'തല'യെ കാത്ത് ചെപ്പോക്ക്; ആരാധകരെ ആവേശഭരിതരാക്കി ചെന്നൈയിലെ കണക്കുകള്‍

By Web Team  |  First Published Apr 3, 2023, 3:56 PM IST

എം എ ചിദംബരം സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് ഏഴരയ്‌ക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-ലഖ്‌നൗ സൂപ്പര്‍ കിംഗ്‌സ് മത്സരം


ഹൈദരാബാദ്: ഐപിഎല്ലില്‍ നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എം എസ് ധോണി തന്‍റെ ഹോം മൈതാനമായ ചെപ്പോക്കിലേക്ക് തിരിച്ചെത്തുകയാണ്. ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ എതിരാളികള്‍. ചെപ്പോക്കില്‍ ധോണിയും സംഘവും ഇറങ്ങുന്നത് സ്റ്റേഡിയത്തിലെ വമ്പന്‍ റെക്കോര്‍ഡുമായാണ്. ചെപ്പോക്കില്‍ ഇതുവരെ കളിച്ച 60 മത്സരങ്ങളില്‍ 41ലും സിഎസ്‌കെ ജയിച്ചു എന്നതാണ് ചരിത്രം. ചെപ്പോക്കിലെ വിജയശരാശരി 79.17. ഹോം മണ്ണില്‍ ചെന്നൈയെ തളയ്‌ക്കാന്‍ ലഖ്‌നൗ പാടുപെടുമെന്ന് ഈ കണക്ക് മാത്രം മതി മനസിലാവാന്‍. 

ചെപ്പോക്കിലെ ധോണിയുടെ കണക്കുകളിലുമുണ്ട് ധാരാളിത്തം. ചെപ്പോക്കിലിറങ്ങിയ 48 ഇന്നിംഗ്‌സുകളില്‍ ഏഴ് ഫിഫ്റ്റികളോടെ 1363 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. ബാറ്റിംഗ് ശരാശരി 43.97 എങ്കില്‍ സ്‌ട്രൈക്ക് റേറ്റ് 143.17. അതിനാല്‍ തന്നെ തല ചെപ്പോക്കിലേക്ക് മടങ്ങിവരുന്നത് കാത്തിരിക്കുകയാണ് ധോണി ആരാധകര്‍. ചെപ്പോക്കില്‍ ധോണിയുടെ പരിശീലനം കാണാന്‍ തന്നെ ആരാധകര്‍ നേരത്തെ തടിച്ചുകൂടിയിരുന്നു. ധോണിയുടെ കൂറ്റന്‍ സിക്‌സുകള്‍ ആരാധകരെ ത്രസിപ്പിച്ചിരുന്നു. ധോണി ഇന്ന് മൈതാനത്ത് ഇറങ്ങുമ്പോള്‍ ചെപ്പോക്കിന്‍റെ ഗാലറി ഇളകിമറിയും എന്നുറപ്പ്. 

Latest Videos

എം എ ചിദംബരം സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് ഏഴരയ്‌ക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരം. ധോണിയുടെ അവസാന സീസണാകും ഐപിഎല്‍ 2023 എന്ന അഭ്യൂഹങ്ങള്‍ ഉള്ളതിനാല്‍ ചെപ്പോക്കിലെ ഗാലറി നിറഞ്ഞുകവിയുമെന്നുറപ്പ്. സീസണില്‍ ഇരു ടീമിന്‍റെയും രണ്ടാം മത്സരമാണിത്. ആദ്യ അങ്കത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് ധോണിപ്പട അഞ്ച് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയിരുന്നു. അതേസമയം ഡല്‍ഹി ക്യാപിറ്റല്‍സിനെ 50 റണ്‍സിന് തോല്‍പിച്ചാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ചെന്നൈയില്‍ എത്തിയിരിക്കുന്നത്. 

ആര്‍സിബിക്കെതിരെ നേടിയത് ഒരു റണ്‍സ്; എന്നിട്ടും രോഹിത് ശര്‍മ്മയ്‌ക്ക് നാഴികക്കല്ല്

click me!