സായ് ഷോ, കില്ലര്‍ മില്ലര്‍ ഫിനിഷിംഗ്; ഡല്‍ഹിയെ വീഴ്‌ത്തി ഗുജറാത്തിന് രണ്ടാം ജയം

By Web Team  |  First Published Apr 4, 2023, 11:23 PM IST

മറുപടി ബാറ്റിംഗില്‍ ഗുജറാത്തിന്‍റെ തുടക്കവും പാളി. 36 റണ്‍സിനിടെ ഇരു ഓപ്പണര്‍മാരെയും ബൗള്‍ഡാക്കി ആന്‍‌റിച്ച് നോര്‍ക്യ സീസണിലേക്ക് വരവറിയിച്ചു.


ദില്ലി: ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിന് ഗുജറാത്ത് തകര്‍ത്തുവിട്ടു. ഒരറ്റത്ത് നിലയുറപ്പിച്ച് അര്‍ധസെഞ്ചുറി നേടിയ സായ് സുദര്‍ശനും അവസാന ഓവറുകളിലെ വെടിക്കെട്ടുമായി ഡേവിഡ് മില്ലറുമാണ് നാല് വിക്കറ്റ് നഷ്‌ടത്തില്‍ 18.1 ഓവറില്‍ ഗുജറാത്തിന് ജയമൊരുക്കിയത്. സായ് 48 പന്തില്‍ 62* ഉം മില്ലര്‍ 16 പന്തില്‍ 31* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. സ്കോര്‍: ഡല്‍ഹി-162-8 (20 Ov), ഗുജറാത്ത്- 163-4 (18.1 Ov)

മറുപടി ബാറ്റിംഗില്‍ ഗുജറാത്തിന്‍റെ തുടക്കവും പാളി. 36 റണ്‍സിനിടെ ഇരു ഓപ്പണര്‍മാരെയും ബൗള്‍ഡാക്കി ആന്‍‌റിച്ച് നോര്‍ക്യ സീസണിലേക്ക് വരവറിയിച്ചു. വൃദ്ധിമാന്‍ സാഹ 7 പന്തില്‍ 14 ഉം ശുഭ്‌മാന്‍ ഗില്‍ 13 പന്തില്‍ 14 ഉം റണ്ണെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കും ബാറ്റ് പിഴച്ചു. 4 പന്തില്‍ 5 റണ്‍സെടുത്ത പാണ്ഡ്യയെ ഖലീല്‍ അഹമ്മദാണ് പറഞ്ഞയച്ചത്. സായ് സുദര്‍ശനൊപ്പം ചേര്‍ന്ന വിജയ് ശങ്കര്‍ ഗുജറാത്തിനെ മത്സരത്തിലേക്ക് കൊണ്ടുവന്നു. ടീം സ്കോര്‍ 100 കടന്നതിന് പിന്നാലെ ശങ്കറിനെ(23 പന്തില്‍ 29) മിച്ചല്‍ മാര്‍ഷ് എല്‍ബിയില്‍ കുടുക്കി. എന്നാല്‍ കൂടുതല്‍ നഷ്‌ടങ്ങളില്ലാതെ സായ് സുദര്‍ശനും ഡേവിഡ് മില്ലറും ഗുജറാത്തിനെ ജയിപ്പിച്ചു. 

Latest Videos

undefined

അക്‌സര്‍ മാനം കാത്തു

നേരത്തെ, ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റിന് 162 റണ്‍സെടുത്തു. 37 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണ് ഡല്‍ഹിയുടെ ടോപ്പര്‍. സര്‍ഫറാസ് ഖാന്‍ 30 എടുത്തപ്പോള്‍ അവസാന ഓവറുകളില്‍ 22 പന്തില്‍ 36 നേടിയ അക്‌സര്‍ പട്ടേല്‍ നിര്‍ണായകമായി. ടൈറ്റന്‍സിനായി റാഷിദ് ഖാനും മുഹമ്മദ് ഷമിയും മൂന്ന് വീതവും അല്‍സാരി ജോസഫ് രണ്ടും പേരെ പുറത്താക്കി. 

നാടകീയമായിരുന്നു അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ മത്സരത്തിന്‍റെ തുടക്കം. ആദ്യ പന്ത് വൈഡ് ആയപ്പോള്‍ വീണ്ടും ഷമി എറിഞ്ഞ ബോള്‍ ഡേവിഡ് വാര്‍ണറുടെ ബെയ്‌ല്‍സില്‍ കൊണ്ടെങ്കിലും നിലത്ത് വീണില്ല. വീണ്ടും അടുത്ത ഓവറില്‍ പന്തെടുത്തപ്പോള്‍ ഷമി, പൃഥ്വി ഷായെ(5 പന്തില്‍ 7) അല്‍സാരി ജോസഫിന്‍റെ കൈകളില്‍ എത്തിച്ചു. ഒരോവറിന്‍റെ ഇടവേളയില്‍ ഷമിയുടെ അഞ്ചാം ഓവറില്‍ മിച്ചല്‍ മാര്‍ഷും മടങ്ങി. നാല് പന്തില്‍ 4 റണ്‍സുമായി മാര്‍ഷ് ബൗള്‍ഡാവുകയായിരുന്നു. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും സര്‍ഫറാസ് ഖാനും ക്രീസില്‍ നില്‍ക്കേ പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 52-2 എന്ന നിലയിലായിരുന്നു ക്യാപിറ്റല്‍സ്. ഡല്‍ഹി ഇന്നിംഗ്‌സില്‍ അല്‍സാരി എറിഞ്ഞ 9-ാം ഓവര്‍ ഗുജറാത്തിന് നിര്‍ണായകമായി. ജീവന്‍ വീണുകിട്ടിയ അവസരങ്ങളൊന്നും കാര്യമായി മുതലാക്കാന്‍ കഴിയാതെ വന്ന വാര്‍ണര്‍ 32 പന്തില്‍ 37 എടുത്ത് ബൗള്‍ഡായി. 

തൊട്ടടുത്ത പന്തില്‍ റൈലി റൂസ്സോ ഗോള്‍ഡന്‍ ഡക്കായി. ഇതോടെ ഡല്‍ഹി കൂടുതല്‍ പ്രതിരോധത്തിലായി. സര്‍ഫറാസ് ഖാനും അഭിഷേക് പോരെലും ചേര്‍ന്ന് 100 കടത്തിയതും അടുത്ത വിക്കറ്റ് വീണു. 11 പന്തില്‍ 20 നേടിയ പോരെലിനെ റാഷിദ് ഖാന്‍ ബൗള്‍ഡാക്കുകയായിരുന്നു. 34 പന്തില്‍ 30 എടുത്ത് നില്‍ക്കേ സര്‍ഫറാസ് ഖാനെയും റാഷിദ് മടക്കിയതോടെ ഉത്തരവാദിത്തമെല്ലാം അക്‌സര്‍ പട്ടേലിന്‍റെ തലയിലാവുകയായിരുന്നു. ഇതിനിടെ അമാന്‍ ഖാനെ(8 പന്തില്‍ 8) റാഷിദ് മടക്കി. ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ ഷമി, അക്‌സറിന് മടക്ക ടിക്കറ്റ് കൊടുത്തു. 22 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പടെയാണ് അക്‌സര്‍ 36 എടുത്തത്. കുല്‍ദീപ് യാദവും(1 പന്തില്‍ 1*), ആന്‍‌റിച് നോര്‍ക്യയും(2 പന്തില്‍ 4*) പുറത്താവാതെ നിന്നു. 

ശ്രേയസ് അയ്യര്‍ ശസ്‌ത്രക്രിയക്ക്; ഐപിഎല്ലും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും നഷ്‌ടമാകും

click me!