ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ബൗളര്‍മാര്‍ തകര്‍ത്ത് പന്തെറിഞ്ഞതോടെ ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറില്‍ 127 റണ്‍സില്‍ ഓള്‍ഔട്ടായിരുന്നു
ദില്ലി: ഐപിഎല്ലില്‍ ദിവസങ്ങള്‍ക്ക് ശേഷമുള്ള മടങ്ങിവരവില്‍ താരമായി ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ വെറ്ററന്‍ പേസര്‍ ഇഷാന്ത് ശര്‍മ്മ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരായ മത്സരത്തില്‍ ഇരട്ട വിക്കറ്റുമായി ഇഷാന്ത് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നാല് വിക്കറ്റിന് വിജയിച്ചപ്പോള്‍ നാല് ഓവറില്‍ 19 റണ്‍സിനാണ് ഇഷാന്ത് രണ്ട് പേരെ മടക്കിയത്. കെകെആര്‍ നായകന്‍ നിതീഷ് റാണയും വെടിക്കെട്ട് താരം സുനില്‍ നരെയ്‌നുമാണ് മുപ്പത്തിനാലുകാരനായ ഇഷാന്തിന് കീഴടങ്ങിയത്.
ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ബൗളര്‍മാര്‍ തകര്‍ത്ത് പന്തെറിഞ്ഞതോടെ ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറില്‍ 127 റണ്‍സില്‍ ഓള്‍ഔട്ടായി. ഇഷാന്ത് ശര്‍മ്മയ്‌ക്ക് പുറമെ ആന്‍റിച്ച് നോര്‍ക്യയും അക്‌സര്‍ പട്ടേലും കുല്‍ദീപ് യാദവും രണ്ട് വീതവും മുകേഷ് കുമാര്‍ ഒരു വിക്കറ്റും നേടി. 39 പന്തില്‍ 43 റണ്‍സെടുത്ത ഓപ്പണര്‍ ജേസന്‍ റോയിയാണ് ടോപ് സ്കോറര്‍. മറ്റ് രണ്ട് താരങ്ങള്‍ കൂടിയേ രണ്ടക്കം കണ്ടുള്ളൂ. അവസാന ഓവറില്‍ ഹാട്രിക് സിക്‌സ് സഹിതം 31 പന്തില്‍ പുറത്താവാതെ 38* റണ്ണെടുത്ത ആന്ദ്രേ റസല്‍ മാനം കാത്തു. ലിറ്റണ്‍ ദാസ്(4), വെങ്കടേഷ് അയ്യർ(0), ക്യാപ്റ്റന്‍ നിതീഷ് റാണ(4), മന്ദീപ് സിംഗ്(12), റിങ്കു സിംഗ്(6), സുനില്‍ നരെയ്ന്‍(4), അനുകുല്‍ റോയി(0), ഉമേഷ് യാദവ്(3), വരുണ്‍ ചക്രവർത്തി(1) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്കോറുകള്‍.
undefined
മറുപടി ബാറ്റിംഗില്‍ 41 പന്തില്‍ 11 ഫോറുകളോടെ 57 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറെ മാറ്റി നിര്‍ത്തിയാല്‍ ശോകമൂകമായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ബാറ്റിംഗ്. നാല് വിക്കറ്റിന്‍റെ ജയം നേടാന്‍ 19.2 ഓവര്‍ വരെ കാത്തിരിക്കേണ്ടിവന്നു. പൃഥ്വി ഷാ 13നും മിച്ചല്‍ മാര്‍ഷ് 2നും ഫിലിപ് സാള്‍ട്ട് 5നും മനീഷ് പാണ്ഡെ 21നും അമാന്‍ ഹക്കീം ഖാന്‍ പൂജ്യത്തിനും പുറത്തായപ്പോള്‍ അക്‌സര്‍ പട്ടേല്‍ 22 പന്തില്‍ 19* ഉം ലളിത് യാദവ് 7 പന്തില്‍ 4* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. സ്‌കോര്‍: കൊല്‍ക്കത്ത- 127-10 (20 Ov), ഡല്‍ഹി- 128-6 (19.2 Ov).