വാര്‍ണര്‍ പൂജ്യത്തില്‍ പുറത്തായത് നന്നായി, അല്ലേല്‍ ടീം 50 റണ്ണിന് തോറ്റേനേ; നിര്‍ത്തിപ്പൊരിച്ച് ഹര്‍ഭജന്‍

By Web Team  |  First Published Apr 30, 2023, 3:17 PM IST

കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 9 റണ്ണിന് ക്യാപിറ്റല്‍സ് തോറ്റിരുന്നു


ദില്ലി: ഐപിഎല്‍ പതിനാറാം സീസണ്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് അത്ര നല്ല ഓര്‍മ്മയല്ല. കളിച്ച എട്ട് മത്സരങ്ങളില്‍ രണ്ടില്‍ മാത്രമാണ് ക്യാപിറ്റല്‍സ് ജയിച്ചത്. പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായതോടെ ഡല്‍ഹിയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ തുലാസിലായിരിക്കുകയാണ്. ഇതിന് പിന്നാലെ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 9 റണ്ണിന് ക്യാപിറ്റല്‍സ് തോറ്റിരുന്നു. 

'ഡല്‍ഹി ക്യാപിറ്റല്‍സിന് തിരിച്ചുവരാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ക്യാപ്റ്റനാണ് ഈ പരാജയത്തിന് എല്ലാ കാരണവും. ടീമിനെ നന്നായി നയിച്ചില്ല. വാര്‍ണറുടെ ഫോമും ഒരു പ്രശ്‌നമാണ്. വാര്‍ണര്‍ ഏറെ നിരാശപ്പെടുത്തി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സരത്തില്‍ വാര്‍ണര്‍ നേരത്തെ പുറത്തായി. അതുകൊണ്ട് മാത്രമാണ് ഡല്‍ഹി വിജയത്തിന് അരികിലെങ്കിലും എത്തിയത്. അല്ലെങ്കില്‍ വാര്‍ണര്‍ 50 പന്തുകള്‍ കളിക്കുകയും അത്രയും പന്തുകള്‍ പാഴാക്കുകയും ഡല്‍ഹി ക്യാപിറ്റല്‍സ് 50 റണ്‍സിന് പരാജയപ്പെടുകയും ചെയ്യുമായിരുന്നു' എന്ന് ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.

Latest Videos

undefined

സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയിലുണ്ടെങ്കിലും ഡേവിഡ് വാര്‍ണറുടെ സ്ട്രൈക്ക് റേറ്റിനെ ചോദ്യം ചെയ്യുകയാണ് ഭാജി. 'എട്ട് കളിയില്‍ 38.5 ശരാശരിയില്‍ 306 റണ്‍സുള്ളപ്പോള്‍ 118.60 മാത്രമാണ് വാര്‍ണറുടെ പ്രഹരശേഷി. മത്സര ശേഷം സമ്മാനദാനവേളയില്‍ വാര്‍ണര്‍ പറയുന്നത് തോല്‍വിയുടെ കാരണം മറ്റ് താരങ്ങളാണ് എന്നതാണ്. എന്നാല്‍ വാര്‍ണര്‍ എന്താണ് ചെയ്യുന്നത്. മുന്നൂറിലധികം റണ്‍സ് നേടിയപ്പോള്‍ സ്‌ട്രൈക്ക് റേറ്റ് നോക്കുക. റണ്‍സിനോടുള്ള നീതി വാര്‍ണര്‍ സ്‌ട്രൈക്ക് റേറ്റിന്‍റെ കാര്യത്തില്‍ കാണിച്ചില്ല. എന്തുകൊണ്ട് ഡല്‍ഹി പോയിന്‍റ് പട്ടികയില്‍ അവസാനം നില്‍ക്കുന്നു എന്നതിന് കാരണം കണ്ണാടിയില്‍ നോക്കിയാല്‍ വാര്‍ണര്‍ക്ക് സ്വയം മനസിലാകും' എന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു. 

Read more: പന്തെറിഞ്ഞതും ബാറ്റ് ചെയ്‌തതും ക്യാച്ചെടുത്തതും അഫ്‌ഗാന്‍ താരങ്ങള്‍! ഐപിഎല്ലില്‍ അത്യപൂര്‍വ നിമിഷം

click me!