ലഖ്‌നൗവിനെതിരായ ഫിഫ്റ്റി; സഞ്ജു സാംസണിന്‍റെ റെക്കോര്‍ഡിന് ഭീഷണിയായി ഹാര്‍ദിക് പാണ്ഡ്യ

By Web Team  |  First Published Apr 22, 2023, 6:10 PM IST

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 2022 മുതല്‍ ഏറ്റവും കൂടുതല്‍ 30+ സ്കോര്‍ നേടിയ ക്യാപ്റ്റന്‍മാരില്‍ മൂന്നാം സ്ഥാനത്താണ് ഹാര്‍ദിക് പാണ്ഡ്യ


ലഖ്‌നൗ: ഐപിഎല്ലില്‍ വീണ്ടുമൊരു അര്‍ധസെഞ്ചുറി കൂടി നേടിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് എതിരായ മത്സരത്തിലായിരുന്നു ഹാര്‍ദിക്കിന്‍റെ ഫിഫ്റ്റി. ഇത് വെറുമൊരു അര്‍ധസെഞ്ചുറി ആയിരുന്നില്ല. ഗുജറാത്ത് ടൈറ്റന്‍സ് ഇന്നിംഗ്‌സിന്‍റെ നട്ടെല്ലായ പ്രകടനമാണ് പാണ്ഡ്യ കാഴ്‌ചവെച്ചത്. ഫിഫ്റ്റി നേടിയതോടെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്‍റെ ഒരു റെക്കോര്‍ഡിന് അരികിലെത്തി ഹാര്‍ദിക് പാണ്ഡ്യ. 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 2022 മുതല്‍ ഏറ്റവും കൂടുതല്‍ 30+ സ്കോര്‍ നേടിയ ക്യാപ്റ്റന്‍മാരില്‍ മൂന്നാം സ്ഥാനത്തെത്തി ഹാര്‍ദിക് പാണ്ഡ്യ. 9 തവണയാണ് ഹാര്‍ദിക് മുപ്പതോ അതിലധികമോ സ്കോര്‍ കണ്ടെത്തിയത്. അതേസമയം റോയല്‍സ് നായകനായ സഞ്ജു 10 വട്ടം 30+ സ്കോര്‍ നേടി രണ്ടാമത് നില്‍ക്കുന്നു. 11 തവണ മുപ്പതിലധികം റണ്‍സ് ക്യാപിറ്റനായിരിക്കേ നേടിയ കെ എല്‍ രാഹുലാണ് ഒന്നാം സ്ഥാനത്ത്. നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ നായകനാണ് രാഹുല്‍. ഒരു 30+ സ്കോര്‍ കൂടി കണ്ടെത്തിയാല്‍ സഞ്ജുവിന്‍റെ നേട്ടത്തിനൊപ്പമെത്തും ഹാര്‍ദിക്. ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലസിസ് എട്ടും ഡ‍ല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്ത് ആറും തവണ 30+ സ്‌കോര്‍ ഐപിഎല്ലില്‍ 2022 മുതല്‍ സ്വന്തമാക്കിയിട്ടുണ്ട്.

Latest Videos

undefined

മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിന് 135 റണ്‍സാണ് നേടിയത്. 50 പന്തില്‍ 66 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യക്ക് പുറമെ 37 പന്തില്‍ 47 റണ്‍സ് സ്വന്തമാക്കിയ വൃദ്ധിമാന്‍ സാഹ മാത്രമേ ബാറ്റിംഗില്‍ തിളങ്ങിയുള്ളൂ. സാഹയുടെ സഹഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ രണ്ട് പന്തില്‍ പൂജ്യത്തിനും അഭിനവ് മനോഹര്‍ അഞ്ച് പന്തില്‍ മൂന്നിനും വിജയ് ശങ്കര്‍ 12 പന്തില്‍ പത്തിനും ഡേവിഡ് മില്ലര്‍ 12 പന്തില്‍ ആറിനും മടങ്ങിയപ്പോള്‍ രണ്ട് പന്തില്‍ രണ്ട് റണ്‍സുമായി രാഹുല്‍ തെവാത്തിയ പുറത്താവാതെ നിന്നു. ക്രുനാല്‍ പാണ്ഡ്യയും മാര്‍ക്കസ് സ്റ്റോയിനിസും രണ്ട് വീതവും നവീന്‍ ഉള്‍ ഹഖും അമിത് മിശ്രയും ഓരോ വിക്കറ്റും നേടി. 

Read more: ക്യാപ്റ്റനായാല്‍ ഇങ്ങനെ വേണം; ഹാര്‍ദിക് പാണ്ഡ്യയെ പ്രശംസിച്ച് ആരാധകര്‍

click me!