അവന്‍ ഇന്ത്യക്കായി കളിക്കുന്നില്ലെന്ന് വിശ്വസിക്കാന്‍ പ്രയാസം; സഞ്ജുവിനെക്കുറിച്ച് ഓയിന്‍ മോര്‍ഗന്‍

By Web Team  |  First Published Apr 3, 2023, 11:45 AM IST

റഷീദിനെതിരെ അതുപോലെ ഷോട്ട് കളിക്കുന്നവര്‍ ലോക ക്രിക്കറ്റില്‍ തന്നെ അധികം പേരൊന്നുമില്ല. കാരണം, റഷീദിന്‍റെ പന്തുകള്‍ മനസിലാകുക എന്നത് വളരേയേറെ ബുദ്ധിമുട്ടാണ്.


ഹൈദരാബാദ്: ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് വിജയത്തുടക്കമിട്ടപ്പോള്‍ മുന്നില്‍ നിന്ന് നയിച്ചത് ക്യാപ്റ്റന്‍ സഞ്ജു സാംസണായിരുന്നു. 55 റണ്‍സുമായി രാജസ്ഥാന്‍റെ ടോപ് സ്കോററായ സഞ്ജു ജോസ് ബട്‌ലറും യശസ്വി ജയ്‌‌സ്വാളും നല്‍കിയ മിന്നല്‍തുടക്കം നഷ്ടമാവാതെ കാത്തു. അവസാന ഓവറുകളില്‍ സഞ്ജു പുറത്തായത് രാജസ്ഥാന്‍റെ സ്കോറിംഗ് വേഗത്തെ ബാധിക്കുകയും ചെയ്തു. 32 പന്തില്‍ മൂന്ന് ഫോറും നാലു സിക്സും പറത്തിയാണ് സഞ്ജു 55 റണ്‍സടിച്ചത്.

രാജസ്ഥാന്‍ ഇന്നിംഗ്സിനുശേഷം സഞ്ജുവിന്‍റെ പ്രകടനത്തെ മുന്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ വിലയിരുത്തി. ഇത്രയും മികച്ച പ്രകടനം നടത്തുന്ന സഞ്ജു ഇന്ത്യക്കായി സ്ഥിരമായി കളിക്കുന്നില്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് മോര്‍ഗന്‍ പറഞ്ഞു. അത്രമേല്‍ അനായസയതോടെയാണ് സഞ്ജു ഓരോ ഷോട്ടും കളിക്കുന്നത്. ബാക്ക് ഫൂട്ടില്‍ ഇത്രയും ശക്തിയോടെ ഷോട്ട് കളിക്കുന്നത് അവിശ്വസനീയമാണ്.

Latest Videos

സന്തോഷ സഞ്ജു; കൂറ്റന്‍ ജയത്തിന് ശേഷം മനസുതുറന്ന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍

ആദില്‍ റഷീദിനെതിരെ സഞ്ജു കളിച്ച ഷോട്ടുകള്‍ ലോക ക്രിക്കറ്റില്‍ തന്നെ അധികംപേരൊന്നും കളിച്ചിട്ടില്ല. ആദില്‍ റഷീദ് എറിഞ്ഞ പതിനൊന്നാമത്തെയും പതിനാറാമത്തെയും ഓവറുകളില്‍ സഞ്ജു ഡീപ് മിഡ്‌വിക്കറ്റിലൂടെയും ലോംഗ് ഓഫിന് മുകളിലൂടെയും സിക്സ് നേടിയിരുന്നു. റഷീദിനെതിരെ അതുപോലെ ഷോട്ട് കളിക്കുന്നവര്‍ ലോക ക്രിക്കറ്റില്‍ തന്നെ അധികം പേരൊന്നുമില്ല. കാരണം, റഷീദിന്‍റെ പന്തുകള്‍ മനസിലാകുക എന്നത് വളരേയേറെ ബുദ്ധിമുട്ടാണ്.

ഐപിഎല്ലില്‍ പതിവുപോലെ സഞ്ജു മനോഹരമായ തുടക്കമാണ് കുറിച്ചിരിക്കുന്നത്. ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങി, തകര്‍ത്തടിച്ച് അര്‍ധസെഞ്ചുറി നേടി. ഇത്തരം പ്രകടനങ്ങള്‍ സഞ്ജുവില്‍ നിന്ന് മുമ്പും ഉണ്ടായിട്ടുണ്ട്. ഇനി ഇതേ ഫോം ടൂര്‍ണമെന്‍റിലുടനീളം നിലനിര്‍ത്താനാവുമോ എന്നാണ് പ്രസക്തമായ ചോദ്യം. അതിന് കാലം മറുപടി പറയട്ടെയെന്നും മോര്‍ഗന്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ ടോക് ഷോയില്‍ പറഞ്ഞു. ബുധനാഴ്ച ഗുവാഹത്തിയില്‍ ശിഖര്‍ ധവാന്‍ നയിക്കുന്ന പഞ്ചാബ് കിംഗ്സിനെതിരെ ആണ് രാജസ്ഥാന്‍റെ അടുത്ത മത്സരം.

click me!