'ഒരു ബാറ്റ്സ്‌മാന്‍റെ മികവ് മനസിലാക്കാന്‍ ബാറ്റിംഗ് ആവറേജാണ് കാലങ്ങളായി വിലയിരുത്തിയിരുന്നത്. എന്നാല്‍ ക്രിക്കറ്റ് ചെറിയ ഫോര്‍മാറ്റിലേക്ക് രൂപാന്തരപ്പെട്ടതോടെ സ‌്ട്രൈക്ക് റേറ്റിന്‍റെ പ്രധാന്യം വര്‍ദ്ധിച്ചു'.
മുംബൈ: ടി20 ക്രിക്കറ്റില്‍ ബാറ്റിംഗ് ശരാശരിയേക്കാള്‍ പ്രധാന്യം സ്‌ട്രൈക്ക് റേറ്റിന് ആണെന്ന് കമന്‍റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ. ഒരു ബാറ്റ്സ്‌മാന്‍റെ മികവ് മനസിലാക്കാന്‍ ബാറ്റിംഗ് ആവറേജാണ് കാലങ്ങളായി വിലയിരുത്തിയിരുന്നത്. എന്നാല്‍ ക്രിക്കറ്റ് ചെറിയ ഫോര്‍മാറ്റിലേക്ക് രൂപാന്തരപ്പെട്ടതോടെ സ‌്ട്രൈക്ക് റേറ്റിന്‍റെ പ്രധാന്യം വര്‍ദ്ധിച്ചു. ബാറ്റിംഗ് ആവറേജ് മാത്രം നോക്കി കളിച്ചാല്‍ ടി20യില്‍ മത്സരഫലം നന്നാകണമെന്നില്ലെന്നും വിഖ്യാത കമന്‍റേറ്റര്‍ ഒരു ദേശീയ മാധ്യമത്തിലെഴുതി.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മത്സരം ഇതിന് ഉദാഹരണമാണെന്നും ഭോഗ്‌ലെ കുറിച്ചു. ചെന്നൈ മുന്നോട്ടുവെച്ച 161 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിംഗ്‌സ് ഇലവന്‍റെ പോരാട്ടം 138/5 എന്ന സ്‌കോറില്‍ അവസാനിക്കുകയായിരുന്നു. കെ എല്‍ രാഹുലും(55) സര്‍ഫ്രാസ് ഖാനും(67) അര്‍ദ്ധ സെഞ്ചുറി നേടിയപ്പോഴായിരുന്നു ഇത്.
'ഏഴ് റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയില്‍ ക്രീസില്‍ ഒന്നിച്ച ഇരുവരും 106 പന്തില്‍ 122 റണ്‍സെടുത്തു. 115 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. ബാറ്റിംഗ് ആവറേജ് കൊള്ളാം. എന്നാല്‍ മത്സരം കിംഗ്‌സ് ഇലവന്‍ തോല്‍ക്കുന്നതിലാണ് കാര്യങ്ങള്‍ അവസാനിച്ചതെന്നും' ഹര്‍ഷ ഭോഗ്‌ലെ വ്യക്തമാക്കി.