ഗില്ലാട്ടത്തിനുള്ള തട്ടകമോ, അതോ ബൗളിംഗ് പറുദീസയോ; അഹമ്മദാബാദ് പിച്ചില്‍ പ്രതീക്ഷിക്കേണ്ടത്

By Web Team  |  First Published May 27, 2023, 8:07 PM IST

പൊതുവേ ബാറ്റര്‍മാരെ പിന്തുണയ്‌ക്കുന്നതാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിന്‍റെ ചരിത്രം


അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സോ ചെന്നൈ സൂപ്പര്‍ കിംഗ്‌സോ? ഐപിഎല്‍ പതിനാറാം സീസണിലെ കിരീടധാരികള്‍ ആരാകുമെന്ന് ഞായറാഴ്‌ച അറിയാം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് കിരീടത്തിനായി ഹോം ടീമായ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഏറ്റുമുട്ടുക. ടൈറ്റന്‍സിനെ ഹാര്‍ദിക് പാണ്ഡ്യയും സിഎസ്‌കെയെ എം എസ് ധോണിയും നയിക്കുമ്പോള്‍ ഫൈനലിന് മുന്നോടിയായി അഹമ്മദാബാദിലെ പിച്ച് റിപ്പോര്‍ട്ട് പരിശോധിക്കാം. 

പൊതുവേ ബാറ്റര്‍മാരെ പിന്തുണയ്‌ക്കുന്നതാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിന്‍റെ ചരിത്രം. എന്നാല്‍ ന്യൂബോളില്‍ പേസര്‍മാര്‍ക്ക് സ്വിങ് കിട്ടാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ഇവിടുത്തെ ശരാശരി ആദ്യ ഇന്നിംഗ്‌സ് സ്കോര്‍ 168 ഉം രണ്ടാം ഇന്നിംഗ്‌സിലേത് 155 ഉം ആണ്. ഇവിടെ നടന്ന അവസാന മത്സരം ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള രണ്ടാം ക്വാളിഫയറായിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ടൈറ്റന്‍സ് 60 പന്തില്‍ 129 നേടിയ ശുഭ്‌മാന്‍ ഗില്ലിന്‍റെ കരുത്തില്‍ 233 റണ്‍സാണ് ഇവിടെ അടിച്ചുകൂട്ടിയത്. മുംബൈയുടെ മറുപടി ബാറ്റിംഗ് 18.2 ഓവറില്‍ 171 റണ്‍സില്‍ അവസാനിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ മുംബൈ ബാറ്റിംഗിന്‍റെ തുടക്കത്തില്‍ തന്നെ ടൈറ്റന്‍സ് പേസര്‍ മുഹമ്മദ് ഷമി ഓപ്പണര്‍മാരെ മടക്കുന്നതും മികച്ച സ്വിങ് കണ്ടെത്തുന്നതും കാണാനായി. 

Latest Videos

undefined

അഹമ്മദാബാദില്‍ ഞായറാഴ്‌ച ഇന്ത്യന്‍സമയം വൈകിട്ട് 7.30നാണ് ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലുള്ള ഐപിഎല്‍ ഫൈനല്‍ ആരംഭിക്കുക. മത്സരം സ്റ്റാര്‍ സ്പോര്‍ട്‌സിലൂടെയും ജിയോ സിനിമയിലൂടേയും ആരാധകര്‍ക്ക് തല്‍സമയം കാണാം. സിഎസ്‌കെയുടെ പത്താം ഫൈനലാണ് ഇത്. നാല് തവണ കിരീടം നേടിയ ചെന്നൈക്ക് ഇത്തവണ ജയിച്ചാൽ മുംബൈയുടെ അഞ്ച് കിരീടങ്ങള്‍ എന്ന റെക്കോർഡിനൊപ്പമെത്താം. അതേസമയം തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ കളിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ് കപ്പ് നിലനിര്‍ത്താനാണ് ഇറങ്ങുന്നത്. സീസണിലെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഗുജറാത്ത് ടൈറ്റന്‍സ് തോൽപിച്ചിരുന്നു. എന്നാൽ പ്ലേ ഓഫിലെ ആദ്യ ക്വാളിഫയറിൽ ഗുജറാത്തിനെ തോൽപിച്ച് പകരംവീട്ടിയാണ് ചെന്നൈ ഫൈനലിലെത്തിയത്.

Read more: കപ്പ് തൊട്ടാല്‍ മതി; ഒന്നിലേറെ റെക്കോര്‍ഡുകള്‍ക്ക് തൊട്ടരികെ ധോണിയും സിഎസ്‌കെയും

click me!