ആദ്യ ജയത്തിന് മുംബൈയും ഡല്‍ഹിയും, പരിക്കും ഫോംഔട്ടും ടീമുകള്‍ക്ക് ബാധ്യത; ടോസ് വിധിയെഴുതും

By Web Team  |  First Published Apr 11, 2023, 9:23 AM IST

മൂന്നിൽ മൂന്നിലും തോറ്റ ഡൽഹിയും രണ്ട് മത്സരങ്ങളും കൈവിട്ട മുംബൈയും നേർക്കുനേർ വരുന്ന മത്സരത്തിന്‍റെ ഫലത്തിന് ഏറെ പ്രസക്തിയുണ്ട്


ദില്ലി: ഐപിഎല്ലിൽ ഇന്ന് ആദ്യ ജയം തേടി മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും ഏറ്റുമുട്ടും. വൈകിട്ട് ഏഴരയ്ക്ക് ദില്ലിയിലാണ് മത്സരം. താരങ്ങളുടെ പരിക്കും ഫോംഔട്ടും അലട്ടുന്നതിനാല്‍ കൃത്യമായ പ്ലേയിംഗ് ഇലവന്‍ കണ്ടെത്തുക ഇരു ടീമിനും വലിയ തലവേദനയാവും. 

മൂന്നിൽ മൂന്നിലും തോറ്റ ഡൽഹിയും രണ്ട് മത്സരങ്ങളും കൈവിട്ട മുംബൈയും നേർക്കുനേർ വരുന്ന മത്സരത്തിന്‍റെ ഫലത്തിന് ഏറെ പ്രസക്തിയുണ്ട്. പോയിന്‍റ് പട്ടികയിൽ ഇടം നേടാൻ രണ്ട് ടീമുകൾക്കും ജയം അനിവാര്യം. പ്രധാന താരങ്ങളുടെ അഭാവം കാരണം മികച്ച ടീമിനെ ഒരുക്കാൻ തടസമായതാണ് ആദ്യ മത്സരങ്ങളിൽ ടീമുകൾക്ക് തിരിച്ചടിയായത്. മുംബൈക്ക് പരിക്കിനൊപ്പം പ്രധാന താരങ്ങളുടെ ഫോംഔട്ടും തലവേദനയാണ്. ഫിറ്റ്നസ് പ്രശ്‌നം തുടരുന്ന ജോഫ്രാ ആർച്ചർ ഇന്നും മുംബൈ നിരയിലുണ്ടാകില്ല. 

Latest Videos

ക്യാപ്റ്റൻ രോഹിത് ശർമ്മയാകട്ടെ ഐപിഎല്ലിൽ ഒരു അർധ സെഞ്ചുറി നേടിയിട്ട് 24 മത്സരങ്ങൾ പിന്നിട്ടു. ഇരുപതിൽ താഴെയാണ് ഇതിനിടയിൽ ഹിറ്റ്മാന്‍റെ ബാറ്റിംഗ് ശരാശരി. വമ്പനടിക്കാരൻ സൂര്യകുമാർ യാദവിനും ഫോമിലെത്താനായിട്ടില്ല. ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ ബാറ്റിംഗിലും ബൗളിംഗിലും താളം കണ്ടെത്തിയിട്ടില്ല. ഇഷാൻ കിഷൻ, തിലക് വർമ്മ, ടിം ഡേവിഡ്, ട്രിസ്റ്റാൻ സ്റ്റബ്‌സ് എന്നിവർ കൂടി ചേരുന്ന ബാറ്റിംഗ് നിര കടലാസിൽ കരുത്തരാണ്. ബൗളിംഗിൽ ജേസന്‍ ബെഹ്റന്‍റോഫ്, കാമറൂൺ ഗ്രീൻ സഖ്യത്തിനൊപ്പം മലയാളി താരം സന്ദീപ് വാര്യർക്ക് ഇന്ന് അവസരം കിട്ടിയേക്കും.

ബാറ്റിംഗ് നിര താളം കണ്ടെത്താത്തതാണ് ഡൽഹിക്ക് തിരിച്ചടിയാകുന്നത്. രണ്ട് മത്സരങ്ങളിൽ 150ലെത്താൻ പോലും ടീമിനായില്ല. പരിക്കേറ്റ ഖലീൽ അഹമ്മദിന് പകരം ചേതൻ സക്കരിയക്ക് ഇന്ന് അവസരം നൽകിയേക്കും. വിവാഹത്തിനായി നാട്ടിലേക്ക് പോയത മിച്ചൽ മാർഷ് ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. മോശം ഫോമിലുള്ള പൃഥ്വി ഷായെ ഇംപാക്റ്റ് പ്ലെയറായിട്ടാകും ഇന്ന് പരിഗണിക്കുക. ക്യാപ്റ്റൻ ഡേവിഡ് വാർണർ റൺസ് കണ്ടെത്തുന്നുണ്ടെങ്കിലും സ്ട്രൈക്ക് റേറ്റ് മോശമാണ്. ദില്ലിയിൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് വിജയസാധ്യത കൂടുതലായതിനാൽ ടോസ് നേടുന്നവർ ഫീൽഡിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. ഇവിടെ 2019ന് ശേഷം നടന്ന 31 മത്സരങ്ങളിൽ 23ലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്‌ത ടീമാണ്.

Read More: അപൂര്‍വങ്ങളില്‍ അപൂര്‍വം; ആര്‍സിബിക്കെതിരായ ലഖ്‌നൗവിന്‍റെ ജയത്തിന് അങ്ങനെയൊരു പ്രത്യേകതയുണ്ട്!

click me!