പഴയ സിംഹമായിരിക്കാം, ഗെയ്‌ല്‍ റണ്ണടിച്ചേ പറ്റൂ; വിമര്‍ശിച്ച് ഇര്‍ഫാന്‍ പത്താന്‍

By Web Team  |  First Published Sep 29, 2021, 11:21 PM IST

പതിനാലാം സീസണില്‍ ഫോം കണ്ടെത്താന്‍ ഗെയ്‌ല്‍ പാടുപെടുന്നതിനിടെയാണ് പത്താന്‍റെ വിമര്‍ശനം


ദുബായ്: പ്രായമായിക്കൊണ്ടിരിക്കുന്ന സിംഹമെങ്കിലും ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സ് സൂപ്പര്‍താരം ക്രിസ് ഗെയ്‌ല്‍ കൂടുതല്‍ റണ്‍സ് കണ്ടെത്തണമെന്ന് തുറന്നുപറഞ്ഞ് ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. ഐപിഎല്‍ പതിനാലാം സീസണില്‍ ഫോം കണ്ടെത്താന്‍ ഗെയ്‌ല്‍ പാടുപെടുന്നതിനിടെയാണ് പത്താന്‍റെ വിമര്‍ശനം. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോടും ഗെയ്‌ലിന്‍റെ ബാറ്റ് സിക്‌സര്‍ മഴ പെയ്യിച്ചിരുന്നില്ല. 

ഗെയ്‌ല്‍ റണ്ണടിച്ചേ പറ്റൂ

Latest Videos

'നിങ്ങള്‍ ക്രിസ് ഗെയ്‌ലില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്. പ്രായമായിക്കൊണ്ടിരിക്കുന്ന അദ്ദേഹമൊരു സിംഹമാണെന്ന് എനിക്കറിയാം. എന്നാല്‍ റണ്‍സ് കണ്ടെത്തേണ്ടതുണ്ട്. മറ്റനേകം പ്രതിവിധികളില്ല. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച നിക്കോളാസ് പുരാനും ആ മികവ് ഐപിഎല്ലിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞില്ല. മര്‍ക്രാം കൂടുതല്‍ ആക്രമകാരിയാവണം. ഹൂഡയില്‍ നിന്ന് കൂടുതല്‍ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നതായും' ഇര്‍ഫാന്‍ പത്താന്‍ സോണി സ്‌പോര്‍ട്‌സില്‍ പറഞ്ഞു. 

മായങ്കിന്‍റെ പരിക്ക് കനത്ത തിരിച്ചടി

'മായങ്ക് അഗര്‍വാളിന്‍റെ പരിക്ക് വലിയ പ്രതിസന്ധിയാണ്. ഏറെ റണ്‍സ് കണ്ടെത്തുന്ന താരമായതിനാലാണ് മായങ്കിന്‍റെ പരിക്ക് ടീമിന് തിരിച്ചടിയാവുന്നത്. അദ്ദേഹത്തിന്‍റെ തിരിച്ചുവരവ് പരമപ്രധാനമാണ്. മായങ്കും കെ എല്‍ രാഹുമല്ലാതെ മറ്റാരു കൂടുതല്‍ റണ്‍സ് നേടുന്നില്ല. ഹൂഡ നേടുന്ന 20-30 റണ്‍സ് പോലും പോരാ. മാച്ച് വിന്നിംഗ് ഇന്നിംഗ്‌സുകള്‍ വരേണ്ടതുണ്ട്' എന്നും പത്താന്‍ കൂട്ടിച്ചേര്‍ത്തു. 

ഗെയ്‌ലും പുരാനും നിരാശര്‍

അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് പഞ്ചാബ് കിംഗ്‌സ് ആറ് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയപ്പോള്‍ ക്രിസ് ഗെയ്‌ല്‍ നാല് പന്തില്‍ ഒരു റണ്‍സ് മാത്രമാണ് നേടിയത്. പഞ്ചാബ് മുന്നോട്ടുവെച്ച 136 റണ്‍സ് വിജയലക്ഷ്യം ആറ് പന്ത് ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്‌ടത്തില്‍ മുംബൈ നേടി. അവസാന ഓവറുകളിലെ ഹര്‍ദിക് പാണ്ഡ്യ(30 പന്തില്‍ 40), കീറോണ്‍ പൊള്ളാര്‍ഡ്(7 പന്തില്‍ 15) വെടിക്കെട്ടാണ് മുംബൈയെ ജയത്തിലെത്തിച്ചത്. സൗരഭ് തിവാരിയുടെ 45 റണ്‍സും നിര്‍ണായകമായി. 

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങി ഒരവസരത്തില്‍ 48-4 എന്ന നിലയിലായിരുന്ന പഞ്ചാബ് 20 ഓവറില്‍ ആറ് വിക്കറ്റിന് 135 റണ്‍സെടുത്തു. 29 പന്തില്‍ 42 റണ്‍സെടുത്ത എയ്‌ഡന്‍ മര്‍ക്രാമാണ് ടോപ് സ്‌കോറര്‍. കെ എല്‍ രാഹുല്‍ 21 ഉം മന്ദീപ് സിംഗ് 15 ഉം ദീപക് ഹൂഡ 28 ഉം ഹര്‍പ്രീത് ബ്രാര്‍ 14 ഉം റണ്‍സ് നേടി. നിക്കോളാസ് പുരാന് രണ്ട് റണ്‍സേയുള്ളൂ. 

ആര്‍സിബിയുടെ മാക്‌സ്‌വെല്‍ ഷോക്ക്; രാജസ്ഥാന് കനത്ത തോല്‍വി, പ്ലേ ഓഫ് പ്രതീക്ഷകള്‍ തുലാസില്‍

രാജസ്ഥാനെയും എറിഞ്ഞിട്ട് ഹര്‍ഷല്‍ പട്ടേല്‍, ഒപ്പം അപൂര്‍വ റെക്കോര്‍ഡും


 

click me!