ബാറ്റര്‍ പോലും കയ്യടിച്ച് പോയി; മിന്നലെന്ന് പറഞ്ഞാല്‍ പോരാ! ചരിത്രം രചിക്കേണ്ട ക്യാച്ചായി മാറിയേനേ, പക്ഷേ...

By Web Team  |  First Published Apr 30, 2023, 3:25 PM IST

മായങ്ക് മാര്‍ക്കണ്ഡെ എറിഞ്ഞ 10-ാം ഓവറിലാണ് സംഭവം. ലോംഗ് ഓണിലായിരുന്ന ബ്രൂക്കിന്‍റെ ഹീറോയിസം. ബാറ്റ് ചെയ്ത മിച്ചല്‍ മാര്‍ഷ് പോലും ബ്രൂക്കിന്‍റെ മിന്നല്‍ പ്രകടനം കണ്ട് അഭിനന്ദിച്ചു


ദില്ലി: ബാറ്റിംഗില്‍ നിരാശപ്പെടുത്തിയെങ്കിലും ഫീല്‍ഡിംഗ് മികവ് കൊണ്ട് കയ്യടി നേടി സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം ഹാരി ബ്രൂക്ക്. സിക്സ് എന്ന് ഉറപ്പിച്ച മിച്ചല്‍ മാര്‍ഷിന്‍റെ ഒരു ഷോട്ട് അവിശ്വസനീയമായ തരത്തില്‍ ബൗണ്ടറി ലൈനില്‍ സേവ് ചെയ്യുകയായിരുന്നു ഹാരി ബ്രൂക്ക്. ഒരുപക്ഷേ, കൈപ്പിടിയില്‍ ഒതുക്കാൻ സാധിച്ചിരുന്നെങ്കില്‍ ഐപിഎല്ലിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളില്‍ ഒന്നായി അത് രേഖപ്പെടുമായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്.

മായങ്ക് മാര്‍ക്കണ്ഡെ എറിഞ്ഞ 10-ാം ഓവറിലാണ് സംഭവം. ലോംഗ് ഓണിലായിരുന്ന ബ്രൂക്കിന്‍റെ ഹീറോയിസം. ബാറ്റ് ചെയ്ത മിച്ചല്‍ മാര്‍ഷ് പോലും ബ്രൂക്കിന്‍റെ മിന്നല്‍ പ്രകടനം കണ്ട് അഭിനന്ദിച്ചു. അതേസമയം, ഐപിഎല്ലില്‍ മിച്ചല്‍ മാർഷിന്‍റെ ഓള്‍റൗണ്ട് മികവും ഫിലിപ് സാള്‍ട്ട്, അക്സർ പട്ടേല്‍ എന്നിവരുടെ വെടിക്കെട്ടും സ്വന്തം മൈതാനത്ത് ഡല്‍ഹി ക്യാപിറ്റല്‍സിന് ജയമൊരുക്കിയില്ല. അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് 9 റണ്‍സിന്‍റെ ജയം സ്വന്തമാക്കി. 198 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ക്യാപിറ്റല്‍സിന് 20 ഓവറില്‍ 188/6 എന്ന സ്കോറിലെത്താനേ കഴിഞ്ഞുള്ളൂ.

Mitchell Marsh appreciated Harry Brook's masterclass in the fielding department. pic.twitter.com/BuMXL4el9K

— Mufaddal Vohra (@mufaddal_vohra)

Latest Videos

ഫിഫ്റ്റികള്‍ നേടിയ ഫിലിപ് സാള്‍ട്ടും മിച്ചല്‍ മാർഷും 112 റണ്‍സിന്‍റെ ഗംഭീര കൂട്ടുകെട്ടുണ്ടാക്കിയത് പിന്നീട് വന്ന ഡല്‍ഹി ബാറ്റർമാർക്ക് മുതലാക്കാനായില്ല. മാർഷ് നേരത്തെ നാല് വിക്കറ്റും നേടിയിരുന്നു. എന്നാല്‍, വൻ തുക മുടക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലെത്തിച്ച ഹാരി ബ്രൂക്ക് ബാറ്റിംഗില്‍ വീണ്ടും നിരാശപ്പെടുത്തയതോടെ പരിഹാസം കുത്തനെ കൂട്ടിയിരിക്കുകയാണ് ആരാധകര്‍. ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെയുള്ള മത്സരത്തില്‍ സംപൂജ്യനായാണ് താരം പുറത്തായത്. 13, 3, 13, 100, 9, 18, 7, 0 എന്നിങ്ങനെയാണ് ഈ സീസണില്‍ ബ്രൂക്കിന്‍റെ പ്രകടനം. ഏകദേശം 14 കോടി മുടക്കി ടീമിലെത്തിച്ചത് എട്ട് മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഒന്നില്‍ തിളങ്ങാനാണോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ ചോദിക്കുന്നത്.

click me!