ചെന്നൈയുടെ അപരാജിത കുതിപ്പിന് കടിഞ്ഞാണിട്ട് ഹൈദരാബാദ്

By Web Team  |  First Published Apr 17, 2019, 11:30 PM IST

ചെന്നൈ ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ ഹൈദരാബാദിന് വാര്‍ണറും ബെയര്‍സ്റ്റോയും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്.


ഹൈദരാബാദ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ അപരാജിത കുതിപ്പിന് കടിഞ്ഞാണിട്ട് സണ്‍റൈസേഴ്സ് ഹൈദരാബാദ്. തുടര്‍ച്ചയായ മൂന്ന് പരാജയങ്ങള്‍ക്കുശേഷം ചെന്നൈയെ ആറ് വിക്കറ്റിന് കീഴടക്കി ഹൈദരാബാദ് വിജയവഴിയില്‍ തിരിച്ചെത്തി. ചെന്നൈ ഉയര്‍ത്തിയ 133 റണ്‍സിന്റെ വിജയലക്ഷ്യം ആറ് വിക്കറ്റുകളും 19 പന്തും ബാക്കി നിര്‍ത്തി ഹൈദരാബാദ് മറികടന്നു. സ്കോര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 132/5, സണ്‍റൈസേഴ്സ് ഹൈദരാബാദ് 16.5 ഓവറില്‍ 137/4. ജയത്തോടെ ഹൈദരാബാദ് പോയന്റ് പട്ടികയില്‍ കൊല്‍ക്കത്തയെ പിന്തള്ളി അഞ്ചാം സ്ഥാനത്തേക്ക് കയറി.

ചെന്നൈ ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ ഹൈദരാബാദിന് വാര്‍ണറും ബെയര്‍സ്റ്റോയും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ 5.4 ഓവറില്‍ 66 റണ്‍സാണ് ഇരുവരും അടിച്ചുകൂട്ടിയത്. ഇതില്‍ 50 റണ്‍സും വാര്‍ണറുടെ വകയായിരുന്നു. 25 പന്തില്‍ 50 റണ്‍സടിച്ച വാര്‍ണര്‍ പുറത്തായശേഷം വില്യാംസണ്‍(3), വിജയ് ശങ്കര്‍(7), ദീപക് ഹൂഡ(13) എന്നിവരെ ഹൈദരാബാദിന് പെട്ടെന്ന് നഷ്ടമായെങ്കിലും ബെയര്‍സ്റ്റോയുടെ പോരാട്ടവീര്യം ഹൈദരാബാദിന് തുണയായി. 44 പന്തില്‍ 61 റണ്‍സുമായി ബെയര്‍സ്റ്റോ പുറത്താകാതെ നിന്നു.

Latest Videos

undefined

നേരത്തെ 2010നുശേഷം ആദ്യമായി ധോണിയില്ലാതെ ഇറങ്ങിയ ചെന്നൈക്ക് 20 ഓവറില്‍ അ‌ഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഓപ്പണിംഗ് വിക്കറ്റില്‍ ഫാഫ് ഡൂപ്ലെസിയും ഷെയ്ന്‍ വാട്സണും ചേര്‍ന്ന് പത്തോവറില്‍ 79 റണ്‍സടിച്ചശേഷമാണ് ചെന്നൈ 132ല്‍ ഒതുങ്ങിയത്. അവസാന പത്തോവറില്‍ 52 റണ്‍സ് മാത്രമാണ് ചെന്നൈ നേടിയത്.

29 പന്തില്‍ 31 റണ്‍സെടുത്ത വാട്സന്റെ വിക്കറ്റാണ് ചെന്നൈക്ക് ആദ്യം നഷ്ടമായത്. തൊട്ടുപിന്നാലെ ടോപ് സ്കോററായ ഡൂപ്ലെസിയെ(45) മടക്കി വിജയ് ശങ്കര്‍ ചെന്നൈയുടെ കുതിപ്പിന് കടിഞ്ഞാണിട്ടു. ധോണിക്ക് പകരം ക്യാപ്റ്റനായ സുരേഷ് റെയ്ന 13 പന്തില്‍ 13 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ കേദാര്‍ ജാദവ് ഒരു റണ്ണിനും സാം ബില്ലിംഗ്സ് പൂജ്യത്തിനും പുറത്തായി. വിക്കറ്റ് നഷ്ടമില്ലാതെ 79ലെത്തിയ ചെന്നൈ 101/5 ലേക്ക് കൂപ്പുകുത്തിയതോടെ സ്കോറിംഗ് വേഗം ഒച്ചിഴയും വേഗത്തിലായി.

അവസാന ഓവറുകളില്‍ നിയന്ത്രണത്തോടെ പന്തെറിഞ്ഞ ഹൈദരാബാദ് ബൗളര്‍മാര്‍ അംബാട്ടി റായുഡുവിനെയും(21 പന്തില്‍ 25 നോട്ടൗട്ട്), രവീന്ദ്ര ജഡേജയെയും(20 പന്തില്‍ 10) അടിച്ചു തകര്‍ക്കാന്‍ അനുവദിച്ചതുമില്ല. ഹൈദരാബാദിനായി റഷീദ് ഖാന്‍ നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തപ്പോള്‍, വിജയ് ശങ്കര്‍, ഖലീല്‍ അഹമ്മദ്, ഷഹബാസ് നദീം എന്നിവര്‍ ഓരോ വിക്കറ്റ വീതം വീഴ്ത്തി.

click me!