ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടുമ്പോള്‍ എം എസ് ധോണിയുടെ തന്ത്രങ്ങളെ കൂടിയാവും രാജസ്ഥാന് നേരിടേണ്ടിവരിക
ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണില്‍ ടീമിന്‍റെ നാലാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് നേരിടാന്‍ ഇറങ്ങുമ്പോള്‍ ആശങ്കയായി മുന്‍ കണക്കുകള്‍. ചെന്നൈയും രാജസ്ഥാനും മുമ്പ് നേര്‍ക്കുനേര്‍ വന്ന മത്സരങ്ങളില്‍ സിഎസ്‌കെയ്‌ക്ക് വ്യക്തമായ മേല്‍ക്കൈയുണ്ട്. ചെന്നൈ 15 ഉം രാജസ്ഥാന്‍ 11 ഉം മത്സരങ്ങളിലാണ് വിജയിച്ചത്. മാത്രമല്ല ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിലാണ് മത്സരമെന്നതും സഞ്ജുവും കൂട്ടരും ഭയക്കണം.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടുമ്പോള്‍ എം എസ് ധോണിയുടെ തന്ത്രങ്ങളെ കൂടിയാവും രാജസ്ഥാന് നേരിടേണ്ടിവരിക. ആദ്യം ബാറ്റ് ചെയ്യുന്ന ടീം കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയാല്‍ ചേസ് ചെയ്യുക വെല്ലുവിളിയാവും. അതിനാല്‍ ടോസ് നേടുന്നവര്‍ ബാറ്റിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. ഐപിഎല്ലില്‍ ഇവിടെ നടന്ന 68 മത്സരങ്ങളില്‍ 42 മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചത്. രണ്ടാമത് ബാറ്റ് ചെയ്‌തവര്‍ വിജയിച്ചത് 26 കളികളില്‍ മാത്രം. ആദ്യ ഇന്നിംഗ്‌സിലെ ശരാശരി സ്കോര്‍ 163.1 ഉം, ശരാശരി പവര്‍പ്ലേ സ്കോര്‍ 47.1 ഉം, ശരാശരി ഡെത്ത് ഓവര്‍ സ്കോര്‍ 46.3 ഉം ആണ്.
undefined
ഇരു ടീമിനും മികച്ച ഓപ്പണിംഗ് സഖ്യമുണ്ടെങ്കിലും സ്‌പിന്നര്‍മാരാവും മത്സരത്തിന്‍റെ വിധിയെഴുതുക. സ്‌പിന്നര്‍മാര്‍ക്ക് 27 ശരാശരിയും 6.9 ഇക്കോണമിയുമാണ് ചെപ്പോക്കിലുള്ളത്. അതേസമയം പേസര്‍മാരുടെ ശരാശരി 29.3 ഉം ഇക്കോണമി 8.0യും. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ചെപ്പോക്കില്‍ മികച്ച റെക്കോര്‍ഡാണുള്ളത്. ഇവിടെ കളിച്ച 57 മത്സരങ്ങളില്‍ 41 മത്സരങ്ങളിലും സിഎസ്‌കെ വിജയിച്ചു. ചെപ്പോക്കില്‍ മുമ്പ് കളിച്ച ഏഴില്‍ ഒരു മത്സരം മാത്രമാണ് രാജസ്ഥാന്‍ റോയല്‍സിന് വിജയിക്കാനായത്. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്‌ക്കാണ് ചെപ്പോക്കിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരം തുടങ്ങുക.
സിഎസ്‌കെ ക്യാപ്റ്റന്‍സിയില്‍ ഇരട്ട സെഞ്ചുറി; ഐപിഎല്‍ ചരിത്രത്തിലെ ആദ്യ താരമാവാന്‍ ധോണി