ആ രണ്ട് ടീമും പ്ലേ ഓഫിലെത്തിയില്ലെങ്കില്‍ അത്ഭുതമൊന്നുമില്ല, തുറന്നു പറഞ്ഞ് ആകാശ് ചോപ്ര

By Web Team  |  First Published Apr 2, 2023, 12:56 PM IST

കൊല്‍ക്കത്തക്കും പഞ്ചാബിനും ഈ സീസണില്‍ പരിഹരിക്കേണ്ടതായ ഒരുപാട് പ്രശ്നങ്ങളുണ്ട്. പഞ്ചാബ് ജയിച്ചു തുടങ്ങിയെങ്കിലും അവരുടെ മുന്നോട്ടുള്ള പോക്ക് 50-50 ആണ്. കൊല്‍ക്കത്തയുടെയും കാര്യം അങ്ങനെ തന്നെയാണ്.


മൊഹാലി: ഐപിഎല്ലില്‍ ആദ്യ റൗണ്ട് പോരാട്ടങ്ങള്‍ പോലും പൂര്‍ത്തിയാകും മുമ്പെ രണ്ട് ടീമുകളുടെ ഭാവി പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഇന്നലെ ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെയും പഞ്ചാബ് കിംഗ്സിന്‍റെയും മുന്നോട്ടുള്ള പോക്ക് ദുഷ്കരമായിരിക്കുമെന്നാണ് ആകാശ് ചോപ്രയുടെ പ്രതികരണം. ഇന്നലെ നടന്ന മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത ഏഴ് റണ്‍സിന് തോറ്റിരുന്നു. മഴ കളി മുടക്കിയതിനാല്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു പഞ്ചാബിന്‍റെ ജയം. കൊല്‍ക്കത്ത 16 ഓവറില്‍ 146-7ല്‍ നില്‍ക്കെയാണ് മഴമൂലം കളി മുടങ്ങിയത്.

കൊല്‍ക്കത്തക്കും പഞ്ചാബിനും ഈ സീസണില്‍ പരിഹരിക്കേണ്ടതായ ഒരുപാട് പ്രശ്നങ്ങളുണ്ട്. പഞ്ചാബ് ജയിച്ചു തുടങ്ങിയെങ്കിലും അവരുടെ മുന്നോട്ടുള്ള പോക്ക് 50-50 ആണ്. കൊല്‍ക്കത്തയുടെയും കാര്യം അങ്ങനെ തന്നെയാണ്. ഈ രണ്ട് ടീമുകളിലൊന്ന് പ്ലേ ഓഫിലെത്തിയിരുന്നെങ്കില്‍ എന്ന് എനിക്കാഗ്രഹമുണ്ട്. പക്ഷെ ഈ രണ്ട് ടീമുകളും പ്ലേ ഓഫിലെത്തിയില്ലെങ്കിലും എനിക്ക് അത്ഭുതമൊന്നുമില്ല-ആകാശ് ചോപ്ര പറഞ്ഞു.

Latest Videos

'ദൈവത്തിന്റെ പോരാളികൾ തോറ്റുകൊണ്ടേ തുടങ്ങാറുള്ളൂ'; മുംബൈ ആരാധക‍ർ ഇത് വെറുതെ പറയുന്നതല്ല, കാരണം

പഞ്ചാബിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്തയുടെ ബൗളിംഗ് ശരാശരിയായിരുന്നു. ഉമേഷ് യാദവ് നന്നായി പന്തെറിഞ്ഞെങ്കിലും റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കൊന്നും കാട്ടിയില്ല. ടിം സൗത്തിയും സുനില്‍ നരെയ്നുമായിരുന്നു ഏറ്റവും കൂടുതല്‍ നിരാശപ്പെടുത്തിയത്. ആന്ദ്രെ റസലാകട്ടെ പന്തെറിഞ്ഞതുമില്ല. നരെയ്നിന്‍റെ ബൗളിംഗിന് പഴയ മൂര്‍ച്ചയില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.

മഴ കാരണമാണ് കൊല്‍ക്കത്ത കളി തോറ്റതെന്ന് പറയാനാവില്ല. നാലോവറില്‍ 46 റണ്‍സ് മതിയായിരുന്നെങ്കിലും അവര്‍ക്ക് മൂന്ന് വിക്കറ്റ് മാത്രമായിരുന്നു ശേഷിച്ചിരുന്നതെന്നും ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. ഈ മാസം ആറിന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം.അഞ്ചിന് രാജസ്ഥാന്‍ റോയല്‍സിനെതിരെ ആണ് പഞ്ചാബ് കിംഗ്സിനെതിരായ അടുത്ത മത്സരം.

 

click me!