ഐപിഎല്‍ ഫൈനല്‍ ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് മാറ്റുമെന്ന മുന്നറിയിപ്പുമായി ബിസിസിഐ.
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 12-ാം എഡിഷന്‍ ഫൈനല്‍ ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് മാറ്റുമെന്ന മുന്നറിയിപ്പുമായി ബിസിസിഐ. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലെ മൂന്ന് സ്റ്റാന്‍ഡുകള്‍ക്ക് ചെന്നൈ കോര്‍പ്പറേഷന്‍റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതാണ് കാരണം. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാന്‍ ഒരാഴ്‌ചത്തെ സമയം തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന് ബിസിസിഐ നല്‍കി.
മെയ് 12നാണ് ഐപിഎല്‍ ഫൈനല്‍. ചെപ്പോക്കിലെ ഒഴിഞ്ഞ സ്റ്റാന്‍ഡുകള്‍ 2012 മുതലുള്ള പ്രശ്‌നമാണ്. 2012 ഡിസംബറില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ മാത്രമാണ് ഈ സ്റ്റാന്‍ഡുകളില്‍ കാണികളെ അനുവദിച്ചത്. മൂന്ന് സ്റ്റാന്‍ഡുകളിലുമായി 12,000 കാണികള്‍ക്കുള്ള സൗകര്യമാണുള്ളത്. ഐപിഎല്ലില്‍ പ്ലേ ഓഫ് യോഗ്യത നേടുകയാണെങ്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഹോം ആനുകൂല്യം നഷ്ടമാകുന്നത് കാണാനാഗ്രഹമില്ലെന്ന് ഒരു ബിസിസിഐ ഒഫീഷ്യല്‍ പിടിഐയോട് പറഞ്ഞു.
സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാന്‍ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന് ഒരാഴ്‌ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനിടയില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടാനായില്ലെങ്കില്‍ ഫൈനല്‍ ഹൈദരാബാദിലേക്കും പ്ലേ ഓഫും എലിമിനേറ്ററും ബെംഗളൂരുവിലേക്കും മാറ്റുമെന്നും ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.