പവര്‍പ്ലേയില്‍ സിറാജ് തീയെങ്കില്‍ ഷമിയെ എന്ത് വിളിക്കണം! നാല് വിക്കറ്റോടെ പുതിയ ഉയരത്തില്‍

By Web Team  |  First Published May 2, 2023, 8:20 PM IST

ഷമി ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റുമായി കളം കയ്യടക്കിയപ്പോള്‍ ആറ് ഓവറില്‍ 28 റണ്‍സ് മാത്രമാണ് ഡല്‍ഹി ക്യാപിറ്റല്‍സിന് നേടാനായത്


അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ ഇതുവരെ പവര്‍പ്ലേയിലെ സ്റ്റാര്‍ ബൗളര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പേസര്‍ മുഹമ്മദ് സിറാജായിരുന്നു. പവര്‍പ്ലേയില്‍ വിക്കറ്റുകള്‍ കൊയ്‌തും ഡോട്ട് ബോളുകള്‍ ഉതിര്‍ത്തും സിറാജ് തീയായി. എന്നാല്‍ ഒറ്റ മത്സരം കൊണ്ട് സിറാജിനെ ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ മുഹമ്മദ് ഷമി. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ പവര്‍പ്ലേയ്‌ക്കിടെ നാല് വിക്കറ്റുകളുമായാണ് ഷമിയുടെ ആറാട്ടും നേട്ടവും. 

ഷമി ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റുമായി കളം കയ്യടക്കിയപ്പോള്‍ ആറ് ഓവറില്‍ 28 റണ്‍സ് മാത്രമാണ് ഡല്‍ഹി ക്യാപിറ്റല്‍സിന് നേടാനായത്. ഇതിനിടെ അഞ്ച് വിക്കറ്റ് നഷ്‌ടമായപ്പോള്‍ നാലും പിഴുതത് മുഹമ്മദ് ഷമിയായിരുന്നു. ഒന്നാം ഓവറിലെ ആദ്യ പന്തില്‍ ഡല്‍ഹി ഓപ്പണര്‍ ഫിലിപ് സാള്‍ട്ടിനെ മുഹമ്മദ് ഷമി ഗോള്‍ഡന്‍ ഡക്കാക്കി. ഡേവിഡ് മില്ലറിനായിരുന്നു ക്യാച്ച്. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ഡേവിഡ് വാര്‍ണറെ(2 പന്തില്‍ 2) റാഷിദ് ഖാന്‍ റണ്ണൗട്ടാക്കിയപ്പോള്‍ പിന്നീടങ്ങോട്ട് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഷമി കൊടുങ്കാറ്റാവുകയായിരുന്നു. പ്രിയം ഗാര്‍ഗുമായുള്ള ആശയക്കുഴപ്പത്തില്‍ പുറത്താവുകയായിരുന്നു വാര്‍ണര്‍.

Latest Videos

undefined

ഷമി ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിംഗ്‌സിലെ മൂന്നാം ഓവറില്‍ റൈലി റൂസ്സോയെ(6 പന്തില്‍ 8) വിക്കറ്റിന് പിന്നില്‍ വൃദ്ധിമാന്‍ സാഹയുടെ കൈകളിലെത്തിച്ചു. ഷമിയുടെ അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ മനീഷ് പാണ്ഡെ(4 പന്തില്‍ 1) സാഹയുടെ പറക്കും ക്യാച്ചില്‍ വീണു. ഇതേ ഓവറിലെ അവസാന പന്തില്‍ പ്രിയം ഗാര്‍ഗിനെ(14 പന്തില്‍ 10) സാഹയുടെ കൈകളിലെത്തിച്ച് ഷമി നാല് വിക്കറ്റ് പൂര്‍ത്തിയാക്കി. പവര്‍പ്ലേയില്‍ ഷമിയുടെ ബൗളിംഗ് പ്രകടനം 3-0-7-4. ഇതോടെ ഈ സീസണില്‍ പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളറായി ഷമി. എട്ട് വിക്കറ്റ് പേരിലുള്ള മുഹമ്മദ് സിറാജിനെ പിന്നിലാക്കിയ ഷമി തന്‍റെ വിക്കറ്റ് നേട്ടം 12ല്‍ എത്തിച്ചു.  

Read more: ഷമിക്ക് 4 വിക്കറ്റ്, പവര്‍പ്ലേയില്‍ ഡല്‍ഹി 28-5; പടുകുഴിയിലേക്ക് വീണ് വാര്‍ണറും കൂട്ടരും

click me!