ഒരറ്റത്ത് ഷമി! ഗുജറാത്ത്-സിഎസ്‌കെ ക്വാളിഫയര്‍ വിധി തീരുമാനിക്കുക ആ താരപ്പോരെന്ന് ആകാശ് ചോപ്ര

By Web Team  |  First Published May 23, 2023, 3:48 PM IST

ചെന്നൈ-ഗുജറാത്ത് വമ്പന്‍ പോരാട്ടത്തിനിടെ കുറച്ച് ചെറിയ പോരുകളും അരങ്ങേറും എന്ന് മുന്‍ താരം


ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്വാളിഫയര്‍ വണ്‍ വമ്പന്‍ താരപ്പോരാട്ടമാകും. സീസണില്‍ മികച്ച ഫോമിലുള്ള ടൈറ്റന്‍സ് ന്യൂബോള്‍ സ്‌പെഷ്യലിസ്റ്റുകളും സിഎസ്‌കെയുടെ ഓപ്പണര്‍മാരും തമ്മിലുള്ള പോരാട്ടമാണ് ഇതിലൊന്ന്. സീസണില്‍ സിഎസ്‌കെയുടെ കുതിപ്പിന് ഏറ്റവും ഊര്‍ജമേകിയ കൂട്ടുകെട്ടാണ് ഓപ്പണിംഗില്‍ റുതുരാജ് ഗെയ്‌ക്‌വാദിന്‍റെയും ദേവോണ്‍ കോണ്‍വേയുടേയും. അതേസമയം ടൈറ്റന്‍സിന്‍റെ മുഹമ്മദ് ഷമി ഈ സീസണിലെ ഏറ്റവും ബെസ്റ്റ് ന്യൂബോള്‍ അറ്റാക്കര്‍മാരില്‍ ഒരാളാണ്. 

ഇതിനാല്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ന്യൂബോള്‍ vs ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണര്‍മാര്‍ പോരാട്ടത്തിലേക്ക് കണ്ണുംനട്ടിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. 'ഗുജറാത്ത്-ചെന്നൈ വമ്പന്‍ പോരാട്ടത്തിനിടെ കുറച്ച് ചെറിയ പോരുകളും അരങ്ങേറും. ചെന്നൈയുടെ ഫോമിലുള്ള ബാറ്റര്‍മാരും ഗുജറാത്തിന്‍റെ ന്യൂബോള്‍ പേസര്‍മാരും തമ്മിലാകും ഒന്ന്. അവസാനം ഇരു ടീമുകളും ഏറ്റമുട്ടിയപ്പോള്‍ മുഹമ്മദ് ഷമി ഗംഭീരമായി പന്തെറിഞ്ഞിരുന്നു. തുടക്കത്തില്‍ തന്നെ ദേവോണ്‍ കോണ്‍വേയെ പുറത്താക്കാന്‍ ഷമിക്കായിരുന്നു. ഇത്തവണ ഷമിക്കൊപ്പം യഷ് ദയാലോ ഹാര്‍ദിക് പാണ്ഡ്യയോ ആയിരിക്കും ന്യൂബോള്‍ ഓപ്പണ്‍ ചെയ്യുക. ഇവരെങ്ങനെ ഗെയ്‌ക്‌വാദിനും കോണ്‍വേയ്‌ക്കും എതിരെ പന്തെറിയും എന്നതായിരിക്കും മത്സരത്തിന്‍റെ ടോണ്‍ തീരുമാനിക്കുക' എന്നും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു. 

Latest Videos

undefined

സീസണില്‍ മികച്ച ഫോമിലുള്ള മുഹമ്മദ് ഷമി 14 കളിയില്‍ 24 വിക്കറ്റുകള്‍ വീഴ്‌ത്തിയിരുന്നു. നിലവില്‍ പര്‍പ്പിള്‍ ക്യാപ് ഷമിയുടെ തലയിലാണ്. ടൈറ്റന്‍സിന്‍റെ സ്‌പിന്നര്‍ റാഷിദ് ഖാനും ഇതേ വിക്കറ്റുകള്‍ സീസണിലുണ്ട്. സീസണില്‍ 14 മത്സരങ്ങളില്‍ 585 റണ്‍സ് കോണ്‍വേയ്‌ക്കും 504 റണ്‍സ് ഗെയ്‌ക്‌വാദിനുമുണ്ട്. ചെപ്പോക്കിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-ഗുജറാത്ത് ടൈറ്റന്‍സ് മത്സരം. 

Read more: ടൈറ്റന്‍സിന് എതിരായ അങ്കം; സിഎസ്‌കെ ആരാധകര്‍ക്ക് ഇതിലും വലിയ സന്തോഷ വാര്‍ത്ത കേള്‍ക്കാനില്ല

click me!