മുംബൈ ഇന്ത്യന്‍സിനെ എറിഞ്ഞിട്ടു; 55 റണ്‍സ് ജയവുമായി ഗുജറാത്ത് ടൈറ്റന്‍സ് രണ്ടാമത്

By Web Team  |  First Published Apr 25, 2023, 11:22 PM IST

ഓവറിലെ അവസാന പന്തില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ മടങ്ങിയിരുന്നു


അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ എറിഞ്ഞൊതുക്കി 55 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ഗുജറാത്ത് ടൈറ്റന്‍സ് പോയിന്‍റ് പട്ടികയില്‍ രണ്ടാമത്. ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 208 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈക്ക് 20 ഓവറില്‍ 9 വിക്കറ്റിന് 152 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 40 റണ്‍സെടുത്ത നെഹാല്‍ വധേരയാണ് ടോപ് സ്കോറർ. ടൈറ്റന്‍സിനായി നൂർ അഹമ്മദ് മൂന്നും റാഷിദ് ഖാനും മോഹിത് ശർമ്മയും രണ്ടും ഹാർദിക് പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി.

തുടക്കം പാളി, മുംബൈ ജയം കൈവിട്ടു

Latest Videos

undefined

മറുപടി ബാറ്റിംഗില്‍ രണ്ടാം ഓവറിലെ അവസാന പന്തില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ മടങ്ങി. 21 പന്ത് നേരിട്ടെങ്കിലും 13 റണ്‍സ് മാത്രമാണ് മറ്റൊരു ഓപ്പണര്‍ ഇഷാന്‍ കിഷന് നേടാനായത്. കിഷനെ എട്ടാം ഓവറിലെ മൂന്നാം പന്തില്‍ റാഷിദ് ഖാന്‍ പറഞ്ഞയക്കുകയായിരുന്നു. റാഷിദിന്‍റെ ഇതേ ഓവറില്‍ ഇംപാക്‌ട് പ്ലെയറായി എത്തിയ തിലക് വര്‍മ്മ 3 പന്തില്‍ 2 റണ്ണുമായി എല്‍ബിയില്‍ മടങ്ങി. 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ കാമറൂണ്‍ ഗ്രീനും സൂര്യകുമാര്‍ യാദവും ക്രീസില്‍ നില്‍ക്കേ മുംബൈ സ്കോര്‍ 58-3. 

നൂര്‍ അഹമ്മദിന്‍റെ തൊട്ടടുത്ത ഓവറിലെ രണ്ടാം പന്തില്‍ കാമറൂണ്‍ ഗ്രീനിന്‍റെ(26 പന്തില്‍ 33) കുറ്റി തെറിച്ചു. ഇതേ ഓവറിലെ നാലാം പന്തില്‍ ടിം ഡേവിഡ്(2 പന്തില്‍ 0) അഭിനവ് മനോഹറിന്‍റെ ക്യാച്ചില്‍ മടങ്ങി. തന്‍റെ അവസാന ഓവര്‍ എറിയാനെത്തിയപ്പോള്‍ നൂര്‍, സൂര്യകുമാർ യാദവിനെ(12 പന്തില്‍ 23) റിട്ടേണ്‍ ക്യാച്ചില്‍ മടങ്ങി. ഇതിന് ശേഷം പീയുഷ് ചൗളയും(12 പന്തില്‍ 18), നെഹാല്‍ വധേരയും(12 പന്തില്‍ 40) കാമിയോ കാട്ടിയെങ്കിലും വിജയലക്ഷ്യം ഏറെ അകലെയായിരുന്നു. മോഹിതിന്‍റെ അവസാന ഓവറില്‍ അർജുന്‍ ടെന്‍ഡുല്‍ക്കറും(9 പന്തില്‍ 13) മടങ്ങി. 3* റണ്‍സുമായി ജേസന്‍ ബെഹ്‍റെന്‍ഡോർഫും അക്കൗണ്ട് തുറക്കാതെ റിലി മെരിഡിത്തും പുറത്താവാതെ നിന്നു. 

ഗുജറാത്താണേല്‍ അടിയോടടി

നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്‌ടത്തില്‍ 207 റണ്‍സെടുക്കുകയായിരുന്നു. ഡെത്ത് ഓവറുകളില്‍ വരിവരിയായി നിന്ന് മുംബൈ ബൗളര്‍മാര്‍ അടിവാങ്ങിയതാണ് ടൈറ്റന്‍സിനെ കൂറ്റന്‍ സ്കോറിലെത്തിയത്. ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍(34 പന്തില്‍ 56) ഫിഫ്റ്റി നേടിയ ശേഷം ഡെത്ത് ഓവറുകളില്‍ തകര്‍ത്തടിച്ച ഡേവിഡ് മില്ലറും(22 പന്തില്‍ 46), അഭിനവ് മനോഹറുമാണ്(21 പന്തില്‍ 42) ഗുജറാത്തിന് കരുത്തായത്. അവസാന ഓവറുകളില്‍ രാഹുല്‍ തെവാട്ടിയ(5 പന്തില്‍ 20*) വെടിക്കെട്ടും ശ്രദ്ധേയമായി. 

മുംബൈ ബൗളര്‍മാര്‍ ലൈനും ലെങ്തും മറന്നപ്പോള്‍ ഡെത്ത് ഓവറില്‍ ഗുജറാത്ത് ടൈറ്റന്‍സ് 77 റണ്‍സാണ് അടിച്ചുകൂട്ടിയത്. അവസാന ആറ് ഓവറില്‍ 94 റണ്‍സും പിറന്നു. ഐപിഎല്‍ ചരിത്രത്തില്‍ ടൈറ്റന്‍സിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇന്ന് പിറന്ന 207/6. മുംബൈക്കായി വെറ്ററന്‍ സ്‌പിന്നര്‍ പീയുഷ് ചൗള രണ്ടും അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും ജേസന്‍ ബെഹ്‌റെന്‍ഡോര്‍ഫും റിലി മെരിഡിത്തും കുമാര്‍ കാര്‍ത്തികേയയും ഓരോ വിക്കറ്റും വീഴ്‌ത്തി.

Read more: സിഎസ്‌കെ ഒന്നാമതായി പ്ലേ ഓഫിന് യോഗ്യത നേടും, ഫൈനലിലെത്തും: കണക്ക് നിരത്തി ചോപ്രയുടെ പ്രവചനം

click me!