മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഇന്നിംഗ്‌സിലെ 16-ാം ഓവറിന് ശേഷമായിരുന്നു നാടകീയ സംഭവം
അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സ്-മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയറിനിടെ മൈതാനത്തുണ്ടായ ഒരു അപ്രതീക്ഷിത മാറ്റം ഏവരേയും അമ്പരപ്പിച്ചു. ടൈറ്റന്‍സ് ഇന്നിംഗ്‌സിനിടെ വിക്കറ്റിന് പിന്നില്‍ ഇഷാന്‍ കിഷന്‍ മാറി മലയാളി വിഷ്‌ണു വിനോദ് മുംബൈ ഇന്ത്യന്‍സിന്‍റെ വിക്കറ്റ് കീപ്പറായി എത്തിയതായിരുന്നു ഇത്. ഇഷാന്‍ കിഷന് എന്താണ് സംഭവിച്ചത് എന്ന് മത്സരം തല്‍സമയം ടെലിവിഷനില്‍ കണ്ട ആരാധകര്‍ക്ക് പിടികിട്ടിയില്ല. കുറച്ച് സമയത്തിന് ശേഷമാണ് മൈതാനത്ത് നടന്നത് എന്തെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായത്.
മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഇന്നിംഗ്‌സിലെ 16-ാം ഓവറിന് ശേഷമായിരുന്നു നാടകീയ സംഭവം. ഓവറിന്‍റെ ഇടവേളയില്‍ നടക്കവേ തൊപ്പി അണിയുകയായിരുന്ന ക്രിസ് ജോര്‍ദാന്‍റെ കൈമുട്ട് ഇഷാന്‍ കിഷന്‍റെ ഇടത്തേ കണ്ണില്‍ കൊള്ളുകയായിരുന്നു. ഇതോടെ ഇഷാന്‍ കിഷന് ഡ്രസിംഗ് റൂമിലേക്ക് മടങ്ങേണ്ടിവന്നു. പിന്നാലെ പകരക്കാരന്‍ വിക്കറ്റ് കീപ്പറായി വിഷ്‌ണു വിനോദ് മൈതാനത്തേക്ക് എത്തുകയായിരുന്നു.
undefined
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തം മൈതാനത്ത് പടുകൂറ്റന്‍ സ്കോറാണ്(233-3) മുംബൈ ഇന്ത്യന്‍സിനെതിരെ അടിച്ചുകൂട്ടിയത്. സീസണിലെ മൂന്നാം സെഞ്ചുറി നേടിയ ശുഭ്‌മാന്‍ ഗില്ലാണ് ടൈറ്റന്‍സിനെ ഹിമാലയന്‍ സ്കോറിലേക്ക് നയിച്ചത്. 49 പന്തില്‍ സെഞ്ചുറി തികച്ച ഗില്‍ പുറത്താകുമ്പോള്‍ 60 ബോളില്‍ 7 ഫോറും 10 സിക്‌സറും ഉള്‍പ്പടെ 129 റണ്‍സെടുത്തിരുന്നു. വൃദ്ധിമാന്‍ സാഹ 16 പന്തില്‍ 18 റണ്ണുമായി പുറത്തായപ്പോള്‍ സായ് സുദര്‍ശന്‍ 31 പന്തില്‍ 43 റണ്‍സുമായി റിട്ടയഡ് ഔട്ടായി. പകരമെത്തിയ റാഷിദ് ഖാനും(2 പന്തില്‍ 5*), നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും(13 പന്തില്‍ 28*) പുറത്താവാതെ നിന്നു.
Read more: മധ്‌വാളൊക്കെ വരി നിന്ന് അടി വാങ്ങി; കാണാം ഗില്ലിന്‍റെ സിക്‌സര്‍ മേള- വീഡിയോ