അഭിനവ്, മില്ലര്‍, തെവാട്ടിയ വെടിക്കെട്ട്; സിംപിളായി 200 കടന്ന് ഗുജറാത്ത്, മുംബൈക്ക് ജയിക്കാന്‍ 208

By Web Team  |  First Published Apr 25, 2023, 9:18 PM IST

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന് ഇന്നിംഗ്‌സിലെ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ വിക്കറ്റ് നഷ്‌ടമായിരുന്നു


അഹമ്മദാബാദ്: ഐപിഎല്ലില്‍ വെടിക്കെട്ട് ഫിനിഷിംഗില്‍ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ 208 റണ്‍സിന്‍റെ വിജയലക്ഷ്യം വച്ചുനീട്ടി ഗുജറാത്ത് ടൈറ്റന്‍സ്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്‌ടത്തില്‍ 207 റണ്‍സെടുത്തു. ശുഭ്‌മാന്‍ ഗില്‍ ഫിഫ്റ്റി നേടിയ ശേഷം തകര്‍ത്തടിച്ച ഡേവിഡ് മില്ലറും അഭിനവ് മനോഹറുമാണ് ഗുജറാത്തിന് കരുത്തായത്. അവസാന ഓവറുകളില്‍ രാഹുല്‍ തെവാട്ടിയ വെടിക്കെട്ടും ശ്രദ്ധേയമായി.  

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന് ഇന്നിംഗ്‌സിന്‍റെ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ വിക്കറ്റ് നഷ്‌ടമായി. ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയെ(7 പന്തില്‍ 4) അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിക്കറ്റിന് പിന്നില്‍ ഇഷാന്‍ കിഷന്‍റെ കൈകളിലേക്ക് പറഞ്ഞയക്കുകയായിരുന്നു. എന്നാല്‍ ഇതിന് ശേഷം പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 50-1 എന്ന നിലയിലേക്ക് ടൈറ്റന്‍സ് തിരിച്ചെത്തി. തൊട്ടടുത്ത ആദ്യ പന്തില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ(14 പന്തില്‍ 13) പറഞ്ഞയച്ച് പീയുഷ് ചൗള ബ്രേക്ക് ത്രൂ കൊണ്ടുവന്നു. ചൗളയെ സിക്‌സര്‍ പറത്താനുള്ള പാണ്ഡ്യയുടെ ശ്രമം ബൗണ്ടറിലൈനില്‍ സൂര്യകുമാര്‍ യാദവിന്‍റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. 

Latest Videos

undefined

അര്‍ധസെഞ്ചുറി നേടിയെങ്കിലും മികച്ച സ്കോറിലേക്ക് കുതിക്കാന്‍ ശുഭ്‌മാന്‍ ഗില്ലിനെ കുമാര്‍ കാര്‍ത്തികേയ അനുവദിച്ചില്ല. 34 പന്ത് നേരിട്ട ഗില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 56 റണ്‍സെടുത്ത് 12-ാം ഓവറില്‍ മടങ്ങി. വേഗം സ്കോര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ വിജയ് ശങ്കര്‍ മടങ്ങിയെങ്കിലും ടീം 100 കടന്നിരുന്നു. ടീം സ്കോര്‍ 101ല്‍ നില്‍ക്കേ 12.2 ഓവറില്‍ ചൗള രണ്ടാം വിക്കറ്റോടെ ശങ്കറിനെ(16 പന്തില്‍ 19) ടിം ഡേവിഡിന്‍റെ കൈകളില്‍ എത്തിക്കുകയാണുണ്ടായത്. ഇതിന് ശേഷമായിരുന്നു ഡേവിഡ് മില്ലര്‍-അഭിനവ് മനോഹര്‍ സഖ്യത്തിന്‍റെ വെടിക്കെട്ട്. 21 പന്തില്‍ മൂന്ന് വീതം ഫോറും സിക്‌സറുമായി 42 എടുത്ത മനോഹര്‍ 19-ാം ഓവറില്‍ മെരിഡിത്തിനെ പറത്താനുള്ള ശ്രമത്തിനിടെ ബെഹ്‌റെന്‍ഡോര്‍ഫിന്‍റെ കൈകളില്‍ കുരുങ്ങി.

ഇതിന് ശേഷം ഡേവിഡ് മില്ലറും രാഹുല്‍ തെവാട്ടിയയും ടൈറ്റന്‍സിനെ 200 കടത്തി. ബെഹ്‌റന്‍ഡോര്‍ഫിന്‍റെ അവസാന ഓവറിലെ അഞ്ചാം പന്തില്‍ മില്ലര്‍(22 പന്തില്‍ 46) മടങ്ങി. ഇന്നിംഗ്‌സ് പൂര്‍ത്തിയാകുമ്പോള്‍ റാഷിദ് ഖാനും(1 പന്തില്‍* 2), രാഹുല്‍ തെവാട്ടിയയും(5 പന്തില്‍ 20*) പുറത്താവാതെ നിന്നു. ഡെത്ത് ഓവറില്‍ ഗുജറാത്ത് ടൈറ്റന്‍സ് 77 റണ്‍സാണ് അടിച്ചുകൂട്ടിയത്. അവസാന ആറ് ഓവറില്‍ 94 റണ്‍സും പിറന്നു. ഐപിഎല്ലില്‍ ടൈറ്റന്‍സിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇന്ന് പിറന്ന 207/6. 

Read more: അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിന് വിക്കറ്റ്; തുടക്കം പാളി ഗുജറാത്ത് ടൈറ്റന്‍സ്, തിരിച്ചടിക്കുന്നു


 

click me!