ഐപിഎല്ലില്‍ പഞ്ചാബും രാജസ്ഥാനും ഏറ്റുമുട്ടിയപ്പോഴൊക്കെ വലിയ പോരാട്ടങ്ങള്‍ തന്നെ നടന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ അവസാന ഓവര്‍ വരെ ആവേശമെത്തിയിരുന്നു
ഗുവാഹത്തി: ഐപിഎല്‍ 2023 സീസണില്‍ അവസാന ഓവര്‍ വരെ ആവേശം നീണ്ട മത്സരത്തില്‍ പഞ്ചാബ് കിംഗ്സ് രാജസ്ഥാൻ റോയല്‍സിനെ മുട്ടുകുത്തിച്ചിരുന്നു. പഞ്ചാബ് കിംഗ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് അഞ്ച് റണ്‍സിന്റെ തോല്‍വിയാണുണ്ടായത്. 198 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 42 റണ്‍സെടുത്ത സഞ്ജുവായിരുന്നു രാജസ്ഥാന്റെ ടോപ് സ്‌കോറര്‍.
ഐപിഎല്ലില്‍ പഞ്ചാബും രാജസ്ഥാനും ഏറ്റുമുട്ടിയപ്പോഴൊക്കെ വലിയ പോരാട്ടങ്ങള്‍ തന്നെ നടന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ അവസാന ഓവര്‍ വരെ ആവേശമെത്തിയിരുന്നു. ഇന്നലെയും ഈ പതിവിന് മാറ്റമുണ്ടായില്ല. ഇന്നലത്തെ മത്സരത്തിന് മുമ്പുള്ള രാജസ്ഥാന്‍റെ ട്വീറ്റും അതിനുള്ള മറുപടികളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. രാജസ്ഥാൻ - പഞ്ചാബ് മത്സരം കൂടാതെ കോപ്പ ഡെല്‍ റേ സെമിയില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള മത്സരവും ഇന്നലെ രാത്രിയുണ്ടായിരുന്നു.
എല്‍ ക്ലാസിക്കോ എന്ന് വിളിക്കപ്പെടുന്ന റയല്‍ - ബാഴ്സ പോര് ഫുട്ബോള്‍ ലോകത്തെ ഏറ്റവും വാശിയേറിയ മത്സരങ്ങളിലൊന്നാണ്. ഇതിന്‍റെ കൂടെ പശ്ചാത്തലത്തില്‍ പഞ്ചാബുമായുള്ള പോരാട്ടത്തെ എല്‍ ക്ലാസിക്കോ എന്ന് വിളിച്ച് രാജസ്ഥാൻ റോയല്‍സ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ഒരു പോസ്റ്റിട്ടിരുന്നു.
കുഞ്ഞന്മാരുടെ എല്‍ ക്ലാസിക്കോ എന്നാണ് ആര്‍സിബി ആരാധകനെന്ന് സൂചിപ്പിക്കുന്ന ഒരാള്‍ ഇതിന് മറുപടി നല്‍കിയത്. ഇതിന് കുറിക്ക് കൊള്ളുന്ന മറുപടിയാണ് റോയല്‍സ് നല്‍കിയത്. പ്രൊഫൈല്‍ പടം കൊള്ളാമെന്നുള്ള മറുപടി ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ഐപിഎല്‍ ആരംഭിച്ചപ്പോള്‍ മുതലുള്ള ടീമുകളില്‍ ഇതുവരെ കിരീടം നേടാത്ത മൂന്ന് ടീമുകളില്‍ ഒന്നാണ് ആര്‍സിബി. 2008ല്‍ കന്നി ഐപിഎല്‍ സീസണില്‍ കിരീടം നേടി ചരിത്രം സൃഷ്ടിച്ച ടീമാണ് രാജസ്ഥാൻ റോയല്‍സ്.