്തി. ഇതിന് ശേഷം ക്രീസിലൊന്നിച്ച ശുഭ്‌മാന്‍ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്ന് സ്ഥാപിച്ച 146 റണ്‍സിന്‍റെ കൂട്ടുകെട്ട് ടൈറ്റന്‍സിനെ ശക്തമായി മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഇരുവരും പവര്‍പ്ലേയില്‍ 65-1 എന്ന ശക്തമായ നിലയിലേക്ക് ഗുജറാത്തിനെ എത്തിച്ചു. 15-ാം ഓവറില്‍ സായിയെ പുറത്താക്കി മാര്‍ക്കോ യാന്‍സനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 36 പന്തില്‍ 6 ഫോറും ഒരു സിക്‌സും സഹിതം സായ് സുദര്‍ശന്‍ 47 റണ്‍സ് നേടി അര്‍ധസെഞ്ചുറിക്ക് അരികെയാണ് വീണത്. 

Latest Videos

undefined

നാലാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ആവേശം വിനയായി. 16-ാം ഓവറില്‍ ഭുവിയെ കട്ട് ചെയ്യാന്‍ ശ്രമിച്ച പാണ്ഡ്യ(6 പന്തില്‍ 8) ബാക്ക്‌വേഡ് പോയിന്‍റില്‍ രാഹുല്‍ ത്രിപാഠിയുടെ ക്യാച്ചില്‍ പുറത്തായി. എന്നാല്‍ തന്‍റെ ക്ലാസ് ഒരിക്കല്‍ക്കൂടി കാട്ടി 22 പന്തില്‍ ഫിഫ്റ്റി തികച്ച ഗില്‍ 56 പന്തില്‍ മൂന്നക്കത്തിലെത്തി. ഇതിനിടെ 5 പന്തില്‍ 7 റണ്‍സ് നേടിയ ഡേവിഡ് മില്ലറെ ടി നടരാജനും 3 പന്തില്‍ മൂന്ന് നേടിയ രാഹുല്‍ തെവാട്ടിയയെ ഫസല്‍ഹഖ് ഫറൂഖിയും പുറത്താക്കിയിരുന്നു. ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ മൂന്ന് വിക്കറ്റും ഒരു റണ്ണൗട്ടുമായി ഭുവനേശ്വര്‍ കുമാര്‍ താരമായി. ആദ്യ പന്തില്‍ ഗില്ലും(58 പന്തില്‍ 101), രണ്ടാം ബോളില്‍ റാഷിദ് ഖാനും(1 പന്തില്‍ 0) പുറത്തായപ്പോള്‍ മൂന്നാം ബോളില്‍ നൂര്‍ അഹമ്മദിനെ ഭുവി ത്രോയിലൂടെ ഗോള്‍ഡന്‍ ഡക്കാക്കി. അഞ്ചാം പന്തില്‍ ഷമിയേയും ഗോള്‍ഡന്‍ ഡക്കാക്കി ഭുവി അഞ്ച് വിക്കറ്റ് തികയ്‌ക്കുകയായിരുന്നു. 

Read more: ധോണിക്ക് കാര്യമായ പരിക്ക്? കാലില്‍ ഐസ്‌പാക്ക്, ഹൃദയഭേദകം കാഴ്‌ച; ആരാധകര്‍ക്ക് കണ്ണീരായി ചിത്രം

click me!