ഇംപാക്‌ട് പ്ലെയര്‍ നിയമമുള്ള സാഹചര്യത്തില്‍ കരിയര്‍ നീട്ടാനാകും എന്നാണ് ബ്രാവോയുടെ വാക്കുകള്‍
അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ ഫൈനല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണിയുടെ കരിയറിലെ അവസാന മത്സരമായിരിക്കും എന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. എന്നാല്‍ ധോണി ഐപിഎല്‍ 2024ലും കളിക്കുമെന്നാണ് ദീര്‍ഘകാലം സിഎസ്‌കെയില്‍ സഹതാരവും ഇപ്പോള്‍ ടീമിന്‍റെ ബൗളിംഗ് കോച്ചുമായ വിന്‍ഡീസ് ഇതിഹാസം ഡ്വെയ്‌ന്‍ ബ്രാവോയുടെ വാക്കുകള്‍. ധോണി അടുത്ത സീസണിലും ഐപിഎല്ലിലുണ്ടാവും എന്ന് 100 ശതമാനവും ഉറപ്പാണ്. പ്രത്യേകിച്ച് ഇംപാക്‌ട് പ്ലെയര്‍ നിയമമുള്ള സാഹചര്യത്തില്‍ കരിയര്‍ നീട്ടാനാകും എന്നുമാണ് ബ്രാവോയുടെ വാക്കുകള്‍.
ഈ സീസണോടെ വിരമിക്കുമെന്ന് എം എസ് ധോണി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഐപിഎല്‍ 2024നായി ഇനിയും മാസങ്ങള്‍ അവശേഷിക്കുന്നുണ്ടല്ലോ എന്നാണ് ധോണിയുടെ പ്രതികരണം. എങ്കിലും 41 വയസ് കഴിഞ്ഞ ധോണി ഇനിയൊരു ഐപിഎല്ലില്‍ കൂടി കളിക്കാനാവുണ്ടാവില്ലെന്ന് പല ആരാധകരും വിലയിരുത്തുന്നു. ഈ സീസണില്‍ കാല്‍മുട്ടിലെ പരിക്ക് അലട്ടിയിരുന്നതിനാല്‍ വളരെ കുറച്ച് പന്തുകള്‍ മാത്രമാണ് ധോണിക്ക് കളിക്കാന്‍ സാധിച്ചത്. ഇതോടെയാണ് അടുത്ത സീസണില്‍ താരമുണ്ടാകുമോ എന്ന ആശങ്ക ആരാധകര്‍ക്കിടയില്‍ ഉടലെടുത്തത്. ഐപിഎല്‍ 2023ന്‍റെ ഫൈനല്‍ ദിനമായ ഇന്നലെ ധോണിയുടെ മത്സരം കാണാന്‍ സിഎസ്‌കെ ആരാധകര്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയിരുന്നു. മഴ കാരണം മത്സരം ഇന്നത്തേക്ക് മാറ്റിയപ്പോള്‍ ഇന്നും 'തല' ഫാന്‍സിനാല്‍ നരേന്ദ്ര മോദി സ്റ്റേഡിയം നിറയും എന്നാണ് പ്രതീക്ഷിക്കുന്നത്.
undefined
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അഞ്ചാം കിരീടത്തിലേക്ക് നയിക്കാനാണ് എം എസ് ധോണി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഇന്ന് ഇറങ്ങുക. അഞ്ചാം കിരീടം നേടിയാല്‍ ഏറ്റവും കൂടുതല്‍ ഐപിഎല്‍ നേട്ടങ്ങളില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡിന് ഒപ്പമെത്താന്‍ ധോണിക്കാവും. അതേസമയം കഴിഞ്ഞ തവണത്തെ അരങ്ങേറ്റ സീസണില്‍ ഉയര്‍ത്തിയ കപ്പ് നിലനിര്‍ത്താനാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും ഹോം മൈതാനത്ത് ഇന്ന് ഇറങ്ങുന്നത്.
Read more: മഴ ഒരുവശത്ത്; മറുവശത്ത് ധോണി ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഫാഫ് ഡുപ്ലസിസ്