അഹമ്മദാബാദില്‍ 29നും 49 ഡിഗ്രിക്കും ഇടയിലായിരിക്കും ഇന്ന് താപനില എന്നാണ് കാലാവസ്ഥാ സൂചന
അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണിലെ രണ്ടാം ഫൈനലിസ്റ്റുകളെ അറിയുന്ന ദിവസമാണിന്ന്. രണ്ടാം ക്വാളിഫയറില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സും അഞ്ച് തവണ കിരീടം നേടിയിട്ടുള്ള മുംബൈ ഇന്ത്യന്‍സുമാണ് മുഖാമുഖം വരുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിന് മുമ്പ് ഇരു ടീമുകള്‍ക്കും ആശ്വാസമേകുന്ന കാലാവസ്ഥാ പ്രവചനമാണ് അഹമ്മദാബാദില്‍ നിന്ന് വരുന്നത്. ഇന്നത്തെ മത്സരത്തിന് മഴ ഭീഷണിയില്ല, അതിനാല്‍ തന്നെ 20 ഓവര്‍ വീതമുള്ള മത്സരം നടക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്.
അഹമ്മദാബാദില്‍ 29നും 49 ഡിഗ്രിക്കും ഇടയിലായിരിക്കും ഇന്ന് താപനില എന്നാണ് കാലാവസ്ഥാ സൂചന. മത്സരം സ്റ്റാര്‍ സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലൂടെയും ജിയോ സിനിമയിലൂടേയും ആരാധകര്‍ക്ക് തല്‍സമയം കാണാം. ബാറ്റിംഗ് സൗഹാര്‍ദ പിച്ചായിരിക്കും അഹമ്മദാബാദിലേത് എന്നതിനാല്‍ ഉയര്‍ന്ന സ്കോര്‍ തന്നെ പ്രതീക്ഷിക്കാം. ആദ്യ ഓവറുകളില്‍ പേസര്‍മാര്‍ക്ക് സ്വിങ് ആനുകൂല്യം ലഭിക്കാനിടയുണ്ട്. ഇത് ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ മുഹമ്മദ് ഷമിക്ക് ഏറെ സന്തോഷം പകരുന്ന പിച്ച് റിപ്പോര്‍ട്ടാണ്. പവര്‍പ്ലേയ്‌ക്ക് ശേഷം സ്‌പിന്നര്‍മാര്‍ക്കായിരിക്കും നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മുന്‍തൂക്കം.
undefined
നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്‌ക്കാണ് ഗുജറാത്ത് ടൈറ്റന്‍സ്-മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയര്‍ മത്സരം ആരംഭിക്കുക. മുംബൈ കഴിഞ്ഞ മത്സരത്തിലെ വിന്നിംഗ് ഇലവനെ മാറ്റാനിടയില്ല. ലീഗ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ആദ്യ ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് തോറ്റതോടെയാണ് രണ്ടാം ഊഴത്തിന് ഇറങ്ങേണ്ടിവന്നത്. എലിമിനേറ്ററിൽ ലഖ്നൗവിനെ തകർത്താണ് മുംബൈ ഇന്ത്യന്‍സിന്‍റെ വരവ്. ഇന്ന് വിജയിക്കുന്നവര്‍ക്ക് ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സായിരിക്കും എതിരാളികള്‍. അഹമ്മദാബാദില്‍ തന്നെ 28-ാം തിയതിയാണ് ഐപിഎല്‍ 2023ന്‍റെ കലാശപ്പോര്.
Read more: ഐപിഎല്‍ ഫൈനലില്‍ ചെന്നൈയുടെ എതിരാളിയെ ഇന്നറിയാം, ക്വാളിഫയറില്‍ ഗുജറാത്ത്-മുംബൈ പോരാട്ടം