സൂപ്പ‍ർ താരത്തിന്‍റെ പകരക്കാരൻ; '2 വർഷത്തിൽ അവന്‍റെ പ്രതിഭ എത്രത്തോളമെന്ന് വ്യക്തമാകും'; പുകഴ്ത്തി ഹാര്‍ദിക്

By Web Team  |  First Published Apr 5, 2023, 6:55 PM IST

കെയ്ൻ വില്യംസണ് പരിക്കേറ്റതോടെ ആദ്യ മത്സരത്തിൽ ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ സായ് സുദർശൻ 22 റൺസ് നേടിയിരുന്നു.


ദില്ലി: ഡൽഹി ക്യാപിറ്റല്‍സിനെതിരെ  അർധ സെഞ്ച്വറിയുമായി ടീമിനെ ജയത്തിലെത്തിച്ച ഗുജറാത്ത് ടൈറ്റൻസിന്‍റെ യുവതാരം സായ്‍ സുദർശനെ പ്രശംസിച്ച് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. അടുത്ത രണ്ട് വർഷത്തിൽ സായ് സുദർശന്‍റെ പ്രതിഭ എത്രത്തോളമുണ്ടെന്ന് വ്യക്തമാകുമെന്നും നിരവധി നേട്ടങ്ങൾ അദ്ദേഹത്തിന് സാധ്യമാകുമെന്നും പാണ്ഡ്യ പറഞ്ഞു. ഡൽഹിക്കെതിരെ മൂന്നാമനായി ക്രീസിലെത്തിയ സായ് സുദർശൻ 48 പന്തിൽ 62 റൺസ് നേടി കളിയിലെ താരമായിരുന്നു.

കെയ്ൻ വില്യംസണ് പരിക്കേറ്റതോടെ ആദ്യ മത്സരത്തിൽ ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ സായ് സുദർശൻ 22 റൺസ് നേടിയിരുന്നു. 21കാരനായ സായ് സുദർശൻ ആഭ്യന്തര ക്രിക്കറ്റിൽ തമിഴ്നാടിന്‍റെ താരമാണ്. അതേസമയം, ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിനാണ് ഗുജറാത്ത് തകര്‍ത്തുവിട്ടത്. ഒരറ്റത്ത് നിലയുറപ്പിച്ച് അര്‍ധസെഞ്ചുറി നേടിയ സായ് സുദര്‍ശനും അവസാന ഓവറുകളിലെ വെടിക്കെട്ടുമായി ഡേവിഡ് മില്ലറുമാണ് നാല് വിക്കറ്റ് നഷ്ടത്തില്‍ 18.1 ഓവറില്‍ ഗുജറാത്തിന് ജയമൊരുക്കിയത്.

Latest Videos

സായ് സുദര്‍ശന്‍ (48 പന്തില്‍ 62), ഡേവിഡ് മില്ലര്‍ (16 പന്തില്‍ 31) പുറത്താവാതെ നിന്നു. സ്‌കോര്‍: ഡല്‍ഹി 162-8, ഗുജറാത്ത് 163-4. ഗുജറാത്തിന്റെ തുടക്കവും അത്ര നല്ലതൊന്നും ആയിരുന്നില്ല. 36 റണ്‍സിനിടെ ഇരു ഓപ്പണര്‍മാരെയും ബൗള്‍ഡാക്കി ആന്റിച്ച് നോര്‍ക്യ സീസണിലേക്ക് വരവറിയിച്ചു. വൃദ്ധിമാന്‍ സാഹ 7 പന്തില്‍ 14 ഉം ശുഭ്മാന്‍ ഗില്‍ 13 പന്തില്‍ 14 ഉം റണ്ണെടുത്ത് പുറത്തായി.

ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കും ബാറ്റ് പിഴച്ചു. 4 പന്തില്‍ 5 റണ്‍സെടുത്ത പാണ്ഡ്യയെ ഖലീല്‍ അഹമ്മദാണ് പറഞ്ഞയച്ചത്. സായ് സുദര്‍ശനൊപ്പം ചേര്‍ന്ന വിജയ് ശങ്കര്‍ ഗുജറാത്തിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. ടീം സ്‌കോര്‍ 100 കടന്നതിന് പിന്നാലെ ശങ്കറിനെ(23 പന്തില്‍ 29) മിച്ചല്‍ മാര്‍ഷ് എല്‍ബിയില്‍ കുടുക്കി. എന്നാല്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ സായ് സുദര്‍ശനും ഡേവിഡ് മില്ലറും ഗുജറാത്തിനെ വിജയതീരത്ത് എത്തിച്ചു. 

'തലയ്ക്കിട്ട് എറിയൂ...'; രോഹിത് സിംഗിൾ ഇട്ടപ്പോൾ ഇങ്ങനെ പറഞ്ഞത് കോലിയോ? വീഡിയോ പുറത്ത്, തര്‍ക്കം

click me!