മുംബൈ തകര്‍ന്ന പിച്ചില്‍ അനായാസമാണ് ചെന്നൈ ചേസിംഗ് തുടങ്ങിയത്. ജോഫ്ര ആര്‍ച്ചറെയും അര്‍ഷദ് ഖാനെയുമെല്ലാം പവര്‍ പ്ലേയില്‍ കഷ്ടപ്പെടുത്തി ചെന്നൈ കുതിച്ച് കയറി.
ചെന്നൈ: ചേസിംഗ് ഹീറോകളായി ചെപ്പോക്കിലെത്തിയ മുംബൈ ഇന്ത്യൻസിനെ കുരുക്കിട്ട് വീഴ്ത്തി വിജയമാഘോഷിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. 140 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ 17.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അനായാസം വിജയകടമ്പ കടന്നു. സൂപ്പര്‍ കിംഗ്സിനായി ഡെവോണ്‍ കോണ്‍വെ (42 പന്തില്‍ 44) മുന്നില്‍ നിന്ന് പട നയിച്ചു. മുംബൈ നിരയില്‍ രണ്ട് വിക്കറ്റ് നേടിയ പിയൂഷ് ചൗളയ്ക്ക് മാത്രമാണ് കാര്യമായ പ്രകടനം കാഴ്ചവയ്ക്കാനായത്. ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 64 റണ്‍സെടുത്ത നെഹാല്‍ വധേരയാണ് മുംബൈയെ രക്ഷിച്ച് നിര്‍ത്തിയത്. സൂര്യകുമാര്‍ യാദവിന്‍റെ 26 റണ്‍സും നിര്‍ണായകമായി. ചെന്നൈക്കായി മതീക്ഷ പതിറാണ മൂന്ന് വിക്കറ്റുകള്‍ നേടി. ദീപക് ചഹാറും തുഷാര്‍ ദേശ്പാണ്ഡെയും രണ്ട് വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി.
നായകൻ സംപൂജ്യൻ, രക്ഷിച്ച് വധേര
undefined
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ എല്ലാവരെയും ആദ്യമൊന്ന് ഞെട്ടിച്ചു. നായകൻ രോഹിത് ശര്‍മ്മയ്ക്ക് പകരം ഇഷാൻ കിഷനൊപ്പം കാമറൂണ്‍ ഗ്രീനാണ് ഓപ്പണിംഗിന് എത്തിയത്. എന്നാല്‍, തുടക്കത്തിലേ വിക്കറ്റ് നഷ്ടപ്പെടുത്തുന്ന പതിവിന് മാത്രം മാറ്റമുണ്ടായില്ല. ഇത്തവണ ഗ്രീനാണ് (നാല് പന്തില്‍ ആറ്) നിരാശപ്പെടുത്തി മടങ്ങിയത്. ഇഷാനും (ഒമ്പത് പന്തില്‍ ഏഴ്) കാര്യമായ സംഭാവനകള്‍ നല്‍കാതെ മടങ്ങി.
മൂന്നാമനായെത്തിയ രോഹിത് സ്കോര്‍ ബോര്‍ഡ് ഒന്ന് തുറക്കുക പോലും ചെയ്യാതെ തിരികെ കയറിയത് മുംബൈക്ക് കനത്ത ക്ഷീണമായി മാറി. പിന്നീട് ഒത്തുച്ചേര്‍ന്ന നെഹാല്‍ വധേര - സൂര്യകുമാര്‍ യാദവ് സഖ്യമാണ് ടീമിനെ ദുരവസ്ഥയില്‍ നിന്ന് കരകയറ്റിയത്. വധേര ഒരറ്റത്ത് ക്ഷമയോടെ പിടിച്ചുനിന്നു. 22 പന്തില്‍ 26 റണ്‍സെടുത്ത സൂര്യയെ രവീന്ദ്ര ജഡേജ പുറത്താക്കുകയും ചെയ്തു. കൂട്ടത്തകര്‍ച്ചക്കിടെ മുംബൈക്ക് താങ്ങും തണലുമായി മാറാൻ വധേരയ്ക്ക് സാധിച്ചു.
46 പന്തിലാണ് താരം അര്‍ധ സെഞ്ചുറി തികച്ചത്. ജഡേജയെ ഒരോവറില്‍ മൂന്ന് വട്ടം ഫോറിന് പായിച്ച് വധേര മുന്നേറുകയും ചെയ്തു. പക്ഷേ, മതീക്ഷ പതിറാണയുടെ അളന്നുമുറിച്ച പന്ത് വധേരയുടെ വിക്കറ്റുകള്‍ തെറിപ്പിച്ചു. 51 പന്തില്‍ 64 റണ്‍സാണ് വധേര കുറിച്ചത്. പകരമെത്തിയ ടിം ഡേവിഡിനും അവസാന ഓവറുകള്‍ കത്തിക്കാനാകാതെ വന്നതോടെ മുംബൈയുടെ 150 കടക്കാമെന്ന പ്രതീക്ഷയും അസ്തമിച്ചു.
അനായാസം സൂപ്പര്‍ കിംഗ്സ്
മുംബൈ തകര്‍ന്ന പിച്ചില്‍ അനായാസമാണ് ചെന്നൈ ചേസിംഗ് തുടങ്ങിയത്. ജോഫ്ര ആര്‍ച്ചറെയും അര്‍ഷദ് ഖാനെയുമെല്ലാം പവര്‍ പ്ലേയില്‍ കഷ്ടപ്പെടുത്തി ചെന്നൈ കുതിച്ച് കയറി. പിയൂഷ് ചൗളയെ എത്തിച്ചാണ് രോഹിത് ശര്‍മ്മ ആദ്യ വിക്കറ്റ് വീഴ്ത്തിച്ചത്. 16 പന്തില്‍ 30 റണ്‍സുമായി റുതുരാജ് ഗെയ്ക്വാദ് മടങ്ങി. മികവോടെ തുടങ്ങിയ അജിൻക്യ രഹാനെയയും (16 പന്തില്‍ 21) ചൗള തന്നെ വിക്കറ്റിന് മുന്നില്‍ കുടുക്കി. വലിയ വിജയ ലക്ഷ്യം മുന്നില്‍ ഇല്ലാത്തതിനാല്‍ ഒരുഘട്ടത്തിലും ചെന്നൈക്ക് പതറേണ്ടി വന്നില്ല.
സിംഗിളുകളും ഡബിളുകളുമായി സ്കോര്‍ ബോര്‍ഡില്‍ റണ്‍സ് വന്നുകൊണ്ടേയിരുന്നു. ഇംപാക്ട് പ്ലെയറായി എത്തിയ അമ്പാട്ടി റായിഡു ഒരു സിക്സ് പറത്തിയെങ്കിലും തൊട്ടടുത്ത പന്തില്‍ സ്റ്റബ്സിന് വിക്കറ്റ് സമ്മാനിച്ചു. ശിവം ദുബൈ ക്രീസിലെത്തിയതോടെ മുംബൈയുടെ ആകെയുള്ള പ്രതീക്ഷകളും തീര്‍ന്നു. കോണ്‍വയെ ആകാശ് കുരുക്കിയെങ്കിലും അപ്പോഴേക്കും കാര്യങ്ങള്‍ മുംബൈയില്‍ നിന്ന് കൈവിട്ടു പോയിരുന്നു. ആരവങ്ങള്‍ക്ക് നടുവിലേക്ക് ഇതോടെ ധോണി എത്തി. മുംബൈയെ നിരാശപ്പെടുത്തി വിജയ റണ്‍ കുറിക്കാനും ധോണിക്ക് സാധിച്ചു.