സ്‌പിന്നര്‍മാരായ ക്രുനാല്‍ പാണ്ഡ്യയും കൃഷ്‌ണപ്പ ഗൗതവുമാണ് ലഖ്‌നൗവിനായി ബൗളിംഗ് തുടങ്ങിയത്
ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണിലെ എലിമിനേറ്ററില്‍ ഗ്രീന്‍-സ്കൈ വെടിക്കെട്ടിന് ശേഷം മുംബൈ ഇന്ത്യന്‍സിന് മികച്ച സ്കോര്‍ ഉറപ്പിച്ച് ഇംപാക്‌ട് പ്ലെയര്‍ നെഹാല്‍ വധേര. ചെപ്പോക്കില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് മുന്നില്‍ 183 റണ്‍സിന്‍റെ വിജയലക്ഷ്യമാണ് മുംബൈ വച്ചുനീട്ടിയിരിക്കുന്നത്. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്‌ടത്തിലാണ് 182 റണ്‍സെടുത്ത്. സൂര്യയും ഗ്രീനും മികച്ച തുടക്കത്തിന് ശേഷം മടങ്ങിയപ്പോള്‍ തിലക് വര്‍മ്മ, നെഹാല്‍ വധേര എന്നിവരുടെ ബാറ്റിംഗാണ് അവസാന ഓവറുകളില്‍ മുംബൈക്ക് രക്ഷയായത്. നായകന്‍ രോഹിത് ശര്‍മ്മ ഉള്‍പ്പടെ മറ്റാര്‍ക്കും കാര്യമായി ഒന്നും സംഭാവന ചെയ്യാനായില്ല. ലഖ്‌നൗവിനായി പേസര്‍ നവീന്‍ ഉള്‍ ഹഖ് നാലും യഷ് താക്കൂര്‍ മൂന്നും മൊഹ്‌സീന്‍ ഖാന്‍ ഒന്നും വിക്കറ്റ് സ്വന്തമാക്കി.
സ്‌പിന്നര്‍മാരായ ക്രുനാല്‍ പാണ്ഡ്യയും കൃഷ്‌ണപ്പ ഗൗതവുമാണ് ലഖ്‌നൗവിനായി ബൗളിംഗ് തുടങ്ങിയത്. ഇരുവരുടേയും ആദ്യ ഓവറുകളില്‍ മുംബൈ ഇന്ത്യന്‍സ് പ്രയാസപ്പെട്ടെങ്കിലും മൂന്നാം ഓവര്‍ മുതല്‍ രോഹിത്തും ഇഷാനും അടി തുടങ്ങി. എന്നാല്‍ ഇതോടെ ഇരുവരുടേയും വിക്കറ്റ് വീണു. ഇന്നിംഗ്‌സിലെ നാലാം ഓവറില്‍ നവീന്‍ ഉള്‍ ഹഖിന്‍റെ പന്തില്‍ രോഹിത് ശര്‍മ്മയെ(10 പന്തില്‍ 11) ആയുഷ് ബദോനി പിടികൂടിയപ്പോള്‍ തൊട്ടടുത്ത ഓവറില്‍ ഇഷാന്‍ കിഷനെ(12 പന്തില്‍ 15) യഷ് താക്കൂര്‍ വിക്കറ്റിന് പിന്നില്‍ നിക്കോളാസ് പുരാന്‍റെ കൈകളില്‍ ഭദ്രമാക്കി. എങ്കിലും ക്രീസിലെത്തിയ കാമറൂണ്‍ ഗ്രീന്‍ തകര്‍ത്തടിച്ചതോടെ പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 62-2 എന്ന ശക്തമായ നിലയിലെത്തി മുംബൈ. കാമറൂണ്‍ ഗ്രീന്‍-സൂര്യകുമാര്‍ സഖ്യം ക്രീസില്‍ നില്‍ക്കേ 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ വിക്കറ്റ് നഷ്‌ടമില്ലാതെ മുംബൈ ഇന്ത്യന്‍സിന് 97 റണ്‍സുണ്ടായിരുന്നു.
undefined
തൊട്ടടുത്ത നവീന്‍ ഉള്‍ ഹഖിന്‍റെ ഓവറില്‍ ടീം സ്കോര്‍ 100 കടന്നതും സിക്‌സര്‍ ശ്രമത്തിനിടെ ആദ്യം സൂര്യകുമാര്‍ യാദവിന്‍റെ വിക്കറ്റ് നഷ്‌ടമായി. 20 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സും നേടിയ സ്കൈയെ ഗൗതമാണ് ക്യാച്ചിലൂടെ മടക്കിയത്. ഇതേ ഓവറില്‍ ഗ്രീനിനെ(23 പന്തില്‍ 41) നവീന്‍ സ്ലോ ബോളില്‍ ബൗള്‍ഡാക്കി. എന്നാല്‍ ഇതിന് ശേഷം ടിം ഡേവിഡും തിലക് വര്‍മ്മയും ചേര്‍ന്ന് 150 കടത്തും മുമ്പേ അടുത്ത വിക്കറ്റ് വീണു. ഡേവിഡിനെ(13 പന്തില്‍ 13) ഹൈ ഫുള്‍ടോസില്‍ മടക്കുകയായിരുന്നു യഷ് താക്കൂര്‍. 18-ാം ഓവറില്‍ തിലക് വര്‍മ്മയെയും(24 പന്തില്‍ 26) പുറത്താക്കി നവീന്‍ നാല് വിക്കറ്റ് തികച്ചു. മൊഹ്‌സീന്‍ ഖാന്‍റെ 19-ാം ഓവറില്‍ ക്രിസ് ജോര്‍ദാനും(7 പന്തില്‍ 4) മടങ്ങി. ഇന്നിംഗ്‌സിലെ അവസാന പന്തില്‍ നെഹാല്‍ വധേരയെ(12 ബോളില്‍ 23) യഷ് പറഞ്ഞയച്ചു. വധേര രണ്ട് വീതം ഫോറും സിക്‌സും പറത്തി.
Read more: ഇതും കോലിക്കുള്ള മറുപടിയോ? കെ എല്‍ രാഹുലിന്‍റെ സെലിബ്രേഷന്‍ അനുകരിച്ച് നവീന്‍ ഉള്‍ ഹഖ്