ഒടുവില്‍ 38 പന്തില്‍ 54 റണ്‍സാണ് താരം നേടിയത്. ഏഴ് ഫോറും ഒരു സിക്സും പായിക്കാനും പൃഥ്വി ഷായ്ക്ക് സാധിച്ചു.
ധരംശാല: ഐപിഎല്‍ 2023 സീസണില്‍ ഒടുവില്‍ തിളങ്ങി ഡല്‍ഹി ക്യാപിറ്റല്‍സ് താരം പൃഥ്വി ഷാ. ഈ സീസണില്‍ ആദ്യ ഘട്ടത്തില്‍ ആറ് മത്സരങ്ങളില്‍ കളിച്ച താരത്തിന് 47 റണ്‍സ് മാത്രമാണ് നേടാൻ സാധിച്ചിരുന്നത്. ഇതോടെ താരത്തെ ടീമില്‍ നിന്ന് പുറത്താക്കിയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ പൃഥ്വി ഷാ പവര്‍ പ്ലേയില്‍ അടക്കം മികവ് കാട്ടി മുന്നോട്ട് കുതിച്ചു. ഒടുവില്‍ 38 പന്തില്‍ 54 റണ്‍സാണ് താരം നേടിയത്. ഏഴ് ഫോറും ഒരു സിക്സും പായിക്കാനും പൃഥ്വി ഷായ്ക്ക് സാധിച്ചു.
ഡല്‍ഹി ക്യാപിറ്റല്‍സ് ഇതിനകം ഐപിഎല്ലില്‍ നിന്ന് പുറത്തായി കഴിഞ്ഞു. ആഭ്യന്തര സീസണില്‍ മിന്നുന്ന പ്രകടനത്തിന് ശേഷം ഐപിഎല്ലിലേക്ക് എത്തിയ താരത്തില്‍ നിന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ഒരുപാട് പ്രതീക്ഷിച്ചിരുന്നു. രഞ്ജി ട്രോഫിയില്‍ 10 ഇന്നിംഗ്‌സില്‍ 59.50 ശരാശരിയിലും 92.39 സ്ട്രൈക്ക് റേറ്റിലും 595 റണ്‍സ് ഷാ നേടിയിരുന്നു. അസമിനെതിരെ ട്രിപ്പിള്‍ സെഞ്ചുറി(379) നേടി.
undefined
രഞ്ജി ട്രോഫി ചരിത്രത്തിലെ ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറുമായിരുന്നു ഇത്. സയിദ് മുഷ്‌താഖ് അലി ട്രോഫിയില്‍ 2022-23 സീസണിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനുമായിരുന്നു പൃഥ്വി ഷാ. 181.42 സ്ട്രൈക്ക് റേറ്റില്‍ 332 റണ്‍സ് നേടി. ഇത്രയും മികച്ച പ്രകടനത്തിന് ശേഷം ഐപിഎല്ലില്‍ എത്തിയ ഷാ തീര്‍ത്തും നിരാശപ്പെടുത്തുകയായിരുന്നു. പൃഥ്വിയെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കുക എന്നത് ബുദ്ധിമുട്ടാണെങ്കിലും അങ്ങനെ ചെയ്യേണ്ടിവന്നതാണെന്ന് റിക്കി പോണ്ടിംഗിന് വരെ പറയേണ്ടി വന്നു. ഈ സീസണില്‍ മാത്രമല്ല, കഴിഞ്ഞ സീസണില്‍ അവസാനം കളിച്ച അഞ്ചോ ആറോ മത്സരങ്ങളിലും അവന്‍റെ പ്രകടനം മോശമായിരുന്നു.
കഴിഞ്ഞ സീസണിലെയും ഈ സീസണിലെയും കണക്കെടുത്താല്‍ 13 മത്സരങ്ങളായി ഒരു അര്‍ധസെഞ്ചുറി പോലും ഓപ്പണറായി ഇറങ്ങി അവന്‍ അടിച്ചിട്ടില്ല. ഈ സീസണില്‍ കളിച്ച ആറ് കളികളില്‍ 40 റണ്‍സോ മറ്റോ ആണ് അവനാകെ അടിച്ചതെന്നും പോണ്ടിംഗ് ചൂണ്ടിക്കാട്ടി. ഇതോടെ താരത്തിന് ഇനി ടീമില്‍ അവസരം ലഭിക്കുന്ന കാര്യം സംശയത്തിലായിരുന്നു. എന്നാല്‍, ഒടുവിലാണെങ്കിലും ലഭിച്ച അവസരത്തില്‍ മികവിലേക്ക് ഉയരാൻ താരത്തിന് സാധിച്ചതോടെ സന്തോഷത്തിലാണ് ആരാധകര്‍.