ഐപിഎല്‍ പതിനാറാം സീസണില്‍ സൂര്യകുമാര്‍ യാദവിനേക്കാള്‍ മികച്ച സിക്‌സുകള്‍ പറത്തുന്ന താരങ്ങളുണ്ട് എന്ന് പറയുകയാണ് ഇന്ത്യന്‍ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര
മുംബൈ: ഐപിഎല്‍ പതിനാറാം സീസണിലെ സിക്‌സര്‍ രാജകളിലൊരാള്‍ മുംബൈ ഇന്ത്യന്‍സിന്‍റെ സൂര്യകുമാര്‍ യാദവാണ്. 13 മത്സരങ്ങളില്‍ 24 സിക്‌സറുകള്‍ സൂര്യയുടെ ബാറ്റില്‍ നിന്ന് പിറന്നുകഴിഞ്ഞു. ഇതിനേക്കാള്‍ സിക്‌സുകള്‍ നേടിയ മറ്റ് ആറ് താരങ്ങള്‍ സീസണിലുണ്ടെങ്കിലും മൈതാനത്തിന്‍റെ നാലുപാടും വെറൈറ്റി ഷോട്ടുകള്‍ കൊണ്ട് സിക്‌സുകള്‍ പായിക്കാന്‍ കഴിയുന്നതാണ് സ്കൈയുടെ പ്രത്യേകത. സൂര്യയുടെ സിക്‌സുകളുടെ ചന്തം മറ്റൊന്നുതന്നെ. അതിനാലാണ് സ്കൈയെ പലരും മിസ്റ്റര്‍ 360 എ ബി ഡിവില്ലിയേഴ്‌സുമായി താരതമ്യം ചെയ്യുന്നത്.
ഐപിഎല്‍ പതിനാറാം സീസണില്‍ സൂര്യകുമാര്‍ യാദവിനേക്കാള്‍ മികച്ച സിക്‌സുകള്‍ പറത്തുന്ന താരങ്ങളുണ്ട് എന്ന് പറയുകയാണ് ഇന്ത്യന്‍ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. 'ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ റണ്‍വേട്ടയില്‍ മൂന്നാമതുള്ള താരമാണ്. ഇരുപത്തിയൊമ്പത് വയസുകാരനാണ്. ശിവം ദുബെ ഉണ്ടാക്കിയ അത്രയും ഇംപാക്ട് മറ്റാരും സൃഷ്‌ടിച്ചില്ല. ദുബെയുടെ പ്രകടനമാണ് പോയിന്‍റ് പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കുതിക്കാനും പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുമുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഐപിഎല്ലിന്‍റെ ഈ സീസണില്‍ 13 ഇന്നിംഗ്‌സില്‍ ദുബെ 363 റണ്‍സ് നേടി. ഇതില്‍ 254 റണ്‍സും 7-15 ഓവറുകളില്‍ 155 സ്ട്രൈക്ക് റേറ്റിലായിരുന്നു. 120 പന്തെങ്കിലും നേരിട്ട താരങ്ങളില്‍ ഏറ്റവും മികച്ച മൂന്നാമത്തെ കണക്കാണിത്. സിക്‌സുകള്‍ ഹിറ്റ് ചെയ്യുന്നതില്‍ ദുബെ കേമനാണ്. മധ്യ ഓവറുകളില്‍ 22 സിക്‌സുകള്‍ നേടി. ഇന്ത്യന്‍ ബാറ്റര്‍മാരിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ശിവം ദുബെ നന്നായാണ് കളിക്കുന്നത്. അദേഹം കളിക്കുന്ന രീതി എനിക്കേറെ ഇഷ്ടമായി. ട്വന്‍റി 20 ക്രിക്കറ്റിന് ഉചിതമായ താരമാണ്. ഈ സീസണില്‍ ഇതുവരെ ഏറ്റവും മികച്ച സിക്‌സുകള്‍ നേടിയത് ദുബെയാണ്. അതിനാല്‍ ദുബെയെ ഭാവി താരമായി കണക്കാക്കാം' എന്നും ആകാശ് ചോപ്ര ജിയോ സിനിമയില്‍ പറഞ്ഞു.
undefined
നിരീക്ഷണവുമായി ഉത്തപ്പയും
'ശിവം ദുബെ തന്‍റെ ഗെയിമിലും ഫിറ്റ്‌നസിലും കാര്യമായി വര്‍ക്ക് ചെയ്‌തിട്ടുണ്ട്. പേസര്‍മാരെ നേരിടുന്നതില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. അതെല്ലാം പരിഹരിച്ചു. മികച്ച പുള്‍ ഷോട്ടുകളും ഹുക്ക് ഷോട്ടുകളും കളിക്കുന്നു. സ്‌പിന്നര്‍മാര്‍ക്കെതിരെ എപ്പോഴും മികച്ച താരമാണ്. ഹിറ്ററാണ്. സിഎസ്‌കെ ഫ്രാഞ്ചൈസിയും എം എസ് ധോണിയും അദേഹത്തിന് ഏറെ പിന്തുണ നല്‍കിയിട്ടുണ്ട്. ഒരു താരത്തെ എങ്ങനെ ഏറെ മികച്ചതാക്കാം എന്നതിന് ഉദാഹരണമാണ് ദുബെയുടെ കാര്യം എന്ന് മറ്റൊരു മുന്‍ ഇന്ത്യന്‍ താരം' റോബിന്‍ ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.