സ്‌കൈയും ഗ്രീനുമല്ല, മുംബൈ നിരയില്‍ ഏറ്റവും പ്രശംസ അര്‍ഹിക്കുന്നത് ഒരു യുവതാരം: ബ്രാഡ് ഹോഗ്

By Web Team  |  First Published May 27, 2023, 3:38 PM IST

ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ രണ്ടാം ക്വാളിഫയറില്‍ അടക്കം മികവ് കാട്ടിയ തിലക് വര്‍മ്മയ്‌ക്കാണ് ബ്രാഡ് ഹോഗിന്‍റെ പ്രത്യേക പ്രശംസ


അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണിലെ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ് മുംബൈ ഇന്ത്യന്‍സ് പുറത്തായിരുന്നു. ഗുജറാത്ത് മുന്നോട്ടുവെച്ച 234 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈ 18.2 ഓവറില്‍ 171 റണ്‍സില്‍ പുറത്താവുകയായിരുന്നു. എങ്കിലും മുംബൈ നിരയിലെ ഒരു യുവതാരത്തിന്‍റെ ക്വാളിഫയറിലെയും സീസണിലേയും പ്രകടത്തെ ഏറെ അഭിനന്ദിച്ചേ മതിയാകൂ എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ മുന്‍ താരം ബ്രാഡ് ഹോഗ്.

ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ രണ്ടാം ക്വാളിഫയറില്‍ അടക്കം മികവ് കാട്ടിയ തിലക് വര്‍മ്മയ്‌ക്കാണ് ബ്രാഡ് ഹോഗിന്‍റെ പ്രത്യേക പ്രശംസ. ടൈറ്റന്‍സിനെതിരെ 14 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സറുകളും സഹിതം 43 റണ്‍സ് തിലക് നേടിയിരുന്നു. 'ശുഭ്‌മാന്‍ ഗില്ലും സൂര്യകുമാര്‍ യാദവും അതിഗംഭീരമായ പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ നമ്മള്‍ പ്രത്യേകം പ്രശംസിക്കേണ്ട ഒരു താരം തിലക് വര്‍മ്മയാണ്. സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്യാനുള്ള തിലകിന്‍റെ കഴിവ് അപാരമാണ്. സമ്മര്‍ദ ഘട്ടത്തില്‍ മികച്ച ബൗളര്‍മാര്‍ക്കെതിരെ 14 പന്തില്‍ 43 റണ്‍സ് നേടുക ചില്ലറക്കാര്യമല്ല' എന്നും ബ്രാഡ് ഹോഗ് ട്വീറ്റ് ചെയ്‌തു. ഐപിഎല്‍ പതിനാറാം സീസണില്‍ 11 ഇന്നിംഗ്‌സില്‍ 42.87 ശരാശരിയിലും 164.11 സ്ട്രൈക്ക് റേറ്റിലും ഇരുപതുകാരനായ തിലക് വര്‍മ്മ 343 റണ്‍സ് പേരിലാക്കിയിരുന്നു. 

Latest Videos

undefined

മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 62 റണ്ണിന് തോല്‍പിച്ച് നിലവിലെ ചാമ്പ്യന്‍മാരായ ടൈറ്റന്‍സ് ഫൈനലിലേക്ക് പ്രവേശിച്ചു. ടൈറ്റന്‍സ് മുന്നോട്ടുവെച്ച 234 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 18.2 ഓവറില്‍ 171 റണ്‍സില്‍ എല്ലാവരും പുറത്തായി. തിലകിന് പുറമെ കാമറൂണ്‍ ഗ്രീനും(20 പന്തില്‍ 30), സൂര്യകുമാര്‍ യാദവും(38 പന്തില്‍ 61) മാത്രമേ മുംബൈക്കായി പൊരുതിയുള്ളൂ. ബാറ്റിംഗില്‍ 60 പന്തില്‍ 129 റണ്‍സുമായി ശുഭ്‌മാന്‍ ഗില്ലും ബൗളിംഗില്‍ 2.2 ഓവറില്‍ 10 റണ്‍സിന് 5 വിക്കറ്റുമായി മോഹിത് ശർമ്മയും ടൈറ്റന്‍സിന്‍റെ വിജയശില്‍പികളായി. മുഹമ്മദ് ഷമിയും റാഷിദ് ഖാനും രണ്ട് വീതവും ജോഷ്വ ലിറ്റില്‍ ഒരു വിക്കറ്റും നേടി. 

Read more: മുംബൈയുടെ മോഹമരിഞ്ഞ് മോഹിത്, 5 വിക്കറ്റ്! ഐപിഎല്ലില്‍ ചെന്നൈ-ഗുജറാത്ത് ഫൈനല്‍

click me!