കണക്കുകളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; യുവത്വത്തിന്റെ പ്രസരിപ്പില്‍ ഡല്‍ഹി കാപിറ്റല്‍സ്

By Web Team  |  First Published Sep 25, 2020, 5:13 AM IST

യുവനിരയുടെ കരുത്തുമായെത്തുന്ന ഡല്‍ഹി കാപിറ്റല്‍സാണ് ചെന്നൈയുടെ എതിരാളി. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം.


ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് മൂന്നാം മത്സരത്തിനിറങ്ങുന്നു. യുവനിരയുടെ കരുത്തുമായെത്തുന്ന ഡല്‍ഹി കാപിറ്റല്‍സാണ് ചെന്നൈയുടെ എതിരാളി. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം. എം എസ് ധോണി നയിക്കുന്ന സിഎസ്‌കെ കഴിഞ്ഞ മത്സരത്തില്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് പരാജയപ്പെട്ടിരുന്നു. ശ്രയസ് അയ്യരുടെ കീഴിലെത്തുന്ന ഡല്‍ഹിയാവട്ടെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ സൂപ്പര്‍ ഓവറില്‍ മറികടന്നാണ് രണ്ടാം മത്സരത്തിനിറങ്ങുന്നത്. 

നേര്‍ക്കുനേര്‍

Latest Videos

undefined

ഇതിന് മുമ്പ് 21 മത്സരങ്ങളില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നു. അതില്‍ 15 തവണയും ജയം ചെന്നൈയ്‌ക്കൊപ്പമായിരുന്നു. ആറ് മത്സരങ്ങളില്‍ ഡല്‍ഹി ജയിച്ചു. അവസാനം നടന്ന അഞ്ച് മത്സരങ്ങളില്‍ നാലിലും ജയം ചെന്നൈയ്ക്കായിരുന്നു. മുന്‍കാല മത്സരങ്ങളില്‍ മുന്‍തൂക്കം ചെന്നൈയ്ക്കാണെങ്കിലും ഇത്തവണ മറ്റൊരു ടീമാണ് ഡല്‍ഹി. ഇത്തവണ കിരീടം നേടുമെന്ന് കരുതപ്പെടുന്നവരില്‍ ഒന്നാമതാണ് അവര്‍. 

ചെന്നൈയ്ക്ക് പ്രശ്‌നം പരിക്ക്

രണ്ട് പ്രധാന താരങ്ങള്‍ക്കാണ് ചെന്നൈ നിരയില്‍ പരിക്കേറ്റിരുന്നത്. പരിശീലനത്തിനിടെ പേശിവലിവ് അനുഭവപ്പെട്ട അമ്പാട്ടി റായുഡു ഇന്ന് കളിക്കാനിടയില്ല. കാല്‍മുട്ടിന് പരിക്കേറ്റ് ഡ്വെയ്ന്‍ ബ്രാവോയും ടീമിലുണ്ടാവില്ല. എന്നാല്‍ ചെന്നൈ നിരയില്‍ രണ്ട് മാറ്റങ്ങളുണ്ടായേക്കും. ലുങ്കി എന്‍ഗിടിക്ക് പകരം സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ ടീമിലെത്തും. മുരളി വിജയ്ക്ക് പകരം ഒരു ബൗളറേയും ടീമിലുള്‍പ്പെടുത്തും. 

അശ്വിനും ഉറപ്പില്ല

ഡല്‍ഹി നിരയില്‍ ആര്‍ അശ്വിന്റെ കാര്യം ഉറപ്പില്ല. ആദ്യ മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ പന്തെറിയുമ്പോഴാണ് അശ്വിന് പരിക്കേറ്റത്. തോളിനേറ്റ പരിക്കില്‍ നിന്ന് താരം പൂര്‍ണമായും മുക്തനായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. അശ്വിന്‍ പുറത്തിരുന്നാല്‍ അമിത് മിശ്ര ടീമിലെത്തും. 

സാധ്യതാ ഇലവന്‍

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: ഷെയ്ന്‍ വാട്‌സണ്‍, ഫാഫ് ഡു പ്ലെസിസ്, ഋതുരാജ് ഗെയ്കവാദ്, സാം കറന്‍, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, എം എസ് ധോണി (ക്യാപ്റ്റന്‍/ വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, ഷാര്‍ദുള്‍ ഠാകൂര്‍/ കരണ്‍ ശര്‍മ, പിയൂഷ് ചൗള, ലുഗി എന്‍ഗിടി/ ഇമ്രാന്‍ താഹിര്‍. 

ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍, ശ്രയസ് അയ്യര്‍ (ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), മാര്‍കസ് സ്റ്റോയിനിസ്, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍/ അമിത് മിശ്ര, കഗിസോ റബാദ, മോഹിത് ശര്‍മ.

click me!