ആടിത്തിമിര്‍ത്ത് ഗില്‍; സണ്‍റൈസേഴ്‌സിനെ വീഴ്‌ത്തി കെകെആറിന് അനിവാര്യ ജയം

By Web Team  |  First Published Oct 3, 2021, 10:58 PM IST

കെകെആര്‍ 116 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ നേടി. ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ അര്‍ധ സെഞ്ചുറിയിലാണ് കൊല്‍ക്കത്തയുടെ കുതിപ്പ്. 


ദുബായ്: ഐപിഎല്ലില്‍(IPL 2021) സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ(Sunrisers Hyderabad) ആറ് വിക്കറ്റിന് തോല്‍പിച്ച് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്(Kolkata Knight Riders). കെകെആര്‍ 116 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ നേടി. ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ(Shubman Gill) അര്‍ധ സെഞ്ചുറിയിലാണ് കൊല്‍ക്കത്തയുടെ കുതിപ്പ്. 13 മത്സരങ്ങളില്‍ 12 പോയിന്‍റുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത. അവസാനക്കാരായ സണ്‍റൈസേഴ്‌സ് നേരത്തെ പുറത്തായിരുന്നു.      

ഗില്ലാട്ടം കൊണ്ടൊരു ജയം

Latest Videos

undefined

കൊല്‍ക്കത്തയുടെ മറുപടി ബാറ്റിംഗില്‍ വെടിക്കെട്ട് വീരന്‍ വെങ്കടേഷ് അയ്യരെ(14 പന്തില്‍ 8) അഞ്ചാം ഓവറിലെ നാലാം പന്തില്‍ ഹോള്‍ഡര്‍ ബൗള്‍ഡാക്കി. പവര്‍പ്ലേയില്‍ എന്ന 36-1 സ്‌കോറിലായിരുന്നു കെകെആര്‍. തൊട്ടടുത്ത ഓവറില്‍ രാഹുല്‍ ത്രിപാറിയെ(6 പന്തില്‍ ഏഴ്) റാഷിദ് ഖാന്‍ അഭിഷേകിന്‍റെ കൈകളിലെത്തിച്ചു. എന്നാല്‍ ഗില്‍ 44 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചതോടെ കൊല്‍ക്കത്ത ട്രാക്കിലായി. എങ്കിലും കൗള്‍ 51 പന്തില്‍ 57 റണ്‍സെടുത്ത ഗില്ലിനെ 17-ാം ഓവറില്‍ ഹോള്‍ഡറുടെ കൈകളിലെത്തിച്ചു. 

പിന്നാലെ ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക്കിനെ കൂട്ടുപിടിച്ച് റാണ കൊല്‍ക്കത്തയെ  മുന്നോട്ടുനയിച്ചു. ഹോള്‍ഡറിന്‍റെ 18-ാം ഓവറിലെ അവസാന പന്തില്‍ സാഹയ്‌ക്ക് ക്യാച്ച് നല്‍കി റാണ(33 പന്തില്‍ 25) മടങ്ങിയെങ്കിലും ജയിക്കാന്‍ രണ്ട് ഓവറില്‍ 10 റണ്‍സ് കെകെആറിന് മതിയായിരുന്നു. ഈ ലക്ഷ്യത്തിലേക്ക് ദിനേശ് കാര്‍ത്തിക്കും(18*), ഓയിന്‍ മോര്‍ഗനും(2*) കൊല്‍ക്കത്തയെ രണ്ട് പന്ത് ബാക്കിനില്‍ക്കേ എത്തിച്ചു. 

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിനെ 20 ഓവറില്‍ 115-8 എന്ന സ്‌കോറില്‍ കൊല്‍ക്കത്ത ഒതുക്കി. 26 റണ്‍സെടുത്ത നായകന്‍ കെയ്‌ന്‍ വില്യംസണാണ്(Kane Williamson) ടോപ് സ്‌കോറര്‍. സൗത്തിയും മാവിയും ചക്രവര്‍ത്തിയും രണ്ട് വീതവും ഷാക്കിബ് ഒരു വിക്കറ്റും നേടി. 

തുടക്കം പാളി, ഒടുക്കവും

ആദ്യ ഓവറില്‍ തന്നെ പ്രഹരമേറ്റാണ് സണ്‍റൈസേഴ്‌സിന്‍റെ ഇന്നിംഗ്‌സ് തുടങ്ങിയത്. സൗത്തിയുടെ ഓവറിലെ രണ്ടാം പന്തില്‍ വൃദ്ധിമാന്‍ സാഹ ഗോള്‍ഡണ്‍ ഡക്കായി. മാവി എറിഞ്ഞ നാലാം ഓവറിലെ നാലാം പന്തില്‍ ജേസന്‍ റോയി(10) സൗത്തിയുടെ കൈകളിലെത്തി. ഏഴാം ഓവറിലെ അഞ്ചാം പന്തില്‍ നായകന്‍ കെയ്‌ന്‍ വില്യംസണെ(26) ഷാക്കിബ് റണ്ണൗട്ടാക്കിയതോടെ 38-3 എന്ന നിലയില്‍ സണ്‍റൈസേഴ്‌സ് മൂക്കുകുത്തി. 

അഞ്ചാമനായി ക്രീസിലെത്തിയ അഭിഷേക് ശര്‍മ്മയ്‌ക്കും പിടിച്ചുനില്‍ക്കാനായില്ല. 11-ാം ഓവറില്‍ ഷാക്കിബിനായിരുന്നു വിക്കറ്റ്. പ്രിയം ഗാര്‍ഗിന്റെ പോരാട്ടം 31 പന്തില്‍ 21ല്‍ അവസാനിച്ചു. കൂറ്റനടിക്കുള്ള ആയുസ് ജേസണ്‍ ഹോള്‍ഡര്‍ക്കുമുണ്ടായില്ല(8 പന്തില്‍ 2). വരുണിനായിരുന്നു ഇരു വിക്കറ്റുകളും. 17-ാം ഓവറില്‍ ചക്രവര്‍ത്തിക്കെതിരെ തുടര്‍ച്ചയായി രണ്ട് സിക്‌സുകള്‍ പറത്തിയ അബ്‌ദുള്‍ സമദ്(18 പന്തില്‍ 25) സൗത്തിയുടെ തൊട്ടടുത്ത ഓവറില്‍ ഗില്ലിന്‍റെ കൈകളില്‍ അവസാനിച്ചു. 

മാവിയുടെ 19-ാം ഓവറില്‍ റാഷിദ് ഖാന്‍(6 പന്തില്‍ 8) മടങ്ങി. 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ സിദ്ധാര്‍ഥ് കൗളും, ഭുവനേശ്വര്‍ കുമാറും ഏഴ് റണ്‍സ് വീതമെടുത്ത് പുറത്താകാതെ നിന്നു.  

ഒടുവില്‍ എത്തി ഷാക്കിബ്

ടോസ് നേടിയ സണ്‍റൈസേഴ്‌സ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദിനായി സന്ദീപ് ശര്‍മ്മയ്‌ക്ക് പകരം ഉമ്രാന്‍ മാലിക്കെത്തി. അതേസമയം കൊല്‍ക്കത്തയില്‍ ടിം സീഫെര്‍ട്ടിന് ഷാക്കിബ് അല്‍ ഹസന്‍ ഇടംപിടിച്ചു. 

കൊല്‍ക്കത്ത: ശുഭ്‌മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, രാഹുല്‍ ത്രിപാഠി, നിതീഷ് റാണ, ഓയിന്‍ മോര്‍ഗന്‍(ക്യാപ്റ്റന്‍), ഷാക്കിബ് അല്‍ ഹസന്‍, ദിനേശ് കാര്‍ത്തിക്, സുനില്‍ നരെയ്‌ന്‍, ശിവം മാവി, ടിം സൗത്തി, വരുണ്‍ ചക്രവര്‍ത്തി. 

ഹൈദരാബാദ്: ജേസന്‍ റോയ്, വൃദ്ധിമാന്‍ സാഹ, കെയ്‌ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), പ്രിയം ഗാര്‍ഗ്, അഭിഷേക് ശര്‍മ്മ, അബ്‌ദുള്‍ സമദ്, ജേസന്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്, സിദ്ധാര്‍ഥ് കൗള്‍. 

click me!