ടൈറ്റന്‍സിനെതിരായ ടൈറ്റ് ഏറ്; അഞ്ച് വിക്കറ്റ് നേട്ടവുമായി ഭുവിക്ക് ഇരട്ട റെക്കോര്‍ഡ്

By Web Team  |  First Published May 15, 2023, 9:54 PM IST

ഐപിഎല്‍ ചരിത്രത്തില്‍ രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം താരമാണ് ഭുവി


അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണിലെ പോരാട്ടത്തില്‍ കരുത്തരായ ഗുജറാത്ത് ടൈറ്റന്‍സ് 200 കടക്കാതിരുന്നതിന് ഒരു കാരണമേയുള്ളൂ. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി പേസര്‍ ഭുവനേശ്വര്‍ കുമാര്‍ തീ ഫോമിലായിരുന്നു. നാല് ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റും ഒരു റണ്ണൗട്ടും ഭുവി നേടി. ഇതില്‍ മൂന്ന് വിക്കറ്റും റണ്ണൗട്ടും ഇന്നിംഗ്‌സിലെ അവസാന ഓവറിലായിരുന്നു, അതും 2 റണ്‍സ് മാത്രം വിട്ടുകൊടുത്ത്. ഇതോടെ ഐപിഎല്ലിലെ രണ്ട് നാഴികക്കല്ലുകളാണ് ഭുവനേശ്വര്‍ കുമാറിന് സ്വന്തമായത്. ഐപിഎല്‍ ചരിത്രത്തില്‍ രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം താരമാണ് ഭുവി. ജയിംസ് ഫോക്‌നര്‍, ജയദേവ് ഉനദ്‌കട്ട് എന്നിവരാണ് മറ്റ് താരങ്ങള്‍ 

ഇതിനൊപ്പം മറ്റൊരു റെക്കോര്‍ഡ് കൂടി ഭുവി പേരിലാക്കി. ഐപിഎല്ലില്‍ ഒരു സണ്‍റൈസേഴ്‌സ് താരത്തിന്‍റെ മൂന്നാമത്തെ മികച്ച ബൗളിംഗ് പ്രകടനമാണ് ഭുവനേശ്വര്‍ കുമാര്‍ പുറത്തെടുത്തത്. 2017ല്‍ പഞ്ചാബ് കിംഗ്‌സിനെതിരെ 19 റണ്‍സിന് ഭുവി അഞ്ച് വിക്കറ്റ് നേടിയതാണ് ഒന്നാമത്. ഐപിഎല്‍ 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഉമ്രാന്‍ മാലിക് 25 റണ്‍സിന് അഞ്ച് വിക്കറ്റ് നേടിയത് തൊട്ടുപിന്നിലായി നില്‍ക്കുന്നു. അഹമ്മദാബാദില്‍ ടൈറ്റന്‍സിന്‍റെ അഞ്ച് വിക്കറ്റ് 30 റണ്‍സിന് വീഴ്‌ത്തിയ പ്രകടനവുമായി ഭുവി മൂന്നാമതും സ്ഥാനമുറപ്പിച്ചിരിക്കുന്നു. അഹമ്മദാബാദില്‍ വൃദ്ധിമാന്‍ സാഹ(3 പന്തില്‍ 0), ഹാര്‍ദിക് പാണ്ഡ്യ(6 പന്തില്‍ 8), ശുഭ്‌മാന്‍ ഗില്‍(58 പന്തില്‍ 101), റാഷിദ് ഖാന്‍(1 പന്തില്‍ 0), മുഹമ്മദ് ഷമി(1 പന്തില്‍ 0) എന്നിവരെ പുറത്താക്കിയ ഭുവി നൂര്‍ അഹമ്മദിനെ(1 പന്തില്‍ 0) റണ്ണൗട്ടാക്കുകയും ചെയ്‌തു. ഇതില്‍ ഗില്ലും റാഷിദും നൂറും ഷമിയും പുറത്തായത് ഇന്നിംഗ്‌സിലെ 20-ാം ഓവറിലാണ്. 

Latest Videos

undefined

ഭുവനേശ്വര്‍ കുമാറിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ ഫിനിഷിംഗ് പിഴച്ച ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 9 വിക്കറ്റിന് 188 റണ്‍സാണ് നേടിയത്. ഗില്ലിന്‍റെ മിന്നല്‍ സെഞ്ചുറിക്കൊപ്പം സായ് സുദര്‍ശന്‍റെ(36 പന്തില്‍ 47) ബാറ്റിംഗും ടൈറ്റന്‍സിന് നിര്‍ണായകമായി. ഇരുവരും രണ്ടാം വിക്കറ്റില്‍ 146 റണ്‍സിന്‍റെ കൂട്ടുകെട്ട് സൃഷ്‌ടിച്ചു. ആദ്യ 12 ഓവറില്‍ 131-1 എന്ന നിലയിലായിരുന്ന ടൈറ്റന്‍സിന് അവസാന 8 ഓവറില്‍ 57-8 മാത്രമേ നേടാനായുള്ളൂ. 

Read more: മിന്നല്‍ ഗില്‍, സെഞ്ചുറി! ഭുവിക്ക് അഞ്ച് വിക്കറ്റ്, അവസാന ഓവറില്‍ വിക്കറ്റ് മഴ; ഗുജറാത്തിന് 188

click me!