ചെന്നൈയെ വീഴ്ത്തി നാണക്കേട് ഒഴിവാക്കി പ‍ഞ്ചാബ്

By Web Team  |  First Published May 5, 2019, 7:39 PM IST

ലോകേഷ് രാഹുലിന്റെ വെടിക്കെട്ട് ഇന്നിംഗ്സാണ് ചെന്നൈക്കെതിരെ പഞ്ചാബിന്റെ ജയം അനായാസമാക്കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ രാഹുല്‍-ഗെയ്ല്‍ സഖ്യം 10.3 ഓവറില്‍ 108 റണ്‍സടിച്ചു.


ചണ്ഡീഗഡ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ആറ് വിക്കറ്റിന് കീഴടക്കി കിംഗ്സ് ഇലവന്‍ പഞ്ചാബ് പോയന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരെന്ന ചീത്തപ്പേര് ഒഴിവാക്കി. അതേസമയം, തോറ്റെങ്കിലും നെറ്റ് റണ്‍റേറ്റില്‍ ചെന്നൈ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ചെന്നൈ ഉയര്‍ത്തിയ 171 റണ്‍സിന്റെ വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തില്‍ രണ്ടോവര്‍ ബാക്കി നില്‍ക്കെ പഞ്ചാബ് മറികടന്നു. സ്കോര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 170/5, കിംഗ്സ് ഇലവന്‍ പഞ്ചാബ് 18 ഓവറില്‍ 173/4.

ലോകേഷ് രാഹുലിന്റെ വെടിക്കെട്ട് ഇന്നിംഗ്സാണ് ചെന്നൈക്കെതിരെ പഞ്ചാബിന്റെ ജയം അനായാസമാക്കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ രാഹുല്‍-ഗെയ്ല്‍ സഖ്യം 10.3 ഓവറില്‍ 108 റണ്‍സടിച്ചു. പതിവില്‍ നിന്ന് വ്യത്യസ്തനായി ഗെയ്ല്‍ ശാന്തനായി നിലയുറപ്പിച്ചപ്പോള്‍ രാഹുലായിരുന്നു പഞ്ചാബിന്റെ പ്രധാന സ്കോറര്‍. 36 പന്തില്‍ 71 റണ്‍സടിച്ച രാഹുല്‍ പുറത്തായതിന് തൊട്ടുപിന്നാലെ ഗെയ്‌ലും വീണു. 28 പന്തില്‍ 28 റണ്‍സായിരുന്നു ഗെയ്‌ലിന്റെ സമ്പാദ്യം. നിക്കോളാസ് പൂരന്‍(22 പന്തില്‍ 36)മന്‍ദീപ് സിംഗ്(11 നോട്ടൗട്ട്), സാം കറന്‍(6 നോട്ടൗട്ട്) എന്നിവര്‍ ചേര്‍ന്ന് പഞ്ചാബിന്റെ വിജയം പൂര്‍ത്തിയാക്കി. വിജയത്തോടെ പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തു നിന്ന് പഞ്ചാബ് ആറാം സ്ഥാനത്തേക്ക് കയറി. ചെന്നൈക്കായി നാലോവറിര്‍ 57 റണ്‍സ് വഴങ്ങിയ ഹര്‍ഭജന്‍ സിംഗ് മൂന്ന് വിക്കറ്റെടുത്തു.

Latest Videos

undefined

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഫാഫ് ഡൂപ്ലെസിയുടെയും സുരേഷ് റെയ്നയുടെയും അര്‍ധസെഞ്ചുറികളുടെ മികവിലാണ് മികച്ച സ്കോര്‍ കുറിച്ചത്.ഷെയ്ന്‍ വാട്സണ്‍(7) പതിവുപോലെ നിരാശപ്പെടുത്തിയെങ്കിലും ഡൂപ്ലെസിയും റെയ്നയും അടിച്ചുതകര്‍ത്തതോടെ ചെന്നൈ വലിയ സ്കോറിലേക്ക് കുതിച്ചു. പതിനാറാം ഓവറില്‍ 150ല്‍ എത്തിയ ചെന്നൈക്ക് പക്ഷെ അവസാന നാലോവറില്‍ അടിച്ചുതകര്‍ക്കാനായില്ല. റെയ്നയെ(38 പന്തില്‍ 53) സാം കറന്‍ പുറത്താക്കിയശേഷം ഒന്നിന് പുറകെ ഒന്നായി വിക്കറ്റുകള്‍ നഷ്ടമായത് ചെന്നൈയുടെ സ്കോറിംഗ് വേഗം കുറച്ചു.

55 പന്തില്‍ 96 റണ്‍സെടുത്ത ഡൂപ്ലെസിയും പതിനെട്ടാം ഓവറില്‍ വീണു. അവസാന ഓവറില്‍ ധോണിക്കും(12 പന്തില്‍ 10 നോട്ടൗട്ട്) കാര്യമായി ഒന്നും ചെയ്യാനായില്ല. പഞ്ചാബിനായി ഷമി 17 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍ സാം കറന്‍ 35 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.

click me!