2018ല്‍ രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷമുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ തിരിച്ചുവരവില്‍ ബാറ്റിംഗ് ഹീറോയായിരുന്നു അമ്പാട്ടി റായുഡു
അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലിന് മുമ്പ് ആരാധകര്‍ക്ക് അപ്രതീക്ഷിത വാര്‍ത്ത. ടൈറ്റന്‍സിനെതിരായ ഫൈനലോടെ സിഎസ്‌കെ മധ്യനിര ബാറ്റര്‍ അമ്പാട്ടി റായുഡു ഐപിഎല്ലില്‍ നിന്ന് വിരമിക്കും. ഐപിഎല്‍ കരിയറില്‍ 200ലേറെ മത്സരങ്ങള്‍ കളിച്ച താരങ്ങളിലൊരാളാണ് 36കാരനായ റായുഡു. 203 മത്സരങ്ങളില്‍ ഒരു സെഞ്ചുറിയും 22 അര്‍ധസെഞ്ചുറികളും സഹിതം 28.29 ശരാശരിയിലും 127.29 സ്ട്രൈക്ക് റേറ്റിലും റായുഡു 4329 റണ്‍സ് അടിച്ചുകൂട്ടി. പുറത്താവാതെ നേടിയ 100* ആണ് ഉയര്‍ന്ന സ്കോര്‍. വിരമിക്കല്‍ തീരുമാനത്തില്‍ ഇനിയൊരു മാറ്റമുണ്ടാകില്ലെന്നും റായുഡു വ്യക്തമാക്കി.
2018ല്‍ രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷമുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ തിരിച്ചുവരവില്‍ ബാറ്റിംഗ് ഹീറോയായിരുന്നു അമ്പാട്ടി റായുഡു. അന്ന് 16 മത്സരങ്ങളില്‍ 43.00 ആവറേജിലും 149.75 പ്രഹരശേഷിയിലും ഒരു ശതകവും മൂന്ന് അര്‍ധ സെഞ്ചുറികളോടെയും 602 റണ്‍സ് പേരിലാക്കി. റായുഡുവിന്‍റെ കരിയറില്‍ ഒരു സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോറും ഇതുതന്നെ. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് പുറമെ ഐപിഎല്ലിലെ മറ്റൊരു വമ്പന്‍ ടീമായ മുംബൈ ഇന്ത്യന്‍സിനായും റായുഡു കളിച്ചിട്ടുണ്ട്. 2010ല്‍ മുംബൈ ഇന്ത്യന്‍സിലൂടെ ഐപിഎല്ലില്‍ അരങ്ങേറിയ താരം അവിടെ 2017 വരെ കളിച്ചപ്പോള്‍ മൂന്ന് കിരീടങ്ങള്‍ സ്വന്തമാക്കി. 2018ല്‍ സിഎസ്‌കെയിലേക്ക് ചുവടുമാറി. ഐപിഎല്‍ 2022 സീസണിന് ശേഷം റായുഡു വിരമിക്കുന്നതായി ട്വീറ്റ് ചെയ്‌തിരുന്നെങ്കിലും ഉടന്‍ തന്നെ ഡിലീറ്റ് ചെയ്‌തിരുന്നു. ഇക്കുറി തീരുമാനം മാറ്റില്ലെന്നാണ് റായുഡുവിന്‍റെ പ്രഖ്യാപനം.
undefined
വിശദീകരിച്ച് ട്വീറ്റ്
'മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നീ രണ്ട് ഇതിഹാസ ടീമുകള്‍, 204 മത്സരങ്ങള്‍, 14 സീസണുകള്‍, 11 പ്ലേ ഓഫുകള്‍, എട്ട് ഫൈനലുകള്‍, അഞ്ച് കിരീടങ്ങള്‍, ആറാം കിരീടം ഇന്ന് പ്രതീക്ഷിക്കുന്നു. ഇതൊരു വലിയ യാത്രയായിരുന്നു. ഐപിഎല്‍ കരിയറിന് ഇന്ന് രാത്രിയിലെ മത്സരത്തോടെ വിരാമമിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. മഹത്തായ ടൂര്‍ണമെന്‍റായ ഐപിഎല്ലില്‍ കളിക്കുന്നത് ആസ്വദിച്ചിരുന്നു. എല്ലാവര്‍ക്കും നന്ദി, വിരമിക്കല്‍ തീരുമാനത്തില്‍ മാറ്റമൊന്നുമുണ്ടാകില്ല' എന്നുമാണ് ട്വിറ്ററിലൂടെ അമ്പാട്ടി റായുഡുവിന്‍റെ വാക്കുകള്‍. ഈ സീസണില്‍ നിറംമങ്ങിയ അമ്പാട്ടി റായുഡു 15 കളിയില്‍ 139 റണ്‍സേ നേടിയുള്ളൂ. 27* ആണ് ഉയര്‍ന്ന സ്കോര്‍. ബാറ്റിംഗ് ശരാശരി 15.44 മാത്രമേയുള്ളൂ.
Read more: ചരിത്രമെഴുതി പ്രണോയി! മലേഷ്യ മാസ്റ്റേഴ്‌സ് കിരീടം സ്വന്തം; ഇരട്ട റെക്കോര്‍ഡ്
2 great teams mi nd csk,204 matches,14 seasons,11 playoffs,8 finals,5 trophies.hopefully 6th tonight. It’s been quite a journey.I have decided that tonight’s final is going to be my last game in the Ipl.i truly hav enjoyed playing this great tournament.Thank u all. No u turn 😂🙏
— ATR (@RayuduAmbati)