'റിങ്കു സിംഗ് ഇന്ത്യന്‍ ടീമിനായി ഉടന്‍ കളിക്കും'; പറയുന്നത് ഡേവിഡ് ഹസി

By Web Team  |  First Published Apr 29, 2023, 4:58 PM IST

റിങ്കു സിംഗ്  ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അവസാന ഓവറില്‍ തുടര്‍ച്ചയായി അഞ്ച് സിക്‌സുകള്‍ പറത്തി കെകെആറിനെ ജയിപ്പിച്ചത് ശ്രദ്ധേയമായിരുന്നു


കൊല്‍ക്കത്ത: ഐപിഎല്‍ പതിനാറാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി മിന്നും പ്രകടനം പുറത്തെടുക്കുന്ന റിങ്കു സിംഗിനെ പ്രശംസിച്ച് ഓസീസ് മുന്‍ താരവും കെകെആര്‍ സപ്പോര്‍ട്ടിംഗ് സ്റ്റാഫുമായ ഡേവിഡ് ഹസി. ഈ സീസണില്‍ കെകെആറിന്‍റെ രണ്ടാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനാണ് റിങ്കു. ഇതുവരെ രണ്ട് അര്‍ധസെഞ്ചുറികള്‍ നേടിയപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അവസാന ഓവറില്‍ തുടര്‍ച്ചയായി അഞ്ച് സിക്‌സുകള്‍ പറത്തി കെകെആറിനെ ജയിപ്പിച്ചത് ശ്രദ്ധേയമായിരുന്നു. 

'റിങ്കു സിംഗ് അസാമാന്യ പ്രതിഭയാണ്. ആഭ്യന്തര ക്രിക്കറ്റിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലും മികച്ച പ്രകടനമാണ് കാഴ്‌ചവെക്കുന്നത്. അദേഹം തന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിച്ച് മറ്റൊരു തലത്തിലേക്ക് വളരുകയാണ്. ടീം ഇന്ത്യക്കായി ഉടന്‍ കളിക്കാനാകും റിങ്കു സിംഗിന് എന്ന് പ്രതീക്ഷിക്കുന്നതായും' ഓസീസ് മുന്‍ താരം സ്റ്റാര്‍ സ്പോര്‍ട്‌സിന്‍റെ ക്രിക്കറ്റ് ലൈവില്‍ പറഞ്ഞു. ഐപിഎല്‍ പതിനാറാം സീസണില്‍ എട്ട് മത്സരങ്ങളില്‍ 62.75 ശരാശരിയിലും 158.86 പ്രഹരശേഷിയിലും റിങ്കു സിംഗ് 251 റണ്‍സ് നേടിക്കഴിഞ്ഞു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ 286 റണ്‍സുള്ള വെങ്കടേഷ് അയ്യര്‍ മാത്രമേ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്നിലുള്ളൂ. സീസണില്‍ കൂടുതല്‍ റണ്‍സുള്ള താരങ്ങളുടെ പട്ടികയില്‍ അയ്യര്‍ എട്ടാമത് നില്‍ക്കുമ്പോള്‍ 13-ാം സ്ഥാനത്താണ് റിങ്കു സിംഗുള്ളത്. ഇടംകൈയന്‍ ബാറ്ററായ റിങ്കു സിംഗ് 2018 മുതല്‍ കെകെആര്‍ സ്‌ക്വാഡിന്‍റെ ഭാഗമാണ്. എന്നാല്‍ 2021 മുതല്‍ മാത്രമാണ് താരത്തിന് സ്ഥിരതയോടെ കളിക്കാന്‍ അവസരം ലഭിച്ചത്.

Latest Videos

undefined

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കെകെആറിന്‍റെ ഇന്നിംഗ്‌സ് പുരോഗമിക്കുകയാണ്. നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനക്കാരാണ് നിതീഷ് റാണ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 

Read more: മുന്നറിയിപ്പ് ഓസീസിന്, വീണ്ടും കൗണ്ടി സെഞ്ചുറിയുമായി പൂജാര; ജാഫറിന്‍റെ റെക്കോര്‍ഡ് തകര്‍ത്തു

click me!