സീസണില്‍ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ് മോഹിത് ഇപ്പോഴുള്ളത്. ആദ്യമായി ഐപിഎല്ലില്‍ ബാറ്റ് ചെയ്യാനെത്തിയ താരം തന്നെ സിക്സിന് പറത്തിയത് മോഹിത്തിന് വിശ്വസിക്കാൻ പോലുമായില്ല
അഹമ്മദാബാദ്: ഐപിഎല്‍ കരിയറിലെ തന്‍റെ ആദ്യ സിക്സ് നേടി മുംബൈ ഇന്ത്യൻസ് താരം അർജുൻ ടെൻഡുല്‍ക്കര്‍. ആദ്യമായി ബാറ്റിംഗിന് അവസരം കിട്ടിയ താരം ഒമ്പതാമനായാണ് ക്രീസിലെത്തിയത്. ഒമ്പത് പന്ത് നേരിട്ട് 13 റണ്‍സാണ് അര്‍ജുൻ സ്വന്തമാക്കിയത്. ഇതില്‍ മോഹിത് ശര്‍മ്മയ്ക്കെതിരെയുള്ള സിക്സും ഉള്‍പ്പെടുന്നുണ്ട്. അവസാന ഓവര്‍ എറിയാനെത്തിയ മോഹിത് ശര്‍മയുടെ ആദ്യ പന്ത് തന്നെ അര്‍ജുൻ അതിര്‍ത്തി കടത്തി.
സീസണില്‍ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ് മോഹിത് ഇപ്പോഴുള്ളത്. ആദ്യമായി ഐപിഎല്ലില്‍ ബാറ്റ് ചെയ്യാനെത്തിയ താരം തന്നെ സിക്സിന് പറത്തിയത് മോഹിത്തിന് വിശ്വസിക്കാൻ പോലുമായില്ല. ഇത് താരത്തിന്‍റെ മുഖഭാവത്തില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍, തന്നെ സിക്സിന് പറത്തിയ അര്‍ജുന്‍റെ വിക്കറ്റ് അതേ ഓവറില്‍ തന്നെ നേടി മോഹിത് മറുപടി നല്‍കുകയും ചെയ്തു. അതേസമയം, മത്സരത്തില്‍ 55 റണ്‍സിന്‍റെ തോല്‍വിയാണ് മുംബൈ ഇന്ത്യൻസ് ഏറ്റുവാങ്ങിയത്.
undefined
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്‌ടത്തില്‍ 207 റണ്‍സെടുക്കുകയായിരുന്നു. ഡെത്ത് ഓവറുകളില്‍ വരിവരിയായി നിന്ന് മുംബൈ ബൗളര്‍മാര്‍ അടിവാങ്ങിയതാണ് ടൈറ്റന്‍സിനെ കൂറ്റന്‍ സ്കോറിലെത്തിയത്. ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍(34 പന്തില്‍ 56) ഫിഫ്റ്റി നേടിയ ശേഷം ഡെത്ത് ഓവറുകളില്‍ തകര്‍ത്തടിച്ച ഡേവിഡ് മില്ലറും(22 പന്തില്‍ 46), അഭിനവ് മനോഹറുമാണ്(21 പന്തില്‍ 42) ഗുജറാത്തിന് കരുത്തായത്.
അവസാന ഓവറുകളില്‍ രാഹുല്‍ തെവാട്ടിയ(5 പന്തില്‍ 20*) വെടിക്കെട്ടും ശ്രദ്ധേയമായി. ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 208 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈക്ക് 20 ഓവറില്‍ 9 വിക്കറ്റിന് 152 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 40 റണ്‍സെടുത്ത നെഹാല്‍ വധേരയാണ് ടോപ് സ്കോറർ. ടൈറ്റന്‍സിനായി നൂർ അഹമ്മദ് മൂന്നും റാഷിദ് ഖാനും മോഹിത് ശർമ്മയും രണ്ടും ഹാർദിക് പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി.