തല ഫാന്‍സ് ഇരമ്പിയാര്‍ത്തു, ധോണി ചോദ്യം കേട്ടില്ല; ഒടുക്കം സ്‌പീക്കറിന്‍റെ ശബ്‌ദം സ്വയം കൂട്ടി!

By Web Team  |  First Published May 15, 2023, 3:45 PM IST

എം എസ് ധോണിയെ സംസാരിക്കാന്‍ ക്ഷണിച്ചതും സ്റ്റേഡിയം തല വിളികളാല്‍ ഇരമ്പിയാര്‍ക്കുകയായിരുന്നു


ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണില്‍ ഞായറാഴ്‌ച ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം അക്ഷരാര്‍ഥത്തില്‍ ധോണി മയമായിരുന്നു. ഒരുപക്ഷേ ധോണിയുടെ സീസണിലെ അവസാന ഹോം മത്സരം ആയേക്കാമായിരുന്ന അങ്കം കാണാന്‍ തല ആരാധകര്‍ എം എ ചിദംബരം സ്റ്റേഡിയത്തില്‍ തടിച്ചുകൂടുകയായിരുന്നു. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ധോണിയുടെ സിഎസ്‌കെ തോറ്റെങ്കിലും മത്സര ശേഷം സഹതാരങ്ങളും കമന്‍റേറ്റര്‍മാരും ആരാധകരും മുതല്‍ എതിര്‍ ടീം അംഗങ്ങള്‍ വരെ ധോണിയെ തോളിലേറ്റുന്ന കാഴ്‌ചയാണ് ഏവരും കണ്ടത്. 

മത്സരത്തില്‍ റിങ്കു സിംഗ്, നിതീഷ് റാണ എന്നിവരുടെ ബാറ്റിംഗ് കരുത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആറ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയപ്പോള്‍ സമ്മാനവേള ചെന്നൈ ആരാധകരാല്‍ ശബ്‌ദമുകരിതമായി. എം എസ് ധോണിയെ സംസാരിക്കാന്‍ ക്ഷണിച്ചതും സ്റ്റേഡിയം തല വിളികളാല്‍ ഇരമ്പിയാര്‍ക്കുകയായിരുന്നു. ഇതോടെ കമന്‍റേറ്റര്‍മാരുടെ ചോദ്യം കേള്‍ക്കാനുള്ള സ്‌പീക്കറിന്‍റെ ശബ്ദം ധോണി തന്നെ കൂട്ടിവെക്കുന്ന കാഴ്‌ച തല്‍സമയം ആരാധകര്‍ കണ്ടു. അത്രയ്‌ക്ക് ആരവമായിരുന്നു സിഎസ്‌കെയുടെയും ധോണിയുടേയും ആരാധകരുടെ വക സ്റ്റേഡിയത്തില്‍ മുഴങ്ങിക്കേട്ടത്. ഐപിഎല്ലില്‍ അവസാന സീസണായിരിക്കാം ധോണിയുടേത് എന്ന അഭ്യൂഹങ്ങള്‍ നിറയുന്നതാണ് ആരാധകരെ സ്റ്റേഡിയത്തിലേക്ക് ആഘോഷത്തോടെ ക്ഷണിച്ചുവരുത്തുന്നത്. ഐപിഎല്‍ കരിയറില്‍ 247 മത്സരങ്ങളില്‍ 5076 റണ്‍സ് നേടിയ ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നാല് കിരീടങ്ങളിക്ക് നയിച്ച നായകന്‍ കൂടിയാണ്. 

Latest Videos

undefined

ചെപ്പോക്കില്‍ ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുന്നോട്ടുവെച്ച 145 റണ്‍സ് വിജയലക്ഷ്യം കെകെആർ 18.3 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കുകയായിരുന്നു. പവർപ്ലേയില്‍ മൂന്ന് വിക്കറ്റ് നേടി ദീപക് ചാഹര്‍ കെകെആറിനെ വിറപ്പിച്ചെങ്കിലും ഇതിന് ശേഷം റിങ്കു സിംഗ്-നിതീഷ് റാണ വെടിക്കെട്ടില്‍ തോല്‍വി സമ്മതിക്കുകയായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ്. റിങ്കു 43 പന്തില്‍ 54 റണ്‍സെടുത്ത് പുറത്തായപ്പോള്‍ റാണ 44 ബോളില്‍ 57* റണ്‍സുമായി പുറത്താവാതെ നിന്നു. സ്കോർ: സിഎസ്കെ- 144/6 (20), കെകെആർ- 147/4 (18.3). തോറ്റെങ്കിലും പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു സിഎസ്‌കെ. 

Read more: ചെപ്പോക്കില്‍ ചെന്നൈ ദുരന്തം! പ്ലേ ഓഫിനായി കാത്തിരിക്കണം; ധോണിപ്പടയെ വീഴ്ത്തി കെകെആർ

click me!