ഗവാസ്കറുടെ വാക്കുകള്‍ സഞ്ജു നിഷ്കരുണം തള്ളി; അത് തനിക്ക് അംഗീകരിക്കാനാവില്ലെന്ന് തുറന്നു പറഞ്ഞ് ശ്രീശാന്ത്

By Web Team  |  First Published May 26, 2023, 11:31 AM IST

ഇത്തവണ ഐപിഎല്ലില്‍ രണ്ടോ മൂന്നോ മത്സരങ്ങളില്‍ സഞ്ജു മോശം ഷോട്ട് കളിച്ച് പുറത്തായിരുന്നു. രാജസ്ഥാന്‍റെ അവസാന ലീഗ് മത്സരത്തിലും ഇത്തരത്തില്‍ പുറത്തായത് കണ്ട് ഗവാസ്കര്‍ സാര്‍ സഞ്ജുവിനോട് പറഞ്ഞത്, ക്രീസിലെത്തിയാല്‍ ഒരു 10 പന്തെങ്കിലും പിടിച്ചു നില്‍ക്കൂ എന്നാണ്.


മുംബൈ: ഐപിഎല്ലില്‍ തുടക്കം ഗംഭീരമാക്കിയ രാജസ്ഥാന്‍ റോയല്‍സ് നേരിയ വ്യത്യാസത്തില്‍ പ്ലേ ഓഫിലെത്താതെ പുറത്തായപ്പോള്‍ മലയാളി താരം സഞ്ജു സാംസണിന്‍റെ ക്യാപ്റ്റന്‍സിയെയും നിര്‍ണായക ഘട്ടത്തില്‍ വിക്കറ്റ് വലിച്ചെറിയുന്ന രീതിയെയും നിരവധിപേര്‍ വിമര്‍ശിച്ചിരുന്നു. ജയിക്കാമായിരുന്ന പല കളികളിലും ഡെത്ത് ബൗളിംഗിലെ പിഴവുകള്‍ കൊണ്ട് കൈവിട്ടതാണ് ഇത്തവണ രാജസ്ഥാന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ തകര്‍ത്തത്.

അതുപോലെ തുടര്‍ച്ചയായ അര്‍ധസെഞ്ചുറികളുമായി സീസണിന്‍റെ തുടക്കം ഗംഭീരമാക്കിയ സഞ്ജു പിന്നീട് പല മത്സരങ്ങളിലും നിറം മങ്ങി. ക്രീസിലെത്തിയപാടെ അടിച്ചു തകര്‍ക്കാനുള്ള സഞ്ജുവിന്‍റെ ശ്രമമാണ് പലപ്പോഴും വിക്കറ്റ് നഷ്ടമാവാന്‍ കാരണമായത്. എന്നാല്‍ ക്രീസിലെത്തിയ ഒരു പത്ത് പന്തെങ്കിലും നേരിട്ട് പിച്ചിന്‍റെ സ്വഭാവം വിലയിരുത്തിയശേഷം ഷോട്ട് കളിക്കാന്‍ സുനില്‍ ഗവാസ്കര്‍ സഞ്ജുവിനെ ഉപദേശിച്ചിരുന്നുവെന്ന് മലയാളി താരം എസ് ശ്രീശാന്ത് സ്റ്റാര്‍ സ്പോര്‍ട്സിലെ ടോക് ഷോയില്‍ പറഞ്ഞു.

Latest Videos

undefined

ഞാന്‍ സഞ്ജുവിനെ പിന്തുണക്കുന്നു, കാരണം, അവന്‍ എനിക്ക് കീഴിലാണ് അണ്ടര്‍ 14 ക്രിക്കറ്റ് കളിച്ചു തുടങ്ങിയത്. കഴിഞ്ഞ നാലോ അ‍ഞ്ചോ വര്‍ഷമായി ഞാനവനെ കാണുമ്പോഴെല്ലാം, ഐപിഎല്ലില്‍ മാത്രമല്ല, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും സ്ഥിരതയാര്‍ന്ന നടത്തണമെന്ന് അവനെ ഉപദേശിക്കാറുണ്ട്. ഇഷാന്‍ കിഷനും റിഷഭ് പന്തും ഇപ്പോഴും അവന് മുന്നിലാണ്. പന്ത് ഇപ്പോള്‍ കളിക്കുന്നില്ല. പക്ഷെ ഞാനവനെ കണ്ടിരുന്നു. ആറോ എട്ടോ മാസത്തിനുള്ളില്‍ തിരിച്ചെത്താന്‍ കഴിയുമെന്നാണ് അവന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

ഇത്തവണ ഐപിഎല്ലില്‍ രണ്ടോ മൂന്നോ മത്സരങ്ങളില്‍ സഞ്ജു മോശം ഷോട്ട് കളിച്ച് പുറത്തായിരുന്നു. രാജസ്ഥാന്‍റെ അവസാന ലീഗ് മത്സരത്തിലും ഇത്തരത്തില്‍ പുറത്തായത് കണ്ട് ഗവാസ്കര്‍ സാര്‍ സഞ്ജുവിനോട് പറഞ്ഞത്, ക്രീസിലെത്തിയാല്‍ ഒരു 10 പന്തെങ്കിലും പിടിച്ചു നില്‍ക്കൂ എന്നാണ്. പിച്ചിന്‍റെ സ്വഭാവം മനസിലാക്കിയശേഷം അടിച്ചു കളിക്കു. നിന്‍റെ പ്രതിഭയെക്കുറിച്ച് ഞങ്ങള്‍ക്കറിയാം. നീ 12 പന്തില്‍ റണ്‍സൊന്നും അടിച്ചില്ലെങ്കിലും 25 പന്തില്‍ ഫിഫ്റ്റി അടിക്കാന്‍ നിനക്കാവും എന്ന് ഗവാസ്കര്‍ സഞ്ജുവിനോട് പറഞ്ഞു.

എന്നാല്‍ സഞ്ജു അതിന് മറുപടി നല്‍കിയത്, ഇല്ല, ഇതാണെന്‍റെ ശൈലി, ഇങ്ങനെ മാത്രമെ കളിക്കാനാവു എന്നായിരുന്നു. അത് തനിക്ക് അംഗീകരിക്കാനാവില്ലെന്ന് ശ്രീശാന്ത് സ്റ്റാര്‍ സ്പോര്‍ട്സിലെ ടോക് ഷോയില്‍ പറഞ്ഞു. ഐപിഎല്ലില്‍ കളിക്കുമ്പോള്‍ അതില്‍ നിന്ന് പരമാവധി നേട്ടമുണ്ടാക്കാനും മനോഭാവം മാറ്റാനും ശ്രീശാന്ത് സഞ്ജുവിനെ ഉപദേശിക്കുകയും ചെയ്തു. ഈ സീസണിലെ ആദ്യ രണ്ട് കളികളില്‍ 55, 42 റണ്‍സെടുത്ത സഞ്ജു പിന്നീട് തുടര്‍ച്ചയായ രണ്ട് കളികളില്‍ ഡക്കായിരുന്നു. സീസണില്‍ 14 കളികളില്‍ 362 റണ്‍സാണ് സഞ്ജു സ്കോര്‍ ചെയ്തത്.

click me!