ഐപിഎല്‍ സീസണിലെ ഏറ്റവും ചീറ്റിയ പടക്കമായി ഡികെ; കണക്കുകള്‍ ആരെയും നാണിപ്പിക്കും

By Web Team  |  First Published May 2, 2023, 5:07 PM IST

'ദ് ഫിനിഷര്‍' എന്നായിരുന്നു കഴിഞ്ഞ സീസണില്‍ ദിനേശ് കാര്‍ത്തിക്കിനുള്ള വിശേഷണം


ലഖ്‌നൗ: ഐപിഎല്ലിലെ മികവ് കൊണ്ട് ഇന്ത്യയുടെ ട്വന്‍റി 20 ലോകകപ്പ് ടീമിലേക്ക് മടങ്ങിയെത്തിയ താരമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. 'ദ് ഫിനിഷര്‍' എന്നായിരുന്നു കഴിഞ്ഞ സീസണില്‍ ദിനേശ് കാര്‍ത്തിക്കിനുള്ള വിശേഷണം. എന്നാല്‍ ഐപിഎല്‍ പതിനാറാം സീസണില്‍ മൂന്നാം നമ്പര്‍ മുതല്‍ ഫിനിഷറുടെ റോളില്‍ വരെ ഇറക്കിയിട്ട് ഡികെ അമ്പേ പരാജയപ്പെടുന്നതാണ് ആരാധകര്‍ കണ്ടത്. 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 2021 സീസണില്‍ 17 കളികളില്‍ 223 റണ്‍സാണ് ദിനേശ് കാര്‍ത്തിക് നേടിയിരുന്നത്. 2022 സീസണായപ്പോള്‍ ഡികെ ആകെ മാറി. ഫിനിഷറുടെ റോളില്‍ ആര്‍സിബിക്കായി തിളങ്ങിയതോടെ ദിനേശ് കാര്‍ത്തിക് നീണ്ട ഇടവേളയ്‌ക്ക് ഇന്ത്യന്‍ ട്വന്‍റി 20 ടീമിലേക്ക് മടങ്ങിയെത്തി. സഞ്ജു സാംസണ്‍ ഉള്‍പ്പടെയുള്ള പല താരങ്ങളേയും മറികടന്ന് ടി20 ലോകകപ്പ് സ്‌ക്വാഡില്‍ ഇടംപിടിച്ചു. ഐപിഎല്ലിന്‍റെ പതിനഞ്ചാം സീസണില്‍ 16 കളികളില്‍ 10ലും ഡികെ നോട്ടൗട്ടായിരുന്നു. 55 ശരാശരിയിലും 183.33 സ്ട്രൈക്ക് റേറ്റിലും കാര്‍ത്തിക് 2022ല്‍ 330 റണ്‍സ് അടിച്ചുകൂട്ടി. ഫിനിഷറുടെ സ്ഥാനത്ത് ഇറങ്ങിയായിരുന്നു ഈ റണ്‍വേട്ട. പുറത്താവാതെ നേടിയ 66 ആയിരുന്നു ടോപ് സ്കോറര്‍. എന്നാല്‍ ഐപിഎല്ലിന്‍റെ പതിനാറാം സീസണില്‍ 9 കളികളില്‍ ഇറങ്ങിയ ദിനേശ് കാര്‍ത്തിക് 12.38 ശരാശരിയിലും 133.78 സ്‌ട്രൈക്ക് റേറ്റിലും 99 റണ്‍സ് മാത്രമേ ഇതുവരെ നേടിയിട്ടുള്ളൂ. 28 ആണ് ഉയര്‍ന്ന സ്കോര്‍. 

Latest Videos

undefined

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് എതിരായ കഴിഞ്ഞ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 18 റണ്‍സിന് വിജയിച്ചെങ്കിലും ഡികെ ബാറ്റിംഗില്‍ പരാജയമായി. ആറാമനായി ക്രീസിലെത്തിയ കാര്‍ത്തിക് 11 പന്തില്‍ 16 റണ്‍സുമായി റണ്ണൗട്ടായി. ഓരോ ഫോറും സിക്‌സറുമാണ് താരം നേടിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിക്ക് 20 ഓവറില്‍ 9 വിക്കറ്റിന് 126 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ എങ്കിലും ലഖ്‌നൗവിന്‍റെ മറുപടി ബാറ്റിംഗ് 19.5 ഓവറില്‍ 108ല്‍ അവസാനിച്ചു.  

Read more: യശസ്വി ജയ്‌സ്വാളും തിലക് വര്‍മ്മയും മാത്രമല്ല; ഇവരെല്ലാം ഐപിഎല്‍ 2023ലെ വാഗ്‌ദാനങ്ങള്‍

click me!