റിങ്കു കിംഗ് ഓഫ് സിംഗ്, കെകെആറിന് ത്രില്ലർ ജയം, ചെന്നൈക്ക് സ്വന്തം മണ്ണില്‍ നിരാശ
ചെന്നൈ: ഐപിഎല്ലില്‍ പ്ലേ ഓഫിലെത്താന്‍ എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ് കാത്തിരിക്കണം. ഗ്രൂപ്പ് ഘട്ടത്തില്‍ ചെപ്പോക്കിലെ അവസാന ഹോം മത്സരത്തില്‍ സിഎസ്കെയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആറ് വിക്കറ്റിന് തോല്‍പിച്ചതോടെയാണിത്. 145 റണ്‍സ് വിജയലക്ഷ്യം കെകെആർ 18.3 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കി. മറുപടി ബാറ്റിംഗില്‍ പവർപ്ലേയില്‍ കെകെആറിനെ വിറപ്പിച്ചെങ്കിലും ഇതിന് ശേഷം റിങ്കു സിംഗ്-നിതീഷ് റാണ വെടിക്കെട്ടില്‍ തോല്‍വി സമ്മതിക്കുകയായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ്. സ്കോർ: സിഎസ്കെ- 144/6 (20), കെകെആർ- 147/4 (18.3).
കെകെആറിന്‍റെ മറുപടി ബാറ്റിംഗില്‍ തന്‍റെ ആദ്യ മൂന്ന് ഓവറിനിടെ റഹ്മാനുള്ള ഗുർബാസ്(4 പന്തില്‍ 1), വെങ്കടേഷ് അയ്യർ(4 പന്തില്‍ 9), ജേസന്‍ റോയി(15 പന്തില്‍ 12) എന്നിവരെ മടക്കിയാണ് സിഎസ്കെ പേസർ ദീപക് ചാഹർ തുടങ്ങിയത്. ചാഹറിന്‍റെ സഹ പേസർ തുഷാർ ദേശ്പാണ്ഡെയും നന്നായി പന്തെറിഞ്ഞു. ഇതുകഴിഞ്ഞ് നായകന്‍ നിതീഷ് റാണയും റിങ്കു സിംഗും പതിയെ തുടങ്ങി തകർത്തടിച്ചതോടെ കെകെആർ മത്സരത്തിലേക്ക് തിരിച്ചുവന്നു. ഇരുവരും 14-ാം ഓവറില്‍ ടീമിനെ 100 കടത്തി. റിങ്കു 39 പന്തിലും റാണ 38 പന്തിലും ഫിഫ്റ്റി തികച്ചതോടെ കെകെആറിന് കാര്യങ്ങള്‍ എളുപ്പമായി. 18-ാം ഓവറില്‍ അലിയുടെ ത്രോയില്‍ റിങ്കു(43 പന്തില്‍ 54) പുറത്തായത് കെകെആറിനെ ബാധിച്ചില്ല. നിതീഷ് റാണ 44 ബോളില്‍ 57* ഉം, ആന്ദ്രേ റസല്‍ 2 പന്തില്‍ 2* ഉം റണ്‍സുമായി പുറത്താവാതെ നിന്നു.
undefined
ചെപ്പോക്കില്‍ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ സിഎസ്‌കെ പതിഞ്ഞ തുടക്കത്തിനും മധ്യനിര ഓവറുകള്‍ക്കും ശേഷം നിശ്ചിത 20 ഓവറില്‍ 144-6 എന്ന സ്കോറിലേക്ക് കരകയറുകയായിരുന്നു. ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ 68 റണ്‍സ് ചേർത്ത ശിവം ദുബെയും രവീന്ദ്ര ജഡേജയുമാണ് സിഎസ്‌കെയെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. ഒരവസരത്തില്‍ 72-5 എന്ന നിലയിലായിരുന്നു ചെന്നൈ. സുനില്‍ നരെയ്‌നും വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ 34 പന്തില്‍ 48 റണ്‍സെടുത്ത ദുബെയാണ് ടോപ് സ്കോറര്‍. ജഡേജ 24 പന്തില്‍ 20 എടുത്തും ദേവോണ്‍ കോണ്‍വേ 28 പന്തില്‍ 30 ആയും മടങ്ങി. വൈഭവ് അറോറയും ഷർദ്ദുല്‍ താക്കൂറും ഓരോ വിക്കറ്റ് നേടി.
Read more: ദുബെ വെടിക്കെട്ടായി, ജഡേജ-ധോണി ഫിനിഷിംഗില്ല; സിഎസ്‌കെയ്‌ക്ക് പൊരുതാവുന്ന സ്കോര്‍