ബാറ്റിംഗ് തുടരാനാവാതെ റിട്ടയേര്ടഡ് ഹര്‍ട്ട് ആയി അദ്ദേഹം ഡഗ് ഔട്ടിലേക്ക് മടങ്ങി. പരിക്ക് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല
ഗുവാഹത്തി: രാജസ്ഥാൻ റോയല്‍സിനെ വെള്ളം കുടിപ്പിച്ച് വൻ സ്കോറിലേക്ക് കുതിക്കുന്നതിനിടെ പഞ്ചാബ് കിംഗ്സിന് കനത്ത തിരിച്ചടി. നായകൻ ശിഖര്‍ ധവാന്റെ ഷോട്ട് കൊണ്ട് വേദന കൊണ്ട് പുളഞ്ഞ ഭാനുക രാജപക്സെയ്ക്ക് ബാറ്റിംഗ് തുടരാനായില്ല. ആര് അശ്വിൻ എറിഞ്ഞ ഓവറിലായിരുന്നു സംഭവം. അശ്വിനെതിരെ സ്ട്രെയിറ്റ് ഷോട്ടിന് ധവാൻ ശ്രമിച്ചു. കനത്ത ഷോട്ട് നേര്‍ക്കു വന്നപ്പോള്‍ ഒഴിഞ്ഞ് മാറാൻ നോണ്‍ സ്ട്രൈക്കര്‍ എൻഡിലുണ്ടായിരുന്ന രജപക്സെ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല.
രജപക്സെയുടെ മുഖഭാവത്തില്‍ നിന്ന് അദ്ദേഹത്തിന് കടുത്ത വേദനയുണ്ടെന്ന് ഉറപ്പാണ്. ബാറ്റിംഗ് തുടരാനാവാതെ റിട്ടയേര്ടഡ് ഹര്‍ട്ട് ആയി അദ്ദേഹം ഡഗ് ഔട്ടിലേക്ക് മടങ്ങി. പരിക്ക് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. അതേസമയം, രാജസ്ഥാനും പഞ്ചാബും തമ്മിലുള്ള കളി പുരോഗമിക്കുമ്പോള്‍ അശ്വിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പന്തെറിയാനായെത്തി പാതി ആക്ഷനുമെടുത്ത ശേഷം അശ്വിൻ ഒന്ന് നിന്നു. പിന്നെ തിരിഞ്ഞ് ഒന്ന് നോക്കിയപ്പോഴേ നോണ്‍ സ്ട്രൈക്കര്‍ എൻഡില്‍ പുറത്തുണ്ടായിരുന്ന ശിഖര്‍ ധവാൻ വേഗം ക്രീസിനുള്ളിലേക്ക് കയറി.
undefined
അശ്വിൻ ധവാന് ഇനി പുറത്തിറങ്ങിയാല്‍ 'പണി കിട്ടും' എന്ന് മുന്നറിയിപ്പ് കൊടുത്തതായിരിക്കുമെന്നാണ് ആരാധകര്‍ വീഡിയോയോട് പ്രതികരിക്കുന്നത്. 2019ലെ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ് നായകന് കൂടിയായിരുന്ന അശ്വിന് ബട്ലറെ മങ്കാദിംഗിലൂടെ പുറത്താക്കിയതാണ് മുമ്പ് വലിയ ചര്‍ച്ചയായി മാറിയിരുന്നു. തുടര്‍ന്ന് കളിയുടെ മാന്യതക്ക് നിരക്കുന്ന നടപടിയല്ല അശ്വിന് ചെയ്തതെന്ന് ഇംഗ്ലീഷ് താരങ്ങള്‍ ആരോപിച്ചത് വിവാദത്തിന് ഇടയാക്കിയിരുന്നു.
സംഭവം നടന്ന് ഒരു വര്‍ഷത്തിനുശേഷം കൊവിഡിനെത്തുടര്‍ന്ന് രാജ്യത്ത് ആദ്യ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന അടിക്കുറിപ്പോടെ അശ്വിന് ബട്ലറെ മങ്കാദിംഗിലൂടെ പുറത്താക്കുന്ന ചിത്രം പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ അശ്വിനും ബട്ലറും രാജസ്ഥാന് വേണ്ടി ഒരുമിച്ചാണ് കളിക്കുന്നതെന്നുള്ളതാണ് ശ്രദ്ധേയം.