വിരാട് കോലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, എ ബി ഡിവില്ലിയേഴ്‌സ് എന്നീ ബിഗ് ത്രീയെ പുറത്താക്കിയ സ്‌പെല്ലുമായി കളി പഞ്ചാബിന്‍റെ വരുതിയിലാക്കുകയായിരുന്നു ബ്രാര്‍.
അഹമ്മദാബാദ്: ഐപിഎല്‍ പതിനാലാം സീസണില്‍ മികച്ച ഫോമിലുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ പഞ്ചാബ് കിംഗ്‌സ് 34 റണ്‍സിന്‍റെ ഗംഭീര ജയം നേടിയപ്പോള്‍ താരമായത് സ്‌പിന്നര്‍ ഹര്‍പ്രീത് ബ്രാറാണ്. വിരാട് കോലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, എ ബി ഡിവില്ലിയേഴ്‌സ് എന്നീ ബിഗ് ത്രീയെ പുറത്താക്കിയ സ്‌പെല്ലുമായി കളി പഞ്ചാബിന്‍റെ വരുതിയിലാക്കുകയായിരുന്നു ബ്രാര്‍.
മത്സരത്തില്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയ ഇടംകൈയന്‍ സ്‌പിന്നറെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ മുന്‍ പേസ് മിസൈല്‍ ബ്രെറ്റ് ലീ രംഗത്തെത്തി.
undefined
'ഈ നിമിഷം ബ്രാറിന്‍റെ കുടുംബാഗങ്ങളുടേയും സുഹൃത്തുക്കളുടേയും സന്തോഷം ആലോചിക്കുക. വിരാട് കോലിയെയും മാക്‌സ്‌വെല്ലിനെയും എബിഡിയെയും വീഴ്‌ത്തി. ബ്രാറിന് എത്ര മനോഹരമായ മത്സരമാണിത്. മൂന്ന് വമ്പന്‍ വിക്കറ്റുകള്‍' എന്നായിരുന്നു ലീയുടെ വാക്കുകള്‍. ന്യൂസിലന്‍ഡ് മുന്‍ ഓള്‍റൗണ്ടര്‍ സ്‌കോട്ട് സ്റ്റൈറിസും പഞ്ചാബ് താരത്തെ അഭിനന്ദിച്ചു. 'വിസ്‌മയകരമായ സ്‌പെല്ലാണിത്. മൂന്നാം മത്സരത്തില്‍ തന്നെ ഈ നേട്ടം ലഭിച്ചത് വലിയ കാര്യമാണ്. പഞ്ചാബിന് മുന്നോട്ടുള്ള യാത്രക്ക് ഇത് ജീവന്‍ നല്‍കും' എന്നായിരുന്നു സ്റ്റൈറിസിന്‍റെ വാക്കുകള്‍.
പതിനൊന്നാം ഓവറില്‍ വിരാട് കോലിയുടെ ലെഗ് സ്റ്റംപ് പിഴുതാണ് ബ്രാര്‍ തുടങ്ങിയത്. തൊട്ടടുത്ത പന്തില്‍ മാക്‌സിയുടെ ഓഫ് സ്റ്റംപ് കവര്‍ന്നു. തന്‍റെ അടുത്ത ഓവറില്‍ എബിഡിയെ രാഹുലിന്‍റെ കൈകളിലുമെത്തിച്ചു. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയ ബ്രാറിന്‍റെ മികവാണ് 180 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിനെ 20 ഓവറില്‍ എട്ടിന് 145ല്‍ ഒതുക്കിയത്. ഏഴാമനായിറങ്ങി 17 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 25 റണ്‍സെടുത്ത് ബാറ്റിംഗിലും ബ്രാര്‍ കഴിവ് തെളിയിച്ചു.
തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏറ്റവും കൃത്യതയോടെ തത്സമയം അറിയാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ലൈവ് ടിവി കാണൂ