ബാറ്റിംഗുമില്ല, ഫീല്‍ഡിംഗുമില്ല എന്ന ഗാവസ്‌കറുടെ വിമര്‍ശനം; കുറിക്കുകൊള്ളുന്ന മറുപടിയുമായി അമ്പാട്ടി റായുഡു

By Web Team  |  First Published Apr 28, 2023, 6:39 PM IST

മോശം ഫോമിന് അമ്പാട്ടി റായുഡുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഗാവസ്‌കര്‍ മുന്നോട്ടുവെച്ചത്


ജയ്‌പൂര്‍: ഐപിഎല്‍ 2023 സീസണില്‍ മോശം പ്രകടനമാണ് അമ്പാട്ടി റായുഡു പുറത്തെടുക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി എട്ട് മത്സരങ്ങള്‍ കളിച്ച താരത്തിന് 16.60 ബാറ്റിംഗ് ശരാശരിയില്‍ 83 റണ്‍സ് മാത്രമേയുള്ളൂ. പുറത്താവാതെ നേടിയ 27 ആണ് ഉയര്‍ന്ന സ്കോര്‍. രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തിലും മോശം ബാറ്റിംഗ് പ്രകടനം പുറത്തെടുത്തതോടെ റായുഡുവിനെ വിമര്‍ശിച്ച് ഇതിഹാസ താരവും കമന്‍റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍ രംഗത്തെത്തിയിരുന്നു. മത്സരത്തില്‍ രണ്ട് ബോള്‍ മാത്രം നേരിട്ട റായുഡു പൂജ്യത്തില്‍ പുറത്താവുകയായിരുന്നു. 

മോശം ഫോമിന് അമ്പാട്ടി റായുഡുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഗാവസ്‌കര്‍ മുന്നോട്ടുവെച്ചത്. 'നിങ്ങള്‍ തയ്യാറെടുപ്പുകള്‍ നടത്തൂ. വെറുതെ ക്രീസിലെത്തി പന്ത് ഹിറ്റ് ചെയ്യാനാവില്ല. പൃഥ്വി ഷായുടെ കാര്യത്തിലും നമ്മളിത് കാണുന്നതാണ്. ബാറ്റിംഗിന് ഇറങ്ങുന്നു, പരാജയപ്പെടുന്നു. ഫീല്‍ഡിംഗ് വളരെ മോശം, റണ്‍സ് നേടുന്നില്ല. റായുഡു രണ്ട് പന്തില്‍ ഡക്കായി എന്നുമായിരുന്നു' കമന്‍ററിക്കിടെ ഗാവസ്‌കറുടെ വാക്കുകള്‍. ഇതിനുള്ള പ്രതികരണം എന്ന നിലയ്‌ക്ക് ട്വിറ്ററിലൂടെ ആരാധകര്‍ക്കായി ഒരു സന്ദേശം പങ്കുവെച്ചിരിക്കുകയാണ് അമ്പാട്ടി റായുഡു. 'ജീവിതത്തിലും കായികജീവിതത്തിലും ഉയര്‍ച്ചതാഴ്‌ച്ചകളുണ്ടാകും. പോസിറ്റീവാവുകയും കഠിനപ്രയത്നം നടത്തുകയുമാണ് നമ്മള്‍ വേണ്ടത്. മത്സരഫലം എപ്പോഴും നമ്മുടെ പ്രയത്നത്തെ ചൂണ്ടിക്കാണിക്കണം എന്നില്ല. അതിനാല്‍ എപ്പോഴും ചിരിക്കുക, ആസ്വദിക്കുക' എന്നുമാണ് അമ്പാട്ടി റായുഡുവിന്‍റെ ട്വീറ്റ്.

Latest Videos

undefined

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ റോയല്‍സ് 20 ഓവില്‍ 202-5 എന്ന സ്കോര്‍ നേടി. മറുപടി ബാറ്റിംഗില്‍ സിഎസ്‌കെയ്‌ക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 170 സ്വന്തമാക്കാനേ കഴിഞ്ഞുള്ളൂ. രാജസ്ഥാനായി പവര്‍പ്ലേ പവറാക്കിയ യശസ്വി ജയ്‌സ്വാള്‍ 43 പന്തില്‍ 73 റണ്‍സ് നേടിയപ്പോള്‍ അവസാന ഓവറുകളില്‍ 15 പന്തില്‍ 34 റണ്‍സുമായി ധ്രുവ് ജൂരെയും 13 പന്തില്‍ 27 റണ്ണുമായി ദേവ്‌ദത്ത് പടിക്കലും തിളങ്ങി. മറുവശത്ത് റുതുരാജ് ഗെയ്‌ക്‌വാദ്(29 പന്തില്‍ 47), ശിവം ദുബെ(33 പന്തില്‍ 52) എന്നിവരുടെ ബാറ്റിംഗ് ചെന്നൈയെ ജയിപ്പിച്ചില്ല. അഞ്ചാമനായി ക്രീസിലെത്തിയ അമ്പാട്ടി റായുഡു രണ്ട് പന്തുകള്‍ മാത്രം നേരിട്ട് അക്കൗണ്ട് തുറക്കാതെ മടങ്ങുകയായിരുന്നു.

Read more: രാജസ്ഥാന്‍ റോയല്‍സിനെതിരെ എങ്ങനെ തോറ്റു; കുറ്റസമ്മതം നടത്തി സിഎസ്‌കെ നായകന്‍ എം എസ് ധോണി

click me!