'സഞ്ജുവിന് ആ വലിയ ത്യാഗം ചെയ്യാനാകുമോ? പടിക്കലിന് സഹായകരമാകും'; വിലയിരുത്തി സഞ്ജയ് മഞ്ജരേക്കര്‍

By Web Team  |  First Published Apr 6, 2023, 3:49 PM IST

ഐപിഎല്‍ 2023 സീസണില്‍ പടിക്കല്‍ ബുദ്ധിമുട്ടുന്നതിന് കാരണം അദ്ദേഹത്തിന്‍റെ ആത്മവിശ്വാസ നില ഏറ്റവും താഴെയായത് കൊണ്ടാണെന്ന് സഞ്ജയ് പറഞ്ഞു


ഗുവാഹത്തി: രാജസ്ഥാൻ റോയല്‍സ് താരം ദേവദത്ത് പടിക്കലിന്‍റെ മോശം പ്രകടനത്തിന്‍റെ കാരണം ആത്മവിശ്വാസക്കുറവ് ആണെന്ന് മുൻ ഇന്ത്യൻ ബാറ്ററും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. പഞ്ചാബ് കിംഗ്സിന് എതിരെയുള്ള മത്സരത്തില്‍ 26 പന്തില്‍ 21 റണ്‍സ് മാത്രമാണ് പടിക്കലിന് നേടാനായത്. നിര്‍ണായക ഘട്ടത്തില്‍ പടിക്കലിന്‍റെ മോശം പ്രകടനം രാജസ്ഥാന്‍റെ തോല്‍വിക്കും കാരണമായെന്നാണ് വിലയിരുത്തല്‍.

ഐപിഎല്‍ 2023 സീസണില്‍ പടിക്കല്‍ ബുദ്ധിമുട്ടുന്നതിന് കാരണം അദ്ദേഹത്തിന്‍റെ ആത്മവിശ്വാസ നില ഏറ്റവും താഴെയായത് കൊണ്ടാണെന്ന് സഞ്ജയ് പറഞ്ഞു. വലിയ ഷോട്ടുകള്‍ കളിക്കാനും കളിയുടെ ടെമ്പോ ഉയർത്താനും പടിക്കല്‍ ശ്രമിച്ചു. പക്ഷേ, അത് നടന്നില്ല. ഗുവാഹത്തിയിലേത് പോലെയുള്ള ഒരു പിച്ചില്‍ താരത്തിന് അത് സാധിക്കുന്നില്ല എങ്കില്‍ അദ്ദേഹത്തിന്‍റെ ആത്മവിശ്വാസക്കുറവാണ് അത് കാണിക്കുന്നതെന്ന് സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.

Latest Videos

സഹതാരത്തെ സഹായിക്കാൻ സഞ്ജു സാംസണ് ഒരു ത്യാഗം ചെയ്യാൻ സാധിക്കുമോയെന്നും സഞ്ജയ് ചോദിച്ചു. നാലാം നമ്പറിലേക്ക് സഞ്ജു മാറിയാല്‍ പടിക്കലിന് മൂന്നാം നമ്പറില്‍ മെച്ചപ്പെട്ട രീതിയില്‍ കളിക്കാനായേക്കുമെന്നാണ് മുൻ ഇന്ത്യൻ താരം പറയുന്നത്. പടിക്കലിനെ രാജസ്ഥാൻ, ടീമില്‍ ഉള്‍പ്പെടുത്തുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് സ്ഥാനക്കയറ്റം നല്‍കണം. ഓപ്പണിംഗ് ബാറ്ററായിരുന്ന ഒരാള്‍ക്ക് നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്നത് പ്രയാസകരമാണ്.

സഞ്ജുവിന് നാലാം നമ്പറിലും ബാറ്റ് ചെയ്യാൻ സാധിക്കും. താരം അത് മുമ്പ് തെളിയിച്ചതാണെന്നും സഞ്ജയ് കൂട്ടിച്ചേര്‍ത്തു. ആവേശം അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് അഞ്ച് റണ്‍സിന്റെ തോല്‍വിയാണുണ്ടായത്. 198 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 42 റണ്‍സെടുത്ത സഞ്ജുവായിരുന്നു രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. 

മുകേഷ് അംബാനി തന്നെ സൂപ്പര്‍സ്റ്റാര്‍! ഏഷ്യയിലെ സമ്പന്നരിൽ ഒന്നാമൻ എന്നതില്‍ ഒതുങ്ങില്ല, വൻ നേട്ടം പേരിലാക്കി

click me!